നാടിതുവരെ കാണാത്ത വെള്ളക്കെട്ടിലും മഴക്കെടുതിയിലും മറ്റുള്ളവര്‍ക്കൊപ്പം കുടുങ്ങിപ്പോയ ഭാര്യ രേഷ്മയെ രക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ അപ്പാനി ശരത്. ഒമ്പതു മാസം ഗര്‍ഭിണിയായ ഭാര്യ ഇപ്പോള്‍ സുരക്ഷിതയായിരിക്കുന്നുവെന്നും ആരോട് നന്ദി പറയണം എങ്ങനെ പറയണം എന്ന് തനിക്കറിയില്ലെന്നും ശരത് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഭാര്യ ചെങ്ങന്നൂരിലെ വെണ്മണി എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നു പറഞ്ഞ് നേരത്തെ ശരത് ലൈവില്‍ വന്നിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ ഭാര്യയെ രക്ഷിക്കണം എന്ന് നടന്‍ അപേക്ഷിച്ചത്.

‘ആദ്യം വിളിച്ചപ്പോള്‍ സുരക്ഷിതയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അവിടെയും വെള്ളം കയറിയെന്നറിഞ്ഞു. അവള്‍ ഒമ്പതുമാസം ഗര്‍ഭിണിയാണ്. അതാണെന്റെ പേടി,’ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശരത് ലൈവില്‍ സംസാരിച്ചത്.

ഭാര്യ സുരക്ഷിതയായി നൂറനാട്ടേക്ക് മാറിയതിനു ശേഷവും ശരത് മറ്റുള്ളവര്‍ക്ക് നന്ദി പറയാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നു.
‘ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്നു പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ഇപ്പോള്‍ കഴിഞ്ഞു പോയത്. എല്ലാവരോടും നന്ദിയുണ്ട്,’ ശരത് പറഞ്ഞു

സംസ്ഥാനത്ത് ശക്തമായ മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങൾക്കും ആക്കം കൂടിയിട്ടുണ്ട്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലേക്ക് നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ അടക്കം ഇന്ന് തന്നെ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. കുട്ടനാട്ടിലും പന്തളത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി ഇതുവരെ ജില്ല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനാണ് ആലപ്പുഴ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തകര്‍ നൂറുകണക്കിനാളുകളെയാണ് ആലപ്പുഴ ജെട്ടിയിലെത്തിച്ചത്. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.

പറവൂരും പാനായിക്കുളത്തും കാലടിയിലും കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആളുകളെ ഒഴിപ്പിക്കുന്നത് ഇന്നത്തോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.സംസ്ഥാനത്ത് പലയിടത്തും ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. നഗരഭാഗങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ