മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സ്വാസിക വിജയ്. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ നിർത്താതെ എത്തുന്ന ഫോൺ കോളുകൾക്കും മെസേജുകൾക്കും അനുമോദനങ്ങൾക്കും നടുവിലാണ് സ്വാസിക. “സുഖമുള്ളൊരു തിരക്ക് എന്നൊക്കെ പറയുന്ന ഒരവസ്ഥയിലാണ് ഞാനിപ്പോൾ,” പുരസ്കാരവിശേഷങ്ങളും അഭിനയജീവിതത്തിലെ വേറിട്ട അനുഭവങ്ങളുമെല്ലാം ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുന്നതിനിടയിൽ സ്വാസിക പറഞ്ഞു.
ഭാഗ്യവും ദൗർഭാഗ്യവും ഉയർച്ച താഴ്ചകളുമൊക്കെയായി ഒരു റോളർകോസ്റ്റർ യാത്രയെന്നാണ് തന്റെ അഭിനയജീവിതത്തെ സ്വാസിക വിശേഷിപ്പിക്കുന്നത്. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചശേഷമാണ് സ്വാസിക മലയാളത്തിലേക്ക് എത്തുന്നത്. സിനിമയിൽ ക്ലച്ച് പിടിക്കാതെയായപ്പോൾ മിനിസ്ക്രീനിലും സീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടെ വല്ലപ്പോഴും സിനിമകളിൽ മുഖം കാണിച്ചു. എന്നാൽ സ്വാസികയിലെ നടിയ്ക്ക് തകർത്ത് പെർഫോം ചെയ്യാനുള്ള വേദിയൊരുക്കി കൊണ്ടാണ് ‘വാസന്തി’ എന്ന ചിത്രത്തിലേക്ക് അവസരം വന്നത്. ആ അവസരമാവട്ടെ, സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം സ്വാസികയ്ക്ക് നേടി കൊടുക്കുകയും ചെയ്തു.
“എന്റെ കാര്യത്തിൽ എല്ലാം റിവേഴ്സ് ആയാണ് സംഭവിക്കാറുള്ളത്. ഒരു പത്രപരസ്യം കണ്ടാണ് ഞാൻ തമിഴ് സിനിമയുടെ ഓഡിഷനു പോവുന്നത്. ചിത്രത്തിലേക്ക് നായികയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ രണ്ടു ചിത്രങ്ങൾ കൂടിയെത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു, ആ തുടക്കം കണ്ടപ്പോൾ ഞാനോർത്തു, എല്ലാം ശരിയായ ദിശയിലാണ് പോവുന്നത്. ഒരു സംഭവമായി തിരിച്ചുവരാം എന്ന് കരുതിയാണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്. പക്ഷേ എന്തോ അതൊന്നും വിജയം കണ്ടില്ല. അതോടെ ഞാൻ നാട്ടിലേക്ക് വന്നു, മലയാളസിനിമയിൽ ട്രൈ ചെയ്തു. പക്ഷേ നല്ല കഥാപാത്രങ്ങൾ അധികം ലഭിക്കാതെ വന്നപ്പോൾ ഞാൻ സീരിയലുകളിലേക്ക് ചുവടുമാറ്റി നോക്കി,” കടന്നു വന്ന വഴികൾ സ്വാസിക ഓർത്തെടുത്തു.
“പലരും എന്നോട് ചോദിക്കാറുണ്ട്, സീരിയലുകളിൽ നിന്നും സിനിമയിലേക്ക് ചുവടുവെയ്ക്കുന്നവരാണല്ലോ കൂടുതൽ. സ്വാസികയെന്താ സിനിമ വിട്ട് സീരിയലിൽ ശ്രദ്ധിക്കുന്നതെന്ന്? എന്തോ എന്റെ കാര്യത്തിൽ എല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്. പക്ഷേ ഇപ്പോൾ വിഷമമില്ല, കാര്യങ്ങളെല്ലാം തലതിരിഞ്ഞു നടന്നാലും വർഷങ്ങൾ കഴിയുമ്പോൾ ഓർക്കാൻ എന്തെങ്കിലുമൊക്കെ കയ്യിലുണ്ടെന്നത് ഒരു സന്തോഷമാണ്. ഇനി വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. അത്രയേ കരുതുന്നുള്ളൂ.”
“ഭാഗ്യം, തലയിൽ എഴുത്ത് അതിലൊക്കെ ഞാനിപ്പോൾ വിശ്വസിക്കുന്നുണ്ട്. സത്യത്തിൽ എന്റെ ജീവിതത്തിൽ നടന്ന റിവേഴ്സ് സംഭവങ്ങളും അനുഭവങ്ങളുമാണ് എന്നെ വിശ്വാസിയാക്കിയത്.”
Read more: സിമി മോളിൽ നിന്നും സുഹറയിലേക്കുള്ള ദൂരം: ഗ്രേസ് ആന്റണി സംസാരിക്കുന്നു
ഭാഗ്യവുമായി വാസന്തിയെത്തിയപ്പോൾ
ഞാനൊരുപാട് സിനിമകൾ ചെയ്ത ആളല്ല. കൂടുതൽ മിനിസ്ക്രീനിലും സീരിയലുകളിലുമാണ് നിൽക്കുന്നത്. അതിനാൽ തന്നെ, എന്റെ യാത്രയിൽ ഈ അവാർഡ് നൽകുന്ന സന്തോഷം ചെറുതല്ല. കൂടുതൽ നല്ല കഥാപാത്രങ്ങൾ തേടിയെത്താൻ ഈ പുരസ്കാരം കാരണമായിരുന്നുവെങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുകയാണ് ഞാനിപ്പോൾ.
ഒരുപാട് വർഷങ്ങളായി നല്ല കഥാപാത്രങ്ങളെ ചെയ്യാൻ ഞാനാഗ്രഹിക്കുന്നുണ്ട്, എവിടെയെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. ഏറെയിഷ്ടത്തോടെ ഞാൻ തിരഞ്ഞെടുത്ത കരിയറാണ് ഇത്. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമകളിൽ അധികം ശോഭിക്കാൻ കഴിയാതെ പോയി.
വാസന്തി എനിക്ക് തന്ന അവസരവും ചലഞ്ചും വലുതായിരുന്നു. മുഴുനീള കഥാപാത്രം, പെർഫോമൻസിനു സാധ്യതയുള്ള വേഷം. വാസന്തി ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സെക്സ് വർക്കർ ആവാൻ നിർബന്ധിതയാവുന്ന കഥാപാത്രമാണ്. വാസന്തിയാവാൻ തീരുമാനിക്കുമ്പോൾ, പ്രത്യേകിച്ചൊരു ഇമേജ് ഇല്ലാത്ത ആളായതുകൊണ്ടു തന്നെ എനിക്ക് ഇമേജ് ഭയമൊന്നും തോന്നിയില്ല.
എനിക്കീ കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാനാവുമോ എന്ന കാര്യത്തിലായിരുന്നു സംശയം. ബോൾഡായി സംസാരിക്കുന്ന, വളരെ അശ്രദ്ധയോടെ ആളുകളുമായി ഇടപഴകുന്ന, കള്ളു കുടിക്കുന്ന, സിഗരറ്റ് വലിക്കുന്ന, ഉറക്കെ ചിരിക്കുന്ന, ഒരു സങ്കോചവുമില്ലാതെ കരയുന്ന കഥാപാത്രമാണ് വാസന്തി. അതുപോലൊരു വേഷം ഞാൻ മുൻപ് ചെയ്തിട്ടില്ല. ആ കഥാപാത്രത്തിന്റെ വികാരവിചാരങ്ങൾ പരിചിതമല്ല.
കഥാപാത്രത്തിനായി പലരെയും സമീപിച്ചെങ്കിലും പലരും മടികാണിച്ചെന്നാണ് സംവിധായകർ പറഞ്ഞത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാനവരോട് പറഞ്ഞ കാര്യം, ഞാൻ ഇമേജ് കോൺഷ്യസ് അല്ല. എനിക്കിത് ചെയ്യാൻ താൽപ്പര്യമുണ്ട്. പരിചയക്കുറവുള്ള നടിയായതിനാൽ ഈ കഥാപാത്രം എന്റെ കയ്യിൽ നിൽക്കുമോ എന്നതിൽ സംശയമുണ്ടെന്നാണ്.
അവരെനിക്ക് തിരക്കഥ നന്നായി പറഞ്ഞു തന്നു. ഒരുപാട് തവണ ഞാനത് ആവർത്തിച്ചു വായിച്ചു. സംവിധായകരായ ഷിനോസ് റഹ്‍മാനും സജാസ് റഹ്മാനും സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ചിത്രത്തിനു മുന്നോടിയായി അവർ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. നാടകം ചെയ്യുന്നതുപോലെ ഓരോ സീനുകളും എന്നെ കൊണ്ട് റിഹേഴ്സൽ ചെയ്യിപ്പിച്ചു. കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ് ഒക്കെ പറഞ്ഞു തന്നു. എവിടെയെങ്കിലും ആ ശരീരഭാഷ നഷ്ടമാവുമ്പോൾ അതങ്ങനെയല്ലെന്ന് തിരുത്തി. സമയമെടുത്ത് അവരെന്നെ കഥാപാത്രത്തിലേക്ക് മോൾഡ് ചെയ്തെടുക്കുകയായിരുന്നു.
വാസന്തി ചിലപ്പോൾ അലമ്പാണ്, മറ്റു ചിലപ്പോൾ വളരെ നിഷ്കളങ്കമായ പെരുമാറ്റം. ചിലപ്പോൾ അതിവൈകാരികതയിലൂടെയാവും കടന്നുപോവുക. എട്ടു ദിവസം എടുത്താണ് എന്റെ ഭാഗങ്ങൾ ഡബ്ബ് ചെയ്തത്. സമയമെടുത്ത് സംഭാഷണങ്ങൾ ആവർത്തിച്ച് ശരിയാക്കി എടുക്കുകയായിരുന്നു.

സ്വതന്ത്രസിനിമ ആയതുകൊണ്ട് ഞങ്ങളുടെ വർക്കിംഗ് പാറ്റേണും വ്യത്യസ്തമായിരുന്നു. വളരെ കുറച്ച് ടീം അംഗങ്ങൾ മാത്രമേ ഷൂട്ടിംഗിന് ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് കാണാനും അധികം ആളുകൾ ഇല്ല. അതിനാൽ ഇൻഹിബിഷൻ ഇല്ലാതെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. കൂടുതലും രാത്രി സീനുകളായിരുന്നു. സഹതാരങ്ങളായ ശബരീഷും സിജു വിൽസണുമെല്ലാം നൽകിയ പിന്തുണയും എടുത്തുപറയാതെ വയ്യ.
ഒട്ടും പ്രതീക്ഷിക്കാതെ പുരസ്കാരം എത്തിയപ്പോൾ
അവാർഡ് കിട്ടുന്നതിന്റെ തലേദിവസം വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ല. തലേദിവസമാണ് ഞാൻ വെറുതെയൊന്ന് സിജോയെ വിളിച്ചു നോക്കുന്നത്. നാളെയല്ലേ സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം, നമ്മുടെ സിനിമ കൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. അതിനെ കുറിച്ച് പോലും എനിക്ക് കൃത്യമായൊരു ഐഡിയയില്ലായിരുന്നു. “കൊടുത്തിട്ടൊക്കെയുണ്ട്, വല്യ പ്രതീക്ഷയൊന്നും വേണ്ട,” എന്നായിരുന്നു സിജോയുടെ മറുപടി. അതുകഴിഞ്ഞ് സംവിധായകരായ റഹ്മാൻ ബ്രദേഴ്സിനെ വിളിച്ചപ്പോഴും സമാനമായ മറുപടിയാണ് കിട്ടിയത്.
പക്ഷേ പിറ്റേദിവസം വാർത്ത കണ്ടപ്പോൾ ഞങ്ങളെല്ലാം ശരിക്കും ഞെട്ടി. ‘വാസന്തി’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു എന്നതാണ് എനിക്ക് വലിയ ഷോക്കിംഗ് ആയത്. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അത്. സ്വഭാവനടി അവാർഡിനെ കുറിച്ചു പറഞ്ഞാൽ, ലോക്കേഷനിൽ സിജുവും ശബരീഷുമൊക്കെ കളിയാക്കാനായി ‘വാസന്തി ഇതിന് അവാർഡ് വാങ്ങി കൂട്ടുമല്ലോ,’ എന്ന് തമാശക്ക് പറയാറുണ്ടായിരുന്നു. അവരുടെ വാക്കുകൾ സത്യമായി മാറി. അവാർഡ് കിട്ടിയതിനു ശേഷം അവരെയാരെയും കാണാൻ പറ്റിയില്ല എന്നതാണ് സങ്കടം. അവരെല്ലാം ആലുവയിലാണ്, ഞാനിവിടെ തിരുവനന്തപുരത്തായി പോയി.
ആദ്യത്തെ യൂടേൺ
ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ എന്റെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നത് സീത എന്ന കഥാപാത്രമാണ്. ആ സീരിയലിന്റെ കാര്യത്തിൽ ദൈവത്തിന്റെ ഒരു കളി നടന്നു എന്നു തന്നെ പറയാം. ആദ്യം ഏഷ്യാനെറ്റിലാണ് സീത സംപ്രേഷണം ചെയ്തത്. ഒട്ടും ശ്രദ്ധ നേടാതെ പോയതുകൊണ്ട്, 150 എപ്പിസോഡ് ആയപ്പോൾ ചാനലിന് സീത നിർത്തേണ്ടി വന്നു.
പക്ഷേ ആ സീരിയൽ നല്ലതാണെന്ന് ഫ്ളവേഴ്സിന്റെ ശ്രീകണ്ഠൻ സാറിന് തോന്നിയത് എങ്ങനെയെന്നത് എനിക്കിപ്പോഴും ഒത്ഭുതമാണ്. ഒരു ചാനൽ നിർത്തിയ സീരിയൽ മറ്റൊരു സീരിയൽ ഏറ്റെടുക്കുന്ന പരിപാടിയൊന്നും പൊതുവെ സംഭവിക്കാറില്ല, അതുപോലൊരു ചരിത്രവും ഞാൻ കേട്ടിട്ടില്ല. പക്ഷേ ശ്രീകണ്ഠൻനായർ ഞങ്ങളെ ഫ്ളവേഴ്സിലേക്ക് ക്ഷണിച്ചു. സീത പുനരാരംഭിച്ചു. അങ്ങനെ 150ൽ ഞങ്ങൾ നിർത്തിയ സീരിയൽ പിന്നീട് 670 എപ്പിസോഡ് വരെ സഞ്ചരിച്ചു. നാലു വർഷം വിജയകരമായി മുന്നോട്ട് പോയി. സീത നിർത്തിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. പക്ഷേ ഇപ്പോഴും ആളുകൾ സീത മോളേ, സീതേച്ചീ, സീതാ എന്നൊക്കെ വിളിച്ച് മെസേജ് അയക്കും.
ഞാനെന്നെ കണ്ടെത്തുന്നതേയുള്ളൂ
എല്ലാവരും എന്നോട് ചോദിക്കും, സിനിമ, സീരിയൽ, ടിവി പ്രോഗ്രാമുകൾ, ഡാൻസ് ഇങ്ങനെ പലകാര്യങ്ങളായി നടക്കുകയാണല്ലോ. എന്താണ് ഒരു ഫോക്കസ് ഇല്ലാത്തത് എന്ന്. സത്യത്തിൽ ഒരു ചിട്ടയില്ലാതെയാണ് എന്റെ പോക്ക്. ഞാനെന്നെ എവിടെയാണ് പ്ലേസ് ചെയ്യേണ്ടത്, എന്തിലാണ് കൂടുതൽ ഫോക്കസ് ചെയ്യേണ്ടത് എന്നറിയാത്തതുകൊണ്ടാണ് ഞാനിങ്ങനെ ഓടി നടക്കുന്നത്. അതിൽ ചിലതൊക്കെ പൊട്ടക്കണ്ണൻ മാവിലെറിയും പോലെ നന്നാവുന്നു എന്നുമാത്രം. എവിടെയാണ് എന്റെ ഇടം എന്നതിൽ എനിക്കിപ്പോഴും കൺഫ്യൂഷനുണ്ട്. ഞാനെന്നെ സ്വയം കണ്ടെത്തുന്നതേയുള്ളൂ.
വിഷാദത്തിന്റെ ആ ദിനങ്ങൾ
സിനിമകൾ ഇല്ലാതെയായപ്പോൾ കഠിനമായ വിഷാദത്തിലൂടെ കടന്നുപോയിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം എന്ന തിരിച്ചറിവുണ്ട്. അന്നൊരുപാട് വിഷമിച്ചെങ്കിലും ഇപ്പോൾ സന്തോഷമുണ്ട്. എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരം മാനസികാവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ടാവണം. നമ്മുടെ ജോജു ചേട്ടനെയൊക്കെ നോക്കൂ, എത്രയോ വർഷങ്ങൾക്ക് ശേഷമാണ് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി തുടങ്ങിയത്.
ഒന്നും ചെയ്യാതിരുന്നപ്പോഴാണ് വിഷാദത്തിലേക്ക് ഞാൻ വീണുപോയത്. തിരക്കുകളിലേക്ക് മനസ്സിനെ മാറ്റുക എന്നതായിരുന്നു എന്റെ മുന്നിലുള്ള വഴി. സത്യത്തിൽ മിനിസ്ക്രീനിലേക്കുള്ള എന്റെ യാത്ര പോലും അതിന്റെ തുടർച്ചയായിരുന്നു. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടുമല്ലോ എന്നോർത്താണ് സീരിയലുകളിൽ ശ്രദ്ധിക്കുന്നത്. സമാന അവസ്ഥകളിലൂടെ കടന്നുപോവുന്നവരോട് എനിക്ക് പറയാനുള്ളത്, സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക എന്നതാണ്. സ്വപ്നങ്ങൾ നമ്മളെ മുന്നോട്ട് നടത്തും, ജീവിതത്തിനെ പോസിറ്റീവ് ആയി നോക്കി കാണാൻ സഹായിക്കും.
മലയാളസിനിമയിലെ സ്ത്രീപക്ഷ ചിന്തകളും അവകാശങ്ങൾക്കായുള്ള സമരങ്ങളും
മലയാളത്തിൽ മുൻപൊന്നും ഇല്ലാത്ത വിധം സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള സംസാരം ഉയർന്നുവരുന്നുണ്ട്. പക്ഷേ പെട്ടെന്ന് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്ന ഒന്നാണതെന്ന് എനിക്ക് തോന്നുന്നില്ല. പുതിയൊരു ജനറേഷന്റെ തുടക്കമാണ് ഇത്, മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സെറ്റുകളിലും ഈക്വൽ സ്പേസ് (തുല്യത) നൽകുന്ന പ്രവണതയാണ് കൂടുതലും കാണുന്നത്.
സിനിമയിലെ ശബളത്തിന്റെ കാര്യത്തിലാണ് പിന്നെയുള്ള തർക്കം. വർഷങ്ങളായി കണ്ടുവരുന്ന ഒന്നിന്റെ തുടർച്ചയാണ് അത്. എല്ലാ കാലത്തും സിനിമ ഒരു ഫാന്റസിയാണ്. സ്റ്റണ്ട് അടക്കം ജീവിതത്തിൽ നമ്മൾ ചെയ്യാത്ത പല കാര്യങ്ങളും സിനിമയുടെ ഫാന്റസി ലോകത്തുണ്ട്. അതിലേറെ പങ്ക് കാര്യങ്ങളും പുരുഷന്മാരാണ് ചെയ്യുന്നത്. അത് കാണാൻ ഇഷ്ടമുള്ള പ്രേക്ഷകസമൂഹവും ഇവിടെയുണ്ട്. വർഷങ്ങളായി ശീലിച്ചുവന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ശീലങ്ങളും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നമുക്ക് മാറ്റാനാവില്ലല്ലോ.
ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാൻ പറഞ്ഞത് ഓർക്കുന്നു; “സിനിമയിൽ ഞാൻ വർക്ക് ചെയ്യുന്നതുപോലെ തന്നെ നായികമാരും കഷ്ടപ്പെടുന്നുണ്ട്. പക്ഷേ സിനിമ റിലീസ് ചെയ്യുമ്പോൾ ക്രെഡിറ്റിൽ അവരുടെ പേരുണ്ടാവില്ല, കിങ്ങ് ഖാൻ മൂവി എന്ന് ആഘോഷിക്കപ്പെടും. പക്ഷേ അവരാരും അതിൽ പരാതി പറയുകയോ ഇനി മുതൽ അഭിനയത്തിനായി ഇത്ര കഷ്ടപ്പെടില്ലെന്ന് തീരുമാനിക്കുകയോ ചെയ്യാറില്ല.” ഇതെല്ലാം സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഇതെല്ലാം എന്നുമാറുമെന്ന് അറിയില്ല. കാലം പോവുന്തോറും മാറ്റങ്ങൾ വന്നേക്കാം. ഇതൊരു സ്ലോ പ്രോസസ് ആണ്. മാറ്റങ്ങൾക്ക് സമയം കൊടുത്തേ കഴിയൂ എന്നാണ് തോന്നുന്നത്. പക്ഷേ തൊട്ടതിനും പിടിച്ചതിനുമെല്ലാം ബഹളം ഉണ്ടാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.
മലയാളസിനിമയെ കുറിച്ച് പറയുകയാണെങ്കിൽ, ഇന്ന് സ്ത്രീ കേന്ദ്രീകൃതമായ ധാരാളം സിനിമകൾ വരുന്നുണ്ട്. ഒരുപാട് സ്ത്രീകൾ ഇന്ന് സിനിമയുടെ അണിയറയിലും അരങ്ങിലും പ്രവർത്തിക്കുന്നുണ്ട്. മികച്ച അഭിനേത്രിമാർ, സംവിധായികമാർ ഒക്കെ നമുക്കുണ്ട്.
എന്നും എപ്പോഴും ശോഭന മാം
സിനിമയിൽ ആരാണ് റോൾ മോഡൽ എന്ന ചോദ്യത്തിന് എനിക്കെന്നും ഒരുത്തരമേ ഉള്ളൂ. ശോഭന മാം, നൃത്തത്തിലും അതെ. ശോഭന മാമിന്റെ സിനിമകളാണ് എന്നിൽ അഭിനയമോഹം ഉണ്ടാക്കിയത്. അതുപോലെ ലാലേട്ടന്റെ സിനിമകളും പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തെ ഗൗരവത്തോടെ നോക്കി കാണാൻ തുടങ്ങിയതോടെ, വലുതും ചെറുതുമായ ഒരുപാട് അഭിനേതാക്കൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
കുടുംബം
അച്ഛൻ വിജയകുമാർ, അമ്മ ഗിരിജ. ആകാശ് എന്നൊരു സഹോദരനുണ്ട്, അവനിപ്പോൾ എയറോനോട്ടിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. അവാർഡിൽ അവരെല്ലാവരും ഹാപ്പിയാണ്. കൂടുതൽ സന്തോഷം അമ്മയ്ക്കാണ്, അമ്മയുടെ പ്രാർത്ഥനയുടെ ഫലമാണിത്. കാരണം എന്റെ വിഷമം ഏറ്റവും കണ്ടിട്ടുള്ളത് അമ്മയാണ്. സിനിമയിൽ സക്സസ് ആവുന്നില്ല, അതിൽ സങ്കടപ്പെടുന്നു, ഇരുന്നു കരയുന്നു- ഇതൊക്കെ അടുത്തു കണ്ട ആൾ അമ്മയാണ്. അമ്മയുടെ മുന്നിലല്ലാതെ ഞാനാരുടെ മുന്നിലും കരയാറില്ല. അതൊക്കെ കണ്ട് അമ്മ എനിക്കായി ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്.
Read more: താരങ്ങളുടെ കൂടുതൽ അഭിമുഖങ്ങൾ ഇവിടെ വായിക്കാം