അപ്രതീക്ഷിതമായെത്തിയ പ്രളയം വിതച്ച നാശനഷ്ടത്തില്‍ ജീവിതം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്ന കേരള ജനതയ്ക്ക് സഹായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ നല്‍കിയ തുകകളും ഇവരുടെ പ്രവര്‍ത്തനങ്ങളും നാളേറെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് എന്തു ചെയ്തുവെന്ന് പലപ്പോഴും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി.

താന്‍ ചെയ്തതിനെക്കുറിച്ച് ഷാരൂഖ് ട്വീറ്റ് ചെയ്തതോ, വിളിച്ചു പറഞ്ഞതോ അവകാശവാദവുമായി മാധ്യമങ്ങളെ സമീപിച്ചതോ ഇല്ലെന്നും എന്നാല്‍ അഞ്ചു കോടി നല്‍കി അദ്ദേഹം കേരളത്തെ സഹായിച്ചിരുന്നുവെന്നും പറയുന്ന സല്‍മാന്‍, ചാരിറ്റി എന്നത് വ്യവസായമല്ലെന്ന് പഠിക്കണമെന്ന് പേടിഎം തലവനെ ഉപദേശിക്കുന്നുമുണ്ട് തന്റെ ട്വീറ്റിലൂടെ.

കൂടാതെ ഷാരൂഖിന്റെ വെൽഫെയർ ഓർഗനൈസേഷനായ മീർ ഫൌണ്ടേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. 21 ലക്ഷം രൂപയാണ് മീർ നൽകിയ സംഭാവന.

നിരധിപേരാണ് പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ നല്‍കിയ ചെക്കുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ചെക്ക് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, ശ്രദ്ധാ കപൂര്‍, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരും കേരളത്തിനു വേണ്ടി രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ