പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും ഉരുൾപൊട്ടലും വീണ്ടും കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടപ്പോൾ കൈതാങ്ങുമായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി സുമനസ്സുകളാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ഒരേ മനസ്സോടെ സിനിമാതാരങ്ങളും ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തങ്ങളുമായി രംഗത്തുണ്ട്.

കഴിഞ്ഞ പ്രളയമുഖത്ത് അരിച്ചാക്ക് ചുമന്നും ആളുകളെ സഹായിച്ചുമെല്ലാം മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന ടൊവിനോ, ഇത്തവണയും പ്രളയമുഖത്ത് സേവനസന്നദ്ധനാണ്. ജന്മനാടായ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷനിലെ താലൂക്കോഫീസിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ താരം പങ്കാളിയായി.

പ്രളയത്തിൽ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് ആവശ്യമെങ്കിൽ വീട്ടിലേക്ക് വരാം, വീട് സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയകാലത്തും നാട് ദുരിതക്കയത്തിലായപ്പോൾ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുക്കാൻ ടൊവിനോ തയ്യാറായിരുന്നു.

അതേസമയം, വയനാട്ടിലെ ദുരന്തബാധിതമേഖലകളിലേക്ക് ബയോ ടോയ്‌ലറ്റുകൾ സംഭാവന ചെയ്ത് മാതൃകയാവുകയാണ് ജയസൂര്യ. ദുരന്തം വിതച്ച മേപ്പാടിമേഖലയിലേക്കാണ് 10 ബയോ ടോയ്‌ലറ്റുകൾ താരം എത്തിച്ചിരിക്കുന്നത്. മാതൃഭൂമിയുടെ സഹകരണത്തോടെയാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് ജയസൂര്യ ഈ പത്ത് താത്കാലിക ടോയ്ലറ്റുകള്‍ എത്തിച്ചത്.

Read more: എന്റെ വീട് സുരക്ഷിതമാണ്, ഇങ്ങോട്ട് വരാം; ടൊവിനോ വിളിക്കുന്നു

ടൊവിനോയും ജയസൂര്യയും മാത്രമല്ല, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവച്ചുമെല്ലാം നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, പാർവ്വതി എന്നു തുടങ്ങി നിരവധിയേറെ താരങ്ങൾ രംഗത്തുണ്ട്.

Read more: നിങ്ങള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം, ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല; വിമര്‍ശകരുടെ വായടപ്പിച്ച് നിത്യാ മേനന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook