ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും കര കയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കേരളം. വീടും വസ്തുവകകളും നഷ്ടപ്പെട്ട് ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച്,  എത്രയോ ആയിരങ്ങള്‍. ഇവര്‍ക്ക് താങ്ങും തണലുമാകാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളും അര്‍ത്ഥവും എത്തുന്നു. ദുരിത സമയത്ത് മലയാളിയുടെ കൈ പിടിക്കാന്‍ അവര്‍ ഏറെ ആരാധിക്കുന്ന സിനിമാ താരങ്ങളുമുണ്ട്. സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും ചെയ്തു. മലയാളത്തിന്റെ യുവ നിരയാകട്ടെ, രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിത ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമായി.

25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത മമ്മൂട്ടിയും (ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന്) മോഹന്‍ലാലും ഇനി ശ്രദ്ധ തിരിക്കേണ്ടത് ഒരു പ്രധാന മേഖലയിലേക്കാണ് കേരള സംസ്ഥാന സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോ. സുല്‍ഫി നൂഹു വിരല്‍ ചൂണ്ടുന്നത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആളുകളുടെ പുനരധിവാസത്തില്‍, അവര്‍ക്ക് നഷ്ടപ്പെട്ട മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രസക്തിയും അതില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള ജനപ്രിയ താരങ്ങള്‍ക്കുള്ള പങ്കിനേയും കുറിച്ചാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക്‌ കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നത്.

“ഐഎംഎയുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

അതോടൊപ്പം ഇതിൽ പലരും കടുത്ത മാനസിക ആഘാതം നേരിടാൻ സാധ്യത ഉള്ളവരാണ്. പോസ്റ് ട്രൗമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാൻ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള നിങ്ങൾ രണ്ടു പേരും ,ലാലേട്ടനും മമ്മൂക്കയും ഇതിൽ ഒന്നു പങ്കാളികളാകണം. നിങ്ങൾ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനം ആകും .

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ക്യാമ്പിലോ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം. ഒരു പാട്ട് പാടണം. പറ്റുമെങ്കിൽ ഒരു സദ്യ ഉണ്ണെണം. ഒരൽപ സമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക, ഒരുപക്ഷേ പകർച്ചവ്യാധികളിലേക്ക് അവർ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും, ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും.

ലാലേട്ടാ, ഒരുപക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയേക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.

അതുകൊണ്ടു ഒന്നു വരണം. ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും. മാനസിക രോഗ വിദഗ്ധർ ഉൾപ്പെടെ.

നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗൺസിലിങ്ങിന്.

കേരളത്തിന്റെ രണ്ടു വല്യേട്ടന്മാരും ആവശ്യപ്പെടണം, എല്ലാവരും അതിനോട് ചേരാൻ, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ.
അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ!”

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി ആണ് ഇഎന്‍ടി കണ്‍സല്‍ട്ടന്റ് ആയ തിരുവനന്തപുരം സ്വദേശി ഡോ.സുല്‍ഫി നൂഹു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook