മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് നടനും മക്കള്‍ നീതിയിലേക്ക് മയ്യം നേതാവുമായ കമല്‍ഹാസനാണ്. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ധനസഹായം. കമല്‍ ഹാസന് വിജയ്‌ ടിവിയും ഇരുപത്തിയഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയതായി അറിയിച്ചു.

നേരത്തെ തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയതായി അറിയിച്ചിരുന്നു. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തമിഴ് സിനിമാ- ടെലിവിഷന്‍ രംഗത്ത് നിന്നും സഹായങ്ങള്‍ എത്തിച്ചേരുന്നത്.

സംഭാവനയ്ക്ക് പുറമേ തന്റെ ആരാധകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുവാനും ‘ഉലകനായകന്‍’ ആഹ്വാനം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook