/indian-express-malayalam/media/media_files/uploads/2022/03/film-academy-chairman-ranjith-on-dileep-controversy-630327-FI.jpg)
തിയേറ്റർ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡിയ്ക്കിടെ നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും ഒന്നിച്ച് വേദി പങ്കിട്ടത് വാർത്താപ്രാധാന്യം നേടുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും ഫിയോക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്.
ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും ദിലീപ് അല്ല തന്നെ ക്ഷണിച്ചതെന്നും പരിപാടിയ്ക്ക് ശേഷം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. "ഇവിടുത്തെ തിയേറ്റർ ഉടമകളുടെ സംഘടനയാണ് ഫിയോക്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആവുന്നതിനു മുൻപും തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല."
ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത് കൊച്ചിയിലെത്തിയത്.
അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അതിജീവിത പങ്കെടുത്തപ്പോൾ 'പോരാട്ടത്തിന്റെ പെൺപ്രതീകം' എന്ന് വിശേഷിപ്പിച്ചാണ് രഞ്ജിത് അതിജീവിതയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാൽ അതിനു പിന്നാലെ, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായി റിമാൻഡിൽ കഴിഞ്ഞ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമര്‍ശനങ്ങൾ ഉയർന്നു. തുടർന്ന്, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് എവിടെയെങ്കിലും സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും രഞ്ജിത്ത് വിശദീകരിച്ചിരുന്നു.
സംഘടനയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തുക ഉൾപ്പെടെയുള്ള തീരുമാനം എടുക്കാനാണ് ഫിയോക് ഇന്ന് കൊച്ചിയിൽ ജനറൽ ബോഡി ചേർന്നിരിക്കുന്നത്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും അതാത് സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടവും നീക്കം ചെയ്തേക്കും. 2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
ജനറൽ ബോഡി കൊച്ചിയിൽ നടന്നു വരികയാണ്. ജനറൽ ബോഡി തീരുമാനങ്ങൾ വൈകിട്ട് നാലു മണിയോടെ ഫിയോക് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.