മഹാപ്രളയത്തില്‍ ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര താരങ്ങള്‍ നേരിട്ടെത്തി. ദിലീപ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ബെഡ്ഷീറ്റുകളും വാങ്ങി നല്‍കി.

ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. പുതപ്പുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയുമായി അമല തന്നെ ക്യാമ്പുകളില്‍ നേരിട്ടെത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളുമായാണ് നടന്‍ ദിലീപ് എത്തിയത്. എറണാകുളം ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ചത് ദിലീപിന്റെ കൂടി സ്വദേമായ ആലുവയിലായിരുന്നു. ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.

കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആസിഫ് അലി, ഷംന കാസിം, ജയസൂര്യ, അജുവര്‍ഗീസ് എന്നിവരും പങ്കാളികളായി. കൊച്ചിയിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും അന്‍പോടു കൊച്ചിയുടേയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. സിനിമാ താരങ്ങളായ പാര്‍വ്വതി, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സരയു എന്നിവരും അന്‍പോടു കൊച്ചിയുടെ ഭാഗമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ