പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി എല്ലാവിധ ആഘോഷങ്ങളും സർക്കാർ വേണ്ടെന്നു വെച്ച സാഹചര്യത്തിൽ സർക്കാറിന്റെ ഉത്തരവിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
സംസ്ഥാന സ്കൂള് കലോത്സവം മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) വരെ വേണ്ടെന്നു വെയ്ക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകളെയാണ് ഈ പ്രതികരണങ്ങളിൽ കൂടുതലും ഉയർത്തി കാണിക്കുന്നത്.
ചലച്ചിത്രോത്സവവും റദ്ദാക്കിയ സാഹചര്യത്തിൽ, ഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരവും കലാപരമായ സാംസ്കാരികതയുടെ അവസാനവുമാണെന്ന ശക്തമായ വിമർശനവുമായി ഇന്നലെ സംവിധായകൻ ഡോ. ബിജു രംഗത്തുവന്നിരുന്നു. ഐഎഫ്എഫ്കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന പ്രസ്താവനയുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും തന്റെ പ്രതികരണം രേഖപ്പെടുത്തുകയാണ്. ‘ദ ഹിന്ദു’ വിന് നൽകിയ അഭിമുഖത്തിലാണ് അടൂർ തന്റെ പ്രതികരണം അറിയിച്ചത്.
” തൊട്ടു മുൻപത്തെ വർഷത്തിലിറങ്ങിയ സിനിമകൾ സ്ക്രീൻ ചെയ്യുന്ന ഒരു വാർഷിക ഇവന്റാണ് ഐ എഫ്എഫ്കെ. ഒരു വർഷം ചലച്ചിത്രോത്സവം റദ്ദാക്കപ്പെടുമ്പോൾ, ആ സിനിമകൾ പിന്നീട് ഒരു ചലച്ചിത്രോത്സവത്തിന്റെ ഫ്രെയിം വർക്കിന് അകത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടാകും. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ, ലളിതമായ രീതിയിൽ ചലച്ചിത്രോത്സവം നടത്താനാവുമോ എന്നാണ് ആലോചിക്കേണ്ടത്. ചെലവു കുറയ്ക്കാനായി, സിനിമകളുടെയും അതിഥികളുടെയും ഇവന്ററുകളുടെയും എണ്ണം കുറയ്ക്കാം. അതുപോലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പോലുള്ളവയും ഈ വർഷം മാറ്റിവെയ്ക്കാം. അല്ലാതെ ഐഎഫ്എഫ്കെ റദ്ദാക്കുക എന്നത് മണ്ടത്തരമാണ്. ചലച്ചിത്രോത്സവത്തിന്റെ തുടർച്ചയെ അത് മോശമായി ബാധിക്കും. ഒരു തവണ ചലച്ചിത്രോത്സവം റദ്ദാക്കിയാൽ, അടുത്ത വർഷത്തെ സംഘാടനത്തെയും അതു ബാധിക്കും, പ്രായോഗികമായി ബുദ്ധിമുട്ടുകൾ കൂടുതൽ അഭിമുഖീകരിക്കേണ്ടിയും വരും. ” അടൂർ അഭിമുഖത്തിൽ പറയുന്നു.
“ഫെസ്റ്റിവലിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് കൃത്യമായ ഒരു സമയപരിധിയ്ക്കുള്ളിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങൾ മാത്രമേ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്താൻ സാധിക്കൂ എന്നുണ്ട്. ആ സിനിമകളെ അടുത്ത വർഷം പരിഗണിക്കാൻ നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച് കഴിയില്ല. പ്രധാന കാറ്റഗറികൾ നിലനിർത്തി, ആർഭാടങ്ങളും ഇവന്ററുകളും ഒഴിവാക്കി ലളിതമായ രീതിയിൽ നടത്താൻ ശ്രമിക്കുകയാവും സമയോചിതമായി ചെയ്യാവുന്ന കാര്യം. കേരളം മാത്രമല്ല, ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചലച്ചിത്രോത്സവം കൂടിയാണ് ഐഎഫ്എഫ്കെ. അതു നമ്മൾ ഓർക്കേണ്ടതുണ്ട്.” അടൂർ അഭിപ്രായപ്പെടുന്നു.