കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലയുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയവരില്‍ സജീവ സാന്നിദ്ധ്യമായിരുന്നു യുവനടന്‍ ടൊവിനോ. ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മറ്റുള്ളവര്‍ക്കൊപ്പമുള്ള ടൊവിനോയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു. എന്നാല്‍ ഈയൊരു സമയത്ത് ആരും ചെയ്യുന്ന കാര്യങ്ങളേ താനും ചെയ്തിട്ടുള്ളൂവെന്നും ഒരു സിനിമാ നടനായതുകൊണ്ട് പ്രത്യേക അഭിനന്ദനങ്ങളുടെ ആവശ്യമില്ലെന്നുമാണ് താരം പറുന്നത്.

Read More: Kerala Floods: പിന്നെ എന്തിനാ മുത്തേ ചേട്ടന്‍ ജിമ്മില്‍ പോയത്: അരിച്ചാക്ക് ചുമന്നും ആശ്വസിപ്പിച്ചും ടൊവിനോ തോമസ്

‘സ്വന്തം നാട്ടില്‍ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കാര്യം തന്നെയേ ഞാനും ചെയ്തിട്ടുള്ളൂ. ഇവിടെ പലരും സ്വന്തം ജീവന്‍ പണയംവച്ചും നഷ്ടപ്പെടുത്തിയുമൊക്കെയാണ് നാട്ടുകാരെ രക്ഷപ്പെടുത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും, സർക്കാരും ചെയ്തത് വലിയ കാര്യങ്ങളാണ്. ചെറിയത് എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ പോലും ചെയ്യാനുള്ള വലിയ മനസാണ് കാണേണ്ടത്,’ ടൊവിനോ ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

എന്നാല്‍ ഈ ദുരന്തങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമിടയിലും വ്യാജപ്രചരണങ്ങള്‍ നടത്തിയവരെ വിമര്‍ശിക്കാനും ടൊവിനോ മറന്നില്ല.

‘ഇതിനിടയില്‍ വളരെ ചെറിയൊരു ശതമാനം ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ദയവായി അതു ചെയ്യാതിരിക്കുക. കര്‍മ്മ എന്നു ഞാന്‍ വിശ്വസിക്കുന്ന ഒന്നുണ്ട്. നമ്മള്‍ ജീവിത്തില്‍ നന്മ ചെയ്താലും തിന്മ ചെയ്താലും അത് കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്കു തന്നെ എത്തും. ഉപകാരങ്ങള്‍ ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും മുതലെടുപ്പ് നടത്താനുമുള്ള സമയമല്ലിത്,’ ടൊവിനോ വ്യക്തമാക്കി.

തൃശൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ എല്ലാ സഹായങ്ങളുമായി അദ്ദേഹം നിറസാന്നിധ്യമാണ്. പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ശാരീരികസഹായങ്ങളുമായും ടൊവിനോ ക്യാംപിലെത്തി. ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപില്‍ സഹായം എത്തിക്കുന്നതും ടൊവിനോയുടെ നേതൃത്വത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ടൊവിനോയുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുകയാണ്.

മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് ടൊവിനോ ആയിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിട്ടു നല്‍കിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.

ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും, അരിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹം മുന്നിലുണ്ട്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇന്നും രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ തന്നെയുണ്ട് ടൊവിനോ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ