ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാപ്രളയത്തിന് കേരളം സാക്ഷിയാകുമ്പോള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍പ്പുറത്തുനിന്നും ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനമായ നാഗാലാന്‍ഡ് കേരളത്തിനു നേര്‍ക്ക് കൈകള്‍ നീട്ടുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ദി റാറ്റിലും ഹം മ്യൂസിക് സൊസൈറ്റിയും ചേര്‍ന്ന് നാഗാലാന്‍ഡ് ഫോര്‍ കേരള കണ്‍സേര്‍ട്ട് നടത്തുകയാണ്. കൊഹിമയില്‍ നാളെ നടത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം.

‘പ്രളയത്തിന്റെ ചിത്രങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ആരും ഇത്തരം ദുരന്തങ്ങളില്‍ നിന്നും സുരക്ഷിതരല്ലെന്നാണ് എനിക്കു തോന്നുന്നത്. മുട്ടോളം നനഞ്ഞ് ആളുകള്‍ വെള്ളത്തില്‍ നില്‍ക്കുന്നതും കുത്തിയൊലിച്ചുവരുന്ന മലവെള്ളത്തില്‍ സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമെല്ലാം പെട്ടുപോകുന്നതുമായ കാഴ്ചകള്‍ വല്ലാതെ ഭയപ്പെടുത്തുന്നതാണ്. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ ഞാനെന്റെ സംഗീതമേഖലയിലുള്ള സുഹൃത്തുക്കളേയും ബാന്‍ഡിലെ ആളുകളേയും വിളിച്ച് എന്റെ പദ്ധതി അറിയിച്ചു. വളരെ പെട്ടെന്നാണ് എല്ലാം ചെയ്തത്, കാരണം ഞങ്ങള്‍ക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ല,’ ഇതിന് ചുക്കാന്‍ പിടിക്കുന്ന മെറു ടി ടെലിഗ്രാഫിനോട് പറഞ്ഞു.

നാഗാലാന്‍ഡ് ഗവണ്‍മെന്റിന്റെ കൂടി സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ആറ് പ്രശസ്ത ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും പരിപാടിയുടെ ഭാഗമാണ്. ആയിരത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് മെറു പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook