scorecardresearch
Latest News

സർക്കാരിന്റെ വനിതാ സിനിമാ പദ്ധതിയിലെ ആദ്യ ചിത്രം ‘നിഷിദ്ധോ’ തിയേറ്ററുകളിൽ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ചതാണ് താരാ രാമാനുജൻ സംവിധാനം ചെയ്ത ഈ ചിത്രം.

Nishidho, New release, Photo

സിനിമ സംവിധാന രംഗത്ത് സ്ത്രീസാന്നിധ്യം സജീവമാക്കുന്നത് ലക്ഷ്യമിട്ടു കേരളം സർക്കാർ രുപീകരിച്ച വനിതാ സിനിമാ പദ്ധതിയിലെ ആദ്യഘട്ടത്തിലെ രണ്ടു ചിത്രങ്ങളിലൊന്നായ ചിത്രം ‘നിഷിദ്ധോ’ ഇന്ന് തിയേറ്ററുകളിൽ എത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ചതാണ് താരാ രാമാനുജൻ സംവിധാനം ചെയ്ത ഈ ചിത്രം. ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള വിവിധ ചലച്ചിത്രോത്സവ വേദികളിൽ പ്രേക്ഷക ശ്രദ്ധ നേടുകയും അന്താരാഷ്ട്ര തലത്തിൽ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത ചിത്രത്തിൽ കനി കുസൃതി, തന്‍മയ് ധനാനിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് വിനോദ നികുതിയിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

സ്ത്രീകൾ ചലച്ചിത്ര രംഗത്തേക്ക് കൂടുതൽ കടന്നു വരാനായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ‘ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ’. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവർത്തകരിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും അതിൽനിന്ന് അർഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകൾ തിരഞ്ഞെടുത്തത് അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയുടെ അവസരം മനസിലാക്കി അതിനായി അപേക്ഷിച്ച് സർക്കാർ നിശ്ചയിച്ച ബഡ്ജറ്റിനുള്ളിൽ നിന്ന് നിർമിച്ച ചിത്രമാണ് താര രാമാനുജൻ സംവിധാനം ചെയ്ത ‘നിഷിദ്ധോ.’

‘നിഷിദ്ധോ’ പറയുന്നത്

പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് ‘നിഷിദ്ധോ’ പ്രമേയമാക്കുന്നത്. കേരളത്തിലെ മാറുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ അരങ്ങേറുന്ന ‘നിഷിദ്ധോ’യിൽ രുദ്രയായി തന്മയ് ധനാനിയും ചാവിയായി കനി കുസൃതിയും വേഷമിടുന്നു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോയിലൂടെ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആര്‍.മോഹനന്‍ പുരസ്കാരം താര രാമാനുജന്‍ നേടിയിരുന്നു.

ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡ്സില്‍ (ഒഐഎഫ്എഫ്എ) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ഇന്ത്യയില്‍ നിന്നുമുള്ളതും ഇന്ത്യ പശ്ചാത്തലമാകുന്നതുമായ സിനിമകള്‍ക്കുമായി കാനഡയില്‍ നടത്തുന്ന ചലച്ചിത്ര മേളയാണ് ഒഐഎഫ്എഫ്എ. 13-ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലും 27-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. താര രാമാനുജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.

സംവിധായികയ്ക്ക് പറയാനുള്ളത്

ജീവിത യാഥാർഥ്യത്തിന്റെ നേർകാഴ്ച കാണിക്കാൻ പോന്ന തരത്തിലുള്ള ഒരു ആഖ്യാന ശൈലിയിലൂടെ കൊച്ചി പോലെയൊരു നഗരത്തിന്റെ അത്ര വർണാഭമല്ലാത്ത പരുക്കൻ കാഴ്ചകൾ കാണിക്കണം എന്നു തോന്നിയെന്ന് സംവിധായിക താര രാമാനുജൻ പറയുന്നു. സിനിമയിൽ അതിഥി തൊഴിലാളികളുടെ കഥ പറയാനുണ്ട്, അതിലുപരി, ഇത് ഒരു നഗരത്തിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ കഥയാണ്, അവർ ആ നഗരത്തിന്റെ ഭാഗമല്ല എന്ന തിരിച്ചറിവോടെ ജീവിക്കുന്ന രണ്ട് മനുഷ്യർ. അവർ തമ്മിൽ ഉടലെടുക്കുന്ന ഒരു ആത്മബന്ധത്തിന്റെ, അവർക്ക് തമ്മിൽ മാത്രം ആശയവിനിമയം നടത്താൻ കഴിയുന്ന വിഷയങ്ങൾ , അവർ അവരുടെ ജീവിതത്തിന്മേൽ എടുക്കുന്ന ചില തീരുമാനങ്ങൾ, അതിന്റെ പരിണാമം എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് താര പറഞ്ഞു. താരയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം ഇവിടെ വായിക്കാം.

വിവാദം

വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനും അവരുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയില്‍ വര്‍ഷത്തില്‍ രണ്ട് സിനിമകളാണ് നിർമിച്ചത്. ഈ പദ്ധതിയില്‍ റിലീസ്നിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിനിമയാണ് ‘നിഷിദ്ധോ.’ നവാഗതയായ മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്സ്’ ആണ് നിര്‍മ്മാണം പൂര്‍ത്തിയായ മറ്റൊരു ചിത്രം.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഎസ്‌എഫ്‌ഡിസി) കീഴിൽ 2019ൽ ആരംഭിച്ച പദ്ധതിയിൽ നിർമ്മാണത്തിനായി രണ്ട് സ്‌ക്രിപ്റ്റുകളാണ് ആദ്യം തിരഞ്ഞെടുത്തത്. ആദ്യ വർഷം തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു മിനിയുടേത്. കഴിഞ്ഞ വർഷം ഒന്നിലധികം തവണ റിലീസ് തീയതി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഓരോ തവണയും അത് മാറ്റി വയ്ക്കുകയായിരുന്നുവെന്ന് സംവിധായിക മിനി പറയുന്നു. വൈരാഗ്യം തീർക്കാൻ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് റിലീസ് വൈകിപ്പിച്ചെതെന്നും മിനി ആരോപിക്കുന്നു. ഈ വിഷയത്തിൽ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനെതിരെ നടി സജിതാ മഠത്തിലുള്ളപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kerala govt funded film nishiddo in theaters