Kerala State Film Awards 2018:  മികവു കൊണ്ട് മലയാള സിനിമയെ അടയാളപ്പെടുത്തിയ പ്രതിഭകളെയും സിനിമകളെയും കണ്ടെത്തി ആദരിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് വേണ്ടി കേരളം തയ്യാറെടുക്കുകയാണ്. 2018ലെ പുരസ്കാര നിര്‍ണ്ണയത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഇന്നലെ വന്നൊരു വാർത്തയാണ് ഇപ്പോള്‍ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്.

കമൽ സംവിധാനം ചെയ്ത ‘ആമി’യും വേണു സംവിധാനം ചെയ്ത്, ബീനാ പോൾ എഡിറ്റിംഗ് നിർവ്വഹിച്ച ‘കാർബണും’ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണന പട്ടികയിൽ നിന്നും പിൻവലിക്കണമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ ഓഫീസിൽ നിന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.  അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍പേര്‍സണ്‍ ബീനാ പോളും പുരസ്കാരങ്ങളുടെ തെരഞ്ഞെടുപ്പിനും പുരസ്കാരദാന ചടങ്ങുകള്‍ക്കും ചുമതലയുള്ള ചലച്ചിത്ര അക്കാദമിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് എന്നതു കൊണ്ടു കൂടിയാണ് ഇത്തരമൊരു നിർദ്ദേശം.

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി നിരൂപകരാലും പ്രേക്ഷകരാലുമൊക്കെ പ്രകീർത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ‘കാർബൺ’. കാഴ്ചയ്ക്ക് അപ്പുറം പുനർകാഴ്ചകൾക്കും പുനർവിചിന്തനങ്ങൾക്കുമൊക്കെ പ്രേരിപ്പിക്കുന്ന, പല ലെയറുകളുള്ള സിനിമാസ്വാദനം സമ്മാനിച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്ന ‘കാർബൺ’, ഫഹദ് ഫാസിലിന്റെ ഉജ്ജ്വലമായ പെർഫോമൻസിനാൽ ശ്രദ്ധേയമായി.

ഫഹദിന്റെ അഭിനയമികവ്, ‘കാർബൺ’ മുന്നോട്ടു വയ്ക്കുന്ന കഥാപരിസരം ഈ ഘടകങ്ങൾക്കൊപ്പം തന്നെ ചിത്രത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു സാന്നിധ്യം ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് രാജ്യത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻമാർ കൂടിയാണ്. വിഖ്യാതനായ ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ കെ യു മോഹനന്‍ എത്രയോ വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയത് ‘കാർബണി’ലൂടെയാണ്. ‘കാർബണി’ലെ മറ്റൊരു പ്രൗഢസാന്നിധ്യം സംഗീതമൊരുക്കിയ വിശാൽ ഭരദ്വാജ് ആണ്.

എണ്ണം പറഞ്ഞ ഈ സിനിമാപ്രവർത്തകർ കൂടിയാണ് ചിത്രത്തിൽ എഡിറ്റര്‍ ആയി ബീനാ പോൾ പ്രവർത്തിച്ചു എന്നതിന്റെയും പേരിൽ മാറ്റി നിര്‍ത്തപ്പെടുന്നത്. അവാർഡിന് തന്നെ മുതൽക്കൂട്ടാവുന്ന പേരുകളാണ് ഇത്തരത്തില്‍ അക്കാദമി നിയമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും പേരിൽ പരിഗണിക്കപ്പെടാതെ പോകുന്നത്.

Read more: കാര്‍ബണ്‍: നക്ഷത്ര സ്വപ്നം കടന്ന് ജീവിതപ്പച്ചയിലേക്ക്

“ഞാനിന്നലെ മാത്രമാണ് ഈ നിർദ്ദേശത്തെ കുറിച്ചറിയുന്നത്. കൂടുതലൊന്നും അറിയില്ല. നിർമ്മാതാക്കളുടെ നിലപാടുകളെ കുറിച്ചും അറിയില്ല. ഈ ചിത്രത്തിൽ എഡിറ്റർ എന്നൊരു ചെറിയൊരു റോളല്ലേ ഞാൻ ചെയ്തുള്ളൂ. അണിയറയിലും ക്യാമറയ്ക്കു മുന്നിലും നിരവധിയാളുകൾ സിനിമയ്ക്കു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. എന്താണ് അവരുടെ തീരുമാനം എന്നറിയില്ല,”  ബീനാ പോൾ പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമിയിൽ ഉദ്യോഗസ്ഥയായി ഇരിക്കെ തന്നെയാണ് മുൻപത്തെ രണ്ട് സംസ്ഥാന അവാർഡുകൾ ലഭിച്ചിരിക്കുന്നത് ബീനയ്ക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. അതിൽ നിന്നു കൂടിയാണ് ഇത്തവണ വ്യതിചലിച്ചിരിക്കുന്നത്. ഇത്തരം സാങ്കേതികതകൾ വരുമ്പോൾ സാധാരണ ആ വ്യക്തിയെ മാത്രം പരിഗണനയില്‍ നിന്നും മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരു ചിത്രം മുഴുവനായി മാറ്റിനിർത്തപ്പെടുന്നു എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്.

‘കാർബണിന്’ വന്ന പ്രശംസകളില്‍ നിന്നും വ്യത്യസ്തമായി, സമ്മിശ്ര പ്രതികരണള്‍ ഉളവാക്കിയ ചിത്രമായിരുന്നു ‘ആമി’. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ ഒരുക്കിയ ചിത്രം മഞ്ജു വാര്യരുടെ കരിയറിലെ നിർണായകമായ വേഷങ്ങളിലൊന്നായിരുന്നു.  അത് പോലെ തന്നെ, സിനിമ നിരൂപണം ചെയ്യപ്പെട്ടപ്പോൾ തന്നെ എടുത്തു പറയപ്പെട്ട ഒന്നായിരുന്നു ചിത്രത്തിന്റെ സംഗീതം. ശ്രേയ ഘോഷാൽ, റഫീക്ക് അഹമ്മദ്, എം ജയചന്ദ്രൻ എന്നിവരുടെ മികവിനെ രേഖപ്പെടുത്തിയ പാട്ടുകൾ കൂടിയായിരുന്നു ‘ആമി’യിലേത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിന്റെ പ്രതികരണത്തിനായി  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഫോണ്‍ ലഭ്യമായില്ല.

Read More: ആമി: മഞ്ജു വാര്യർക്കായി കാലം കാത്തുവച്ച കഥാപാത്രം

അക്കാദമിയ്ക്ക് മുന്നിലെത്തിയ സാംസ്കാരിക വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് അവാർഡ് നിർണയം മുന്നോട്ടു പോവുന്നതെങ്കിൽ, ഓരങ്ങളിലേക്ക് ഒതുക്കപ്പെടുന്ന പ്രതിഭകളുടെ പട്ടികയിലേക്ക് ഈ പേരുകളും എഴുതി ചേർക്കേണ്ടി വരും.  സിനിമാ രംഗത്തിന് പ്രോത്സാഹനവും ഊര്‍ജ്ജവുമായി നിലകൊള്ളേണ്ട സംസ്ഥാന അവാര്‍ഡ്‌, അതിന്റെ ‘കോര്‍ പര്‍പസി’ല്‍ നിന്നും വ്യതിചലിക്കുകയും ചെയ്യും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook