scorecardresearch
Latest News

നാടറിയുന്ന, നാട്ടുകാരെ അറിയുന്ന നായകന്‍: ടൊവിനോ തോമസിന് കൈയ്യടിച്ച് കേരളം

Kerala Floods: സിനിമയിലും ജീവിതത്തിലും നായകനാകാന്‍ ഇരട്ടി അദ്ധ്വാനം ആവശ്യമാണ്. നാടറിയണം, നാട്ടുകാരെ അറിയണം. അപ്പോള്‍ അക്ഷരം തെറ്റാതെ അവര്‍ നിങ്ങളെ വിളിക്കും ‘നായകന്‍’ എന്ന്

നാടറിയുന്ന, നാട്ടുകാരെ അറിയുന്ന നായകന്‍: ടൊവിനോ തോമസിന് കൈയ്യടിച്ച് കേരളം

സിനിമയില്‍ നായകനാകുന്ന പോലെയല്ല, ജീവിതത്തില്‍ നായകനാകുക എന്നത്. കുറച്ചധികം പ്രയാസപ്പെടേണ്ടി വരും. അപ്പോള്‍ സിനിമയിലും ജീവിതത്തിലും നായകനാകാന്‍ അതിലും എത്രയോ ഇരട്ടി അദ്ധ്വാനം ആവശ്യമാണ്. നാടറിയണം, നാട്ടുകാരെ അറിയണം. അപ്പോള്‍ അക്ഷരം തെറ്റാതെ അവര്‍ നിങ്ങളെ വിളിക്കും ‘നായകന്‍’ എന്ന്. ഇപ്പോള്‍ യുവതാരം ടൊവിനോ തോമസിനെ വിളിക്കുന്നതു പോലെ.

Read More: രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്കു നല്‍കാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട: ടൊവിനോ

താരങ്ങള്‍ വിണ്ണിലാണ്, പക്ഷെ ഈ താരം ഇവിടെ ഇങ്ങു മണ്ണിലാണ്. കാറ്റും മഴയും കാഴ്ച നഷ്ടപ്പെട്ട കടൽ പോലെ ഇളകിയെത്തിയപ്പോള്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട്, ഉറുമ്പ് അരിമണി പെറുക്കിക്കൂട്ടുന്നതു പോലെ ഒരു മനുഷ്യായുസില്‍ സ്വരുക്കൂട്ടിയതെല്ലാം പ്രളയത്തിനു വിട്ടുകൊടുത്ത് ജീവന്‍ കൈയ്യില്‍ പിടിച്ചോടി, ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യരോട് ചോദിച്ചാല്‍ അവര്‍ക്ക് ഈ മനുഷ്യന്‍ നായകന്‍ തന്നെയായിരിക്കും.

ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ നിരവധി സെലിബ്രിറ്റികള്‍ മുന്നോട്ടു വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ പങ്കുവച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും ക്യാമ്പുകളിലേക്ക് ആവശ്യ സാധനങ്ങള്‍ സമാഹരിക്കുന്ന കളക്ഷന്‍ സെന്ററുകളില്‍ വൊളണ്ടിയര്‍മാരായുമെല്ലാം ഇവരുണ്ടായിരുന്നു.

എന്നാല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്യാമ്പില്‍ ആദ്യ ദിവസം മുതല്‍ നാട്ടുകാര്‍ക്കൊപ്പം അരിച്ചാക്ക് ചുമന്നും, ഗ്യാസ് സിലിണ്ടര്‍ ചുമന്നും സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ മലിന ജലത്തിലിറങ്ങിയും ഓടി നടന്നു ജോലികള്‍ ചെയ്തിരുന്ന ടൊവിനോ തോമസിനെ ആരും മറക്കില്ല. ഇപ്പോള്‍ ഇല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ‘ടൊവിനോ മുത്താണ്’ എന്ന്.

ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്ക് വിട്ടു നല്‍കിക്കൊണ്ടാണ് ആദ്യം ടൊവിനോ വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീടങ്ങോട്ട് കണ്ടു നില്‍ക്കുന്നവരുടെയെല്ലാം ഹൃദയത്തില്‍ തൊട്ടു കൊണ്ടായിരുന്നു ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങള്‍. ജനങ്ങള്‍ക്കൊപ്പം, പച്ചക്കറിയും അരിയും മറ്റുള്ള സാധനങ്ങളും ചുമന്ന് ക്യാമ്പിലേക്ക് എത്തിക്കാനും ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനും ടൊവിനോ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

ടൊവിനോയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. ഇനി ടൊവിനോയുടെ എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ പോയി കാണുമെന്നുവരെ ചിലര്‍ ശപഥം ചെയ്തു. എന്നാല്‍ സ്വന്തം നാട്ടില്‍ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ ആരും ചെയ്യുന്നതേ താനും ചെയ്തുള്ളൂ, ഒരു സിനിമാ നടനായി എന്നതുകൊണ്ട് പ്രത്യേക ക്രെഡിറ്റ് തനിക്കു വേണ്ടെന്നുമാണ് താരം പറഞ്ഞത്.

‘സ്വന്തം നാട്ടില്‍ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കാര്യം തന്നെയേ ഞാനും ചെയ്തിട്ടുള്ളൂ. ഇവിടെ പലരും സ്വന്തം ജീവന്‍ പണയംവച്ചും നഷ്ടപ്പെടുത്തിയുമൊക്കെയാണ് നാട്ടുകാരെ രക്ഷപ്പെടുത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും, സര്‍ക്കാരും ചെയ്തത് വലിയ കാര്യങ്ങളാണ്. ചെറിയത് എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ പോലും ചെയ്യാനുള്ള വലിയ മനസാണ് കാണേണ്ടത്,’ ടൊവിനോ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു.

#Tovino #Muwth…..

A post shared by Sreekumar Sree (@_sreekumar_sree) on

ഇരിങ്ങാലക്കുടയിൽ അഡ്വക്കേറ്റ് ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ജനിച്ച ടൊവിനോയുടെ പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ വിദ്യാലയത്തിലും ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഒാഫ് എഞ്ചിനീയറിംഗ് കോയമ്പത്തൂരിലും ആയിരുന്നു.

Read More: Kerala Floods: പിന്നെ എന്തിനാ മുത്തേ ചേട്ടന്‍ ജിമ്മില്‍ പോയത്: അരിച്ചാക്ക് ചുമന്നും ആശ്വസിപ്പിച്ചും ടൊവിനോ തോമസ്

സിനിമയിലെത്തി വളരെ കുറഞ്ഞകാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് ടൊവിനോ. ‘എന്നു നിന്റെ മൊയ്തീനി’ലെ അപ്പുവേട്ടനും ‘ഗപ്പി’യിലെ തേജസ് വര്‍ക്കിയും ‘മായാനദി’യിലെ മാത്തനുമൊക്കെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച കഥാപാത്രങ്ങളാണ്. എന്നാല്‍ അതിനെക്കാള്‍ എത്രയോ ഇരട്ടി സ്‌നേഹമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ കൊണ്ട് ഈ യുവനടന്‍ സമ്പാദിച്ചത്.

ക്യാമ്പിലെ ജോലികളില്‍ മുഴുകിയിരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തുടക്ക കാലത്ത് മലയാളികള്‍ അഹങ്കാരി എന്നു മുദ്രകുത്തിയ നടനായിരുന്നു ടൊവിനോ. അതേ ആളുകളെക്കൊണ്ട് തന്റെ പ്രവര്‍ത്തികളിലൂടെ ‘നായകന്‍’ എന്നു വിളിപ്പിക്കുകയാണ് അദ്ദേഹം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kerala floods kerala rains relief camp tovino thomas