വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ പുനരധിവാസനിധിയിലേക്കായി ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ ധനസഹായം. നിരവധി ജീവനുകള്‍ പൊലിയുകയും നിരവധി പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരാണ് കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുളളത്. ഇതിനിടെയണ് കങ്കണയും സഹായം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി 10 ലക്ഷം രൂപയാണ് ക്വീന്‍ താരം കങ്കണ നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിലും സംഭാവനയിലും എല്ലാവരും പങ്കാളികളാവണമെന്നും തന്റെ ആരാധകരോട് കങ്കണ ആവശ്യപ്പെട്ടു. അമിതാബ് ബച്ചന്‍, ഷാറൂഖ് ഖാന്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അനുഷ്ക ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരൊക്കെ കേരളത്തിന് ധനസഹായം നല്‍കിയിട്ടുണ്ട്.

നേരത്തെ, കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ ഹാസന്‍ 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു.

തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു. ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി, സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കി. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് 25 ലക്ഷം നല്‍കിയിരുന്നു. മോഹന്‍ലാലും 25 ലക്ഷം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook