ട്രോളുകളിലും കളിയാക്കലുകളിലുമൊന്നും മനസ്സു വിഷമിച്ച് മാറിനിൽക്കേണ്ട സമയമല്ല, അണ്ണാൻകുഞ്ഞിനും തന്നാലാവും വിധം ദുരന്തമുഖത്ത് സഹജീവികൾക്ക് കരുത്തും കരുതലും സഹായവുമെത്തിക്കേണ്ട സമയമാണെന്ന് ഉറച്ച്, അരിച്ചാക്ക് ചുമന്നും തന്നാലാവുന്ന സഹായങ്ങളേകിയും പ്രളയമുഖത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ. നിലമ്പൂരിലേയും വയനാട്ടിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വന്തം നിലയിൽ ടൊവിനോ എത്തിച്ചത് ഒരു ലോഡ് സാധനങ്ങളാണ്. സാധനങ്ങൾ ലോറിയിൽ കയറ്റാനും മറ്റും കൂടെയുള്ളവർക്കൊപ്പം മടി കൂടാതെ സഹകരിക്കുന്ന ടൊവിനോയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ പ്രളയമുഖത്തുും അരിച്ചാക്ക് ചുമന്നും ആളുകളെ സഹായിച്ചുമെല്ലാം തന്റെ നാട്ടുകാർക്കൊപ്പം ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു ടൊവിനോ. ജന്മനാടായ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ താരം പങ്കാളിയായതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഒപ്പം പ്രളയത്തിൽ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് ടൊവിനോ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയകാലത്തും നാട് ദുരിതക്കയത്തിലായപ്പോൾ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുക്കാൻ ടൊവിനോ തയ്യാറായിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ടൊവിനോ നടത്തിയ സേവനങ്ങൾ സിനിമാ പ്രമോഷനു വേണ്ടിയാണെന്ന രീതിയിലുള്ള ആരോപണങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ” കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഇടാതിരുന്നത്. അതിട്ടാൽ, അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പറഞ്ഞുകൊണ്ട് കുറെ പേര് വരും, ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive.” തനിക്കു നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് ടൊവിനോ ഫെയ്സ്ബുക്ക് പോസ്റ്റിലും പരാമർശിച്ചിരുന്നു.

എന്നാൽ അത്തരം ട്രോളുകളെയും കളിയാക്കലുകളെയും ഒന്നും ഗൗനിക്കാതെ സഹജീവികളോട് അനുകമ്പയോടെ പെരുമാറുകയും സഹായഹസ്തങ്ങൾ നീട്ടുകയും പ്രളയകേരളത്തിനൊപ്പം നിൽക്കുകയും ചെയ്യുന്ന ടൊവിനോയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

Read more: പ്രളയ കേരളത്തെ കൈപിടിച്ചു കയറ്റാൻ ഡബ്ല്യുസിസിയും

ടൊവിനോ മാത്രമല്ല,ജോജു, സണ്ണി വെയ്ൻ, ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ, മുഹ്സിൻ പരാരി, റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ഡബ്ല്യുസിസി പ്രവർത്തകർ തുടങ്ങി നിരവധിയേറെ പേർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമാണ്. ഫേസ്ബുക്ക് കൂട്ടായ്മയുമായി ചേർന്ന് ജോജുവും സംഘവും ഭക്ഷണവും മരുന്നുകളും അവശ്യവസ്തുക്കളും അടങ്ങുന്ന മൂന്ന് ലോഡ് സാധനങ്ങളാണ് പ്രകൃതിക്ഷോഭം ഇത്തവണ ഏറ്റവും നാശം വിതച്ച നിലമ്പൂർ, വയനാട് പ്രദേശങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും പ്രിയ താരങ്ങൾ ഹീറോകളായി മാറുന്ന കാഴ്ചയാണ് മലയാളികൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

Read more: Kerala Floods: പിന്നെ എന്തിനാ മുത്തേ ചേട്ടന്‍ ജിമ്മില്‍ പോയത്: അരിച്ചാക്ക് ചുമന്നും ആശ്വസിപ്പിച്ചും ടൊവിനോ തോമസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook