അപ്രതീക്ഷിതമായെത്തിയ പ്രളയം ജീവനൊഴികെ മറ്റെല്ലാം കവര്‍ന്നപ്പോള്‍ സ്വന്തം കൂര പോലും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്. ഏറ്റവും ഒടുവിലായി തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറും നന്ദമുരി കല്യാണുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.

വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാൺ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. പത്മപ്രിയ, രോഹിണി, നയന്‍താര തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നടന്‍ രാം ചരണ്‍ 60 ലക്ഷം, ബാഹുബലി താരം പ്രഭാസ് ഒരു കോടി, അല്ലു അര്‍ജുന്‍ 25 ലക്ഷം, വിജയ് ദേവരകൊണ്ട അഞ്ചു ലക്ഷം രൂപ എന്നിങ്ങനെ സംഭാവന നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ