ഇതുവരെ അഭിമുഖീകരിക്കാത്ത പ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അതില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും പരസ്പരം കൈകോര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന് പുറത്തു നിന്നും സഹായം ഒഴുകിയെത്തുന്നുമുണ്ട്. ആ കൂട്ടത്തില്‍ ചേരുകയാണ് നടി രോഹിണിയും. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്ന സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്നു രോഹിണി. കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും താങ്ങാകാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

പത്ത് ലക്ഷത്തിനടുത്ത് ആളുകളുണ്ട് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലായി. അവിടെ നിന്നും മടങ്ങുമ്പോള്‍ അവര്‍ക്ക് മുന്നിലുണ്ടാകാന്‍ പോകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവരുടെ വീടാകും. കുത്തിയൊലിച്ച് വന്ന മഴയില്‍ പലരുടേയും വീടിന്റെ അടിത്തറ വരെ ഇളകിയിട്ടുണ്ട്. മിക്ക വീടുകളും നവീകരണം ആവശ്യപ്പെടുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് രോഹിണി നിര്‍ദ്ദേശിക്കുന്നത്. വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു കൊടുക്കാന്‍ സഹായിക്കുമെന്നാണ് രോഹിണി പറഞ്ഞത്.

കുറച്ച് നാളു മുമ്പ് താന്‍ കേരളത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ചയാണ് രോഹിണിയുടെ വാക്കുകളുടെ പ്രചോദനം. കുറച്ച് ദിവസം മുമ്പ് പൊന്നാനിയിലെ ഒരു സ്‌കൂളില്‍ പോയിരുന്നു. അന്ന് ചെറിയ ബജറ്റില്‍ വീടുണ്ടാക്കാന്‍ സാധിക്കുന്ന ആശയുമായി പത്തോളം യുവാക്കളെ കണ്ടിരുന്നു. ലാറി ബേക്കറുടെ സങ്കല്‍പ്പമാണ് അവരുടെ പിന്‍ബലം. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് അവിടെ ചെല്ലാന്‍ പ്രകൃതി അനുഗ്രഹിക്കുകയാണെങ്കില്‍ ഓര്‍ഗാനിക്, സുസ്ഥിര വാസ്തുവിദ്യ ഉപയോഗിച്ച് ആളുകള്‍ക്ക് വീടുകള്‍ പുതുക്കിപ്പണിയാന്‍ ഞാന്‍ സഹായിക്കും രോഹിണി പറയുന്നു.

”നിരവധി പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. ആ നഷ്ടം ഒരിക്കലും നികത്താനാകുന്നതല്ല. മറ്റു ചിലര്‍ക്കാണെങ്കില്‍ ആകെയുള്ള കിടപ്പാടമാണ് നഷ്ടമായത്. അവര്‍ ഇനി എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങണം,” രോഹിണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിണി ഇത് അറിയിച്ചത്.

കേരളത്തില്‍ നേരിട്ട് വന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടുത്തെ ഭൂമിശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ താന്‍ നേരിട്ട് പോയാല്‍ അതൊരു ബാധ്യതയായി മാറുമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് ഫണ്ടുകള്‍ ശേഖരിച്ചും നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുഹൃത്തുക്കളുമായി സഹകരിച്ചും ദൗത്യത്തില്‍ പങ്കാളിയാകുന്നുണ്ടെന്നും രോഹിണി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ