“ഈ അവസരത്തില്‍ കേരളത്തിനൊപ്പം നിന്നില്ലെങ്കില്‍, അടിസ്ഥാനപരമായുള്ള മാനുഷിക മൂല്യങ്ങളും വളര്‍ച്ചയുമുള്ള മനുഷ്യര്‍ എന്ന നിലയില്‍ നമ്മള്‍ പാടേ പരാജയപ്പെട്ട് പോകും. കേരളത്തിന്‌ നമ്മളെ ആവശ്യമുണ്ട്. ചെറിയ ചെറിയ തുള്ളികളാണ് സമുദ്രമായി മാറുന്നത്. നിങ്ങളാല്‍ ആവുന്ന രീതിയില്‍ സഹായിക്കണം. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തിനും ഒരു വഴിയുണ്ടാകും”.

പ്രളയക്കെടുതിയില്‍ പെട്ടുപോയ കേരളത്തിനു വേണ്ടി ലോകത്തോട്‌ സഹായം ചോദിച്ചു കൊണ്ട് തെന്നിന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ്‌ വക്താവുമായ ഖുശ്ബു പറഞ്ഞ വാക്കുകളാണിവ.

കേരളത്തിലെ വെള്ളപ്പൊക്കത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കാണിച്ചു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എഴുതിയ ട്വീറ്റ് ഖുശ്ബു റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

“പ്രിയപ്പെട്ട പ്രധാനമന്ത്രി, കേരള ഫ്ലഡ്‌സ് എത്രയും പെട്ടന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും ജീവിതമാര്‍ഗവും ഭാവിയും കടുത്ത പ്രതിസന്ധിയിലാണ്”, എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്.

“കേരളം കടുത്ത വിപത്തിനെ നേരിടുന്ന ഈ സമയത്ത് രാജ്യം കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെയാണ്. എന്ത് തന്നെ സംഭവിച്ചാലും കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരിക്കും. ധൈര്യമായിരിക്കൂ”, കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സജീവമായി ട്വീറ്റ് ചെയ്യുന്ന ഖുശ്ബു കഴിഞ്ഞ ദിവസം ഇങ്ങനെ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്നത് ചെയ്തു എന്നും അവര്‍ ട്വിറ്ററില്‍ അറിയിച്ചു.

കേരളത്തിന്റെ ദുരവസ്ഥ തന്റെ ആലോചനകളില്‍ നിറയുന്നു എന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളില്‍ കേരളം ഉണ്ടാകണം എന്നും ഖുശ്ബു മറ്റൊരവസരത്തില്‍ എഴുതി. ഉത്തരവാദിത്തമുള്ള പൗരന്മാരായി ഈ വിപത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണം എന്നും ഭൂമിയേയും പ്രകൃതിയേയും മാനിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook