സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്.
1999 ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. എന്നാൽ, അതിനും വർഷങ്ങൾക്ക് മുൻപ് ബാലതാരമായി സംയുക്ത ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർഗം’ എന്ന ചിത്രത്തിലാണ് സംയുക്ത ബാലതാരമായി എത്തിയത്. ചിത്രത്തിന്റെ തുടക്കത്തിൽ ഒരു ക്ലാസ് മുറി കാണിക്കുന്നുണ്ട്, ആ സീനിൽ നന്ദിനി എന്ന കുട്ടിയെ അവതരിപ്പിക്കുന്നത് സംയുക്തയാണ്. ടീച്ചർ പേരു വിളിക്കുമ്പോൾ ഹാജർ പറയുന്നതായിരുന്നു സംയുക്തയ്ക്ക് ആദ്യം ലഭിച്ച സീൻ.


തന്റെ പന്ത്രണ്ടാം വയസ്സിലാണ് സംയുക്ത സർഗ്ഗത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിന് നിമിത്തമായതോ സംയുക്തയുടെ അമ്മയുടെ സഹോദരിയും നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയും. സർഗ്ഗത്തിൽ ഊർമ്മിള ഉണ്ണിയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
എന്നാൽ പിന്നീട് ഒരു ചിത്രത്തിലും ബാലതാരമായി സംയുക്ത അഭിനയിച്ചില്ല. വർഷങ്ങൾക്കു ശേഷം കേരളവർമ്മ കോളേജിൽ പഠിക്കുമ്പോഴാണ് സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.
വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വേർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത വേഷമിട്ടു.

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സംയുക്ത സ്വന്തമാക്കി. തൊട്ടടുത്ത വർഷം മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ ചിത്രങ്ങളായിരുന്നു സംയുക്തയെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയത്.
Read more: ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു? സംയുക്ത വർമയുടെ മറുപടി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.
താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?.”