അപ്രതീക്ഷിതമായെത്തിയ മഴയിലും പ്രളയത്തിലും ആടിയുലഞ്ഞ കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പോരാട്ട പാതയിലാണ്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളേയും ഈ ദുരന്തം വലിയ രീതിയില്‍ തന്നെ ബാധിച്ചു. ഓണക്കാലത്തെത്തിയ ഈ വിപത്തില്‍ ഏറ്റവുമധികം മുങ്ങിപ്പോയത് ഒരുപക്ഷേ മലയാള സിനിമാ വ്യവസായം തന്നെയായിരിക്കും.

ഓണത്തിന് തിയേറ്ററിലെത്തേണ്ടിയിരുന്ന സിനിമകളുടെയെല്ലാം റിലീസ് സെപ്തംബറിലേക്ക് മാറ്റി വയ്‌ക്കേണ്ടി വന്നു. നിവിന്‍ പോളി-മോഹന്‍ലാല്‍ കൂട്ട്കെട്ടിലെ ‘കായംകുളം കൊച്ചുണ്ണി’, മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’, ബിജു മേനോന്‍ ചിത്രം ‘പടയോട്ടം’, ഫഹദ് ഫാസില്‍ നായകനാകുന്ന ‘വരത്തന്‍’ തുടങ്ങിയ ചിത്രങ്ങളെല്ലാം ഓണം റിലീസായി തിയേറ്ററില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഈ ചിത്രങ്ങളുടെയെല്ലാം റിലീസ് സെപ്തംബറിലേക്കും ചിലത് അതിനു ശേഷവുമായി നീട്ടി.

സിനിമാ വ്യവസായതിന്റെ ചാകരക്കാലം എന്ന് കണക്കാക്കപ്പെടുന്ന ഓണം പ്രളയത്തില്‍ ഒലിച്ചു പോയതില്‍ വലിയ തിരിച്ചടിയാണ് മലയാള സിനിമ നേരിടുക. അതിനു കാരണങ്ങള്‍ പലതാണ്.

ഓണത്തിനു ഒരു സിനിമ എന്നത് മലയാളിയ്ക്ക് ആഘോഷങ്ങളുടെ ഭാഗം തന്നെയാണ്. അത്തരം താത്പര്യത്തോട്‌ കൂടി വേറെ ഒരു അവസരത്തിലും മലയാളി തിയേറ്ററില്‍ എത്തുന്നില്ല. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ വലിയ തോതില്‍ തിയേറ്ററുകളില്‍ എത്തുന്ന ആഘോഷക്കാലമാണ് ഓണം.

ജൂണില്‍ സ്കൂള്‍ തുറപ്പും പിന്നീട് വരുന്ന കാലവര്‍ഷവും കഴിഞ്ഞു സിനിമാ വിപണി ഒന്നുഷാറാകുന്ന കാലം കൂടിയാണ് ഓണം. എന്നാല്‍ ഇത്തവണ മഴ ഒഴിഞ്ഞില്ല.

ഫുട്ബോള്‍ ലോകകപ്പും അതിന്റെ ആഘോഷങ്ങളും തിയേറ്ററുകളിലെത്തേണ്ട പ്രേക്ഷകരെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തി. ഇതുമൂലം രണ്ടു മലയാളം ചിത്രങ്ങളുടെ റിലീസുകൾ മാറ്റിവച്ചിരുന്നു എന്നാണ് അറിവ്.  അതിനെ മറികടക്കാനുള്ള ഒരവസരവും കൂടിയായിരുന്നു ഓണം.

നീണ്ട അവധിക്കാലം.  ഇത്രയധികം അവധികള്‍ ഒരുമിച്ചു വര്‍ഷത്തില്‍ വേറെ ഒരവസരത്തിലും വരുന്നില്ല.  അത് കൊണ്ട് തന്നെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ നാട്ടിലേക്ക് വരുന്ന കാലം കൂടിയാണ് ഓണം.

മറ്റു ഭാഷാ ചിത്രങ്ങളുടെ സാന്നിദ്ധ്യം വലിയ അളവില്‍ ഉണ്ടാകാത്ത ഒരു കാലം കൂടിയാണ് ഓണം.  ഓണക്കാലത്ത് പ്രദർശനത്തിനെത്തുന്ന മലയാള സിനിമകളുടെ എണ്ണങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് തന്നെയാണ് ആ സമയത്ത് അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്യപ്പെടുന്നത്.

പ്രതീക്ഷകളുടെ സെപ്റ്റംബര്‍

“നിലവില്‍ പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളെല്ലാം ഒരു ശരാശരി കളക്ഷനില്‍ തന്നെയാണ് പോകുന്നത്. ഒരു അവധി സീസണ്‍ ആണല്ലോ. പ്രളയം സിനിമാ മേഖലയെ എത്രത്തോളം ബാധിച്ചു എന്നറിയണമെങ്കില്‍ സെപ്തംബറില്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തണം. വരും മാസങ്ങളിലേക്കെല്ലാം പല ചിത്രങ്ങളും ഷെഡ്യൂള്‍ ചെയ്തു വച്ചിട്ടുള്ളതുകൊണ്ട് ഇപ്പോളുള്ളതെല്ലാം സെപ്തംബറില്‍ തന്നെ പോയേ പറ്റൂ. ഈ ചിത്രങ്ങളെല്ലാം പരസ്പരം ക്ലാഷ് വരാതിരിക്കാനാണ് ഒരാഴ്ച രണ്ടു ചിത്രങ്ങള്‍ എന്ന തരത്തില്‍ ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുന്നത്,” കേരള ഫിലിം ചേമ്പർ വൈസ് പ്രസിഡന്റ് അനിൽ തോമസ് പറയുന്നു.

Read More: ഓണചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു

എങ്കിലും ഫെസ്റ്റിവല്‍ കളക്ഷനെ പ്രളയം സാരമായി ബാധിക്കുമായിരിക്കും എന്നു തന്നെയാണ് അനില്‍ തോമസ് സൂചിപ്പിക്കുന്നത്.

“ഓണം സിനിമയുടെ പ്രധാന സീസണ്‍ ആണ്. ഫെസ്റ്റിവല്‍ കളക്ഷന്‍ പോയത് സിനിമാ വ്യവസായത്തിന് ക്ഷീണം തന്നെയാണ്. പക്ഷെ ആവറേജ് കളക്ഷന്‍ സെപ്തംബറില്‍ ആയാലും കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നാട് സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചെത്തുന്നൊരു കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. അതില്‍ പ്രതീക്ഷയുണ്ട്,” നിർമ്മാതാവും സംവിധായകനുംകൂടിയായ അനില്‍ വ്യക്തമാക്കി.

സിനിമകള്‍ റിലീസിനെത്തിയാല്‍ പോലും പ്രദര്‍ശനത്തിന് സാധിക്കുന്ന അവസ്ഥയിലല്ല പല തിയേറ്ററുകളും എന്നതാണ് മറ്റൊരു കാര്യം. പ്രളയത്തില്‍ കേരളത്തിലെ 20 തിയേറ്റുകളാണ് മുങ്ങിപ്പോയതെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം സി ബോബി പറയുന്നു. ഇതില്‍ അഞ്ചെണ്ണം പൂര്‍ണമായും മുങ്ങിപ്പോയി.

“സിനിമ റിലീസ് ചെയ്യുന്ന പ്രധാന തിയേറ്ററുകളാണ് ഇതൊക്കെ. അടുത്ത രണ്ടു മാസത്തേക്കെങ്കിലും ഇതിലെ പല തിയേറ്ററുകളും പ്രവര്‍ത്തന സജ്ജമാകില്ല. പ്രൊജക്ടറില്‍ വരെ വെള്ളം കയറിപ്പോയി. ഓണത്തിന് തുടങ്ങാനിരുന്ന വടക്കാഞ്ചേരിയിലെ ഗംഗ എന്ന തിയേറ്ററൊക്കെ മുഴുവനായി മുങ്ങിപ്പോയി. ചില തിയേറ്ററുകളുടെ സീറ്റുകള്‍ മാത്രമാണ് പോയത്. ട്രാന്‍സ്‌ഫോര്‍മറുകളിലും ജനറേറ്ററുകളിലും വെള്ളം കയറിയിട്ടില്ല. അതൊക്കെ ആരംഭിച്ചിട്ടുണ്ട്,” അദ്ദേഹം പറയുന്നു.

“വടക്കാഞ്ചേരി ഗംഗ, റാന്നിയിലെ ഉപാസന, ചാലക്കുടിയിലെ അഗസ്ത്യ, പെരുമ്പാവൂരെ മൂന്നു സ്‌ക്രീനുകള്‍ ഉള്ള ഒരു തിയേറ്റര്‍, ചാലക്കുടിയിലെ തന്നെ ഡി സിനിമാസ് എന്നിവയാണ് പൂര്‍ണമായും മുങ്ങിപ്പോയ അഞ്ചു തിയേറ്ററുകള്‍,” ബോബി പറഞ്ഞു.

“പിന്നെ പാലാ യൂണിവേഴ്‌സല്‍, മൂവാറ്റുപുഴയിലെ ലത, മറിയ, ഐസക് എന്നീ മൂന്നു തിയേറ്ററുകള്‍, ചാലക്കുടിയിലെ സുരഭി, ചെങ്ങന്നൂര്‍ ചിപ്പി, പിറവം ദര്‍ശന എന്നിവയൊക്കെ ഭാഗികമായി ബാധിച്ച തിയേറ്ററുകളാണ്. എത്ര രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.

ജൂലൈ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് തിയേറ്ററുകള്‍ പലതും നഷ്ടത്തിലായിരുന്നുവെന്നും എം സി ബോബി കൂട്ടിച്ചേര്‍ത്തു.

“തിയേറ്ററുകള്‍ എല്ലാം ഇപ്പോള്‍ നഷ്ടത്തിലാണ് ഓടുന്നത്. ഒന്നാമത് സിനിമകള്‍ കുറവാണ്. ഓണം റിലീസുകളിലായിരുന്നു പ്രതീക്ഷ. പ്രളയം ശരിക്കും ഇരുട്ടടിയായി. ഇനി സെപ്തംബര്‍ ഏഴാം തീയതി മുതലേ സിനിമകള്‍ ഉള്ളൂ. ശമ്പളം കൊടുക്കാനോ ബോണസ് കൊടുക്കാനോ പോലും പൈസയില്ലാത്ത അവസ്ഥയിലാണ്. സെപ്തംബറോടെ ഈ അവസ്ഥയില്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ബോബി പറഞ്ഞു.

Read More:കായംകുളം കൊച്ചുണ്ണി, ഒടിയന്‍, ഡ്രാമ: ഒക്ടോബറില്‍ ഹാട്രിക് അടിക്കുമോ ലാലേട്ടന്‍?

ഇതിനിടെ ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിനിമകളുടെ അവസ്ഥയും മറ്റൊന്നല്ല. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കവെയായിരുന്നു മഴ വന്നത്. പത്തുദിവസത്തോളം ചിത്രീകരണം മുടങ്ങിയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സെറ്റും ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം ചെറായി ബീച്ചില്‍ ചിത്രീകരണം പുനരാരംഭിച്ചു.

ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഫെഫ്ക അംഗവുമായ ഭാഗ്യലക്ഷ്മി പറയുന്നു.

“സിനിമ റിലീസാകാതെ നീട്ടി വച്ചതുകൊണ്ട് നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ സാമ്പത്തികമായി വല്ലാത്തൊരു അവസ്ഥയിലെത്തി. ഫിനാന്‍സിയര്‍, പ്രൊഡ്യൂസര്‍, തിയേറ്റര്‍ ഉടമകള്‍ എല്ലാവരും പരസ്പരം കണക്ടഡ് ആണല്ലോ. അതുകൊണ്ടുതന്നെ നിലവില്‍ ജോലി നടക്കുന്ന സിനിമകളെല്ലാം തന്നെ പാതിയിൽ നിന്നു പോയി. ഷൂട്ടിങ് നടക്കുന്നില്ല, ഡബ്ബിംഗ് നടക്കുന്നില്ല, റിലീസ് നടക്കുന്നില്ല. സിനിമയെ വല്ലാതെ ബാധിച്ചിട്ടുണ്ട്”.

ഇതൊന്ന് മാറിവരാന്‍ ഇനിയും സമയമെടുക്കും എന്ന് മാത്രമല്ല, പ്രളയത്തിനു മുമ്പ് നിപ, അതിനു മുമ്പ് ഓഖി, ഇതെല്ലാം സിനിമാ മേഖലയേയും കളക്ഷനേയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

“സിനിമാ മേഖലയിലുള്ള പലരുടേയും വീടും സ്ഥലങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചെറിയ തുകമാത്രം വേതനമായി ലഭിക്കുന്ന തൊഴിലാളികളെല്ലാം വല്ലാത്ത കഷ്ടത്തിലാണ്. പിന്നെ ചിത്രീകരണം തുടങ്ങി വച്ച പല സിനിമകളും പകുതിക്കു വച്ചു നിന്നപ്പോള്‍ ശക്തമായ മഴയില്‍ നടീ നടന്മാരെ ഒന്നും തിരിച്ചയയ്ക്കാന്‍ പറ്റാതെയും ബുദ്ധിമുട്ടിയിട്ടുണ്ട്. സെറ്റൊക്കെയിട്ട് വെറുതേ ദിവസങ്ങള്‍ പോകുമ്പോളും സാമ്പത്തിക നഷ്ടം ഉണ്ടാവുകയല്ലേ. സാമ്പത്തിക ക്രയവിക്രയങ്ങള്‍ മുഴുവനായി സ്തംഭിച്ചു പോയി.”

സിനിമകൾ റിലീസ് ചെയ്യാവുന്ന സാഹചര്യത്തിലേക്ക് തിയേറ്ററുകളും സിനിമാ മേഖലയും എത്തിയാലും, കാണാൻ പ്രേക്ഷർ എത്തുമോ എന്ന ആശങ്കയും ഭാഗ്യലക്ഷ്മി പങ്കുവച്ചു.

“ഇനി സിനിമകള്‍ സെപ്തംറില്‍ റിലീസായാല്‍ പോലും ചില സ്ഥലങ്ങളില്‍ മാത്രമല്ലേ സിനിമ ഓടൂ? പലയിടങ്ങളിലും ആളുകള്‍ മാനസികമായി ഈ ദുരന്തത്തില്‍ നിന്നും മോചിതരാകാത്ത അവസ്ഥയുണ്ട്. ഒരു സിനിമ കാണാനുള്ള മാനസിക നില ആര്‍ജിക്കാന്‍ അവര്‍ക്ക് സമയം വേണ്ടി വരും. സിനിമയുടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ എന്നു പറയുന്നത് ഇവിടുത്തെ സാധാരാണക്കാരായ ജനങ്ങളാണ്. പ്രളയം ഏറ്റവുമധികം ബാധിച്ചതും അവരെ തന്നെയാണ്”, ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

അതിജീവനത്തിന്റെ പാതയിൽ കേരളത്തിന്റെ കൈപിടിച്ച് പ്രതീക്ഷയുടെ നാളെകളെ കാത്ത് മലയാള സിനിമയുമുണ്ട്. “ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്” എന്ന ഇന്നസെന്റിന്റെ ഡയലോഗിനെ ഇനി പ്രേക്ഷകർ അന്വർത്ഥമാക്കുമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook