/indian-express-malayalam/media/media_files/uploads/2022/06/Kaduva-.jpg)
കൊച്ചി: കടുവ സിനിമ പരിശോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സി ബി എഫ് സി) ഹൈക്കോടതിയുടെ നിർദ്ദേശം. പാലായിലെ പൗരമുഖനായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.
സിനിമ തന്റെയും കുടുംബത്തിന്റെയും അന്തസിനേയും സ്വകാര്യതയേയും ബാധിക്കുന്നതാണെന്നും പ്രദർശനാനുമതി നൽകരുതെന്നും ചൂണ്ടിക്കാട്ടി സി ബി എഫ് സിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ഹർജിയിലെ ആരോപണം. പരാതി പരിശോധിച്ച ശേഷമേ സർട്ടിഫിക്കറ്റ് നൽകാവുവെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജിക്കാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം എന്നാണ് ആരോപണം. തന്റെ ജീവിതം പ്രമേയമാക്കി 'വ്യാഘ്രം' എന്ന പേരിൽ നിർമിക്കാൻ തിരക്കഥാകൃത്ത് രൺജി പണിക്കരുമായി ധാരണ ഉണ്ടായിരുന്നെന്നും എന്നാൽ പ്രോജക്ട് നടന്നില്ലെന്നും ഹർജിയിൽ പറയുന്നു.
നടൻ പ്രിഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പ്രിഥ്വിരാജ് ഫിലിംസിന്റെ ബാനറിൽ ജിനു വർഗീസ് എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് താനുമായി സാദശ്യമുണ്ടെന്നും നിയമം അനുസരിക്കാത്ത ഒരാളായാണ് കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് തന്റെ അന്തസിനെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ മാസം മുപ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന 'കടുവ', ഒരാഴ്ചകൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുകയെന്ന് പൃഥ്വിരാജ് ഇന്നലെ അറിയിച്ചിരുന്നു. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം റിലീസ് മാറ്റുന്നു എന്നാണ് പൃഥ്വിരാജ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.
‘‘വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ. ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്!
കടുവയുടെ റിലീസ് അപ്രതീക്ഷിതമായ കാരണങ്ങളാൽ 07/07/2022 ലേക്ക്, ഒരാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുന്നു. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്‌ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു’’, പൃഥിരാജ് കുറിച്ചു.
Also Read: ഇങ്ങനെയൊരാൾ ഇവിടെ ഉണ്ടായിരുന്നു; അംബിക റാവുവിനെ ഓർക്കുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.