കേരളം ഒന്നിച്ചുനിന്ന് പ്രകൃതി ദുരന്തത്തെ അതിജീവിച്ചിരിക്കുകയാണെന്ന് മമ്മൂട്ടി. ഒരേ മനസ്സോടെ ഒരേ ശരീരത്തോടെ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചാണ് കേരള ജനത അതിനെ അതിജീവിച്ചതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നടൻ വ്യക്തമാക്കി.

ലക്ഷക്കണക്കിന് പേരുടെ ജീവനാണ് നമ്മൾ രക്ഷിച്ചെടുത്തത്. ഇനി രക്ഷിക്കാനുളളത് അവരുടെ ജീവിതമാണ്. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവർക്കെല്ലാം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ജീവിതം അവർക്ക് തിരികെ പിടിക്കാൻ ധൈര്യവും ആവേശവും കരുത്തും പിന്തുണയും നൽകണം. അതിന് നമ്മൾ തയ്യാറാവണം. അവരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച അതേ ആവേശവും ആത്മാർത്ഥതയും ഉന്മേഷവും നമ്മൾ കാണിക്കണം. ഓരോരുത്തരും അത് കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ദുരിതാശ്വാസക്യാംപുകളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നവർക്ക് ചെറിയൊരു മുന്നറിയിപ്പും മമ്മൂട്ടി നൽകി. ”മലിനമായ വെളളമാണ് വീടുകളിൽ ഒഴുകിയെത്തി പോയത്. ഒരുപാട് രോഗാണുക്കൾ അതിലുണ്ടായിരിക്കും. വീട് വൃത്തിയാക്കുമ്പോൾ കൈയ്യുറ പോലുളള എന്തെങ്കിലും ധരിക്കുക. സർക്കാരിൽനിന്നും അധികൃതരിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചശേഷം മാത്രമാണ് വീടുകളിൽ പ്രവേശിക്കാൻ. ഇനി പുതിയൊരു ദുരന്തത്തിലേക്ക് നീങ്ങരുത്. പകർച്ചവ്യാധിയും ദുരന്തങ്ങളാണ്. ഓർമ്മ ഇരിക്കട്ടെ”, മമ്മൂട്ടി പറഞ്ഞു.

Read More: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മമ്മൂട്ടിയെത്തി

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ ആദ്യമായി നേരിൽ കാണാനെത്തിയതും അവർക്ക് സാന്ത്വനമേകിയതും മമ്മൂട്ടി ആയിരുന്നു. വടക്കൻ പറവൂർ പുത്തൻവേലിക്കരയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ കാണാനാണ് രാത്രി 11 മണിയോടെ മമ്മൂട്ടി എത്തിയത്. ക്യാംപിൽ കഴിയുന്നവർക്ക് എല്ലാവിധ സഹായ വാഗ്‌ദാനങ്ങളും ആശ്വാസവാക്കുകളും നൽകിയാണ് താരം മടങ്ങിയത്.

Read More: മഴക്കെടുതി: മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കി

പ്രളയത്തിൽ പെട്ട കേരളത്തിന് കൈതാങ്ങായും നടൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്. എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയ്ക്കാണ് ചെക്ക് കൈമാറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook