സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയായ ഈ അവസരത്തില്‍ നാട്ടിലുണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണം, കഴിയുന്നത് ചെയ്യുമെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്.

നേരത്തേ ദുല്‍ഖറും മമ്മൂട്ടിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. ദുല്‍ഖര്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നല്‍കിയത്.

ദുരിത ബാധിതര്‍ക്ക് സഹായവുമായി നിരവധി താരങ്ങളാണ് രംഗത്തെയിട്ടുള്ളത്. ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമ്പോള്‍ മറ്റു ചിലര്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളാണ് വാങ്ങി നല്‍കുന്നത്. കഴിഞ്ഞദിവസം അമലാ പോള്‍, നടന്മാരായ ദിലീപ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കിയിരുന്നു.

ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. പുതപ്പുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയുമായി അമല തന്നെ ക്യാമ്പുകളില്‍ നേരിട്ടെത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളുമായാണ് നടന്‍ ദിലീപ് എത്തിയത്. എറണാകുളം ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ചത് ദിലീപിന്റെ കൂടി സ്വദേമായ ആലുവയിലായിരുന്നു. ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.

കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആസിഫ് അലി, ഷംന കാസിം, ജയസൂര്യ, അജുവര്‍ഗീസ് എന്നിവരും പങ്കാളികളായി. കൊച്ചിയിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും അന്‍പോടു കൊച്ചിയുടേയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. സിനിമാ താരങ്ങളായ പാര്‍വ്വതി, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സരയു എന്നിവരും അന്‍പോടു കൊച്ചിയുടെ ഭാഗമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook