Rebuilding Kerala: പ്രളയത്തിലാഴ്ന്ന കേരളത്തിൽ സ്നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കളയില്‍ (ലാങ്ർ) ബോളിവുഡ് താരവും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്റില് പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ.
യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന സിഖ് സംഘടനയുടെ വോളന്റിയർമാരാണ് ദുരന്തത്തിനിരയായ മലയാളികൾക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെത്തിയത്.
കൊച്ചിയിൽ കഴിഞ്ഞ വെളളിയാഴ്ചയോടെ എത്തിയ വോളന്റിയർമാർ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയിൽ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്. ഇവിടെ ആരംഭിച്ച റിലീഫ് ക്യാമ്പിൽ മൂവായിരം പേർക്കുളള ഭക്ഷണം തയ്യാറാക്കി നൽകുന്നു.
Rebuilding Kerala: ലുധിയാനയിൽ നിന്നുളള ജൻപീത് സിങ്ങും ഡൽഹിയിൽ നിന്നുളള ഇന്ദ്രജിത് സിങ്ങും ഖാനയിൽ നിന്നുളള ജസ്ബീർ സിങ്ങും ജലന്ധറിൽ നിന്നുളള നവ്പാലൽ സിങ്ങും ആണ് ഖൽസ എയിഡിന്റെ ആദ്യ ടീമിന്റെ ഭാഗമായി കേരളത്തിലെത്തിയത്. ഇവരെ സഹായിക്കാൻ പ്രാദേശികമായി എട്ടു വോളന്റിയർമാരുണ്ട്.
Read More: പ്രളയത്തിലാഴ്ന്ന കേരളത്തിൽ സ്നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കള
A hero is someone who understands the responsibility that comes with freedom! #KeralaFloods2018 #KeralaFloodRelief #Kerala #JammuAndKashmir #Mumbai #humanity #RealHeroes #KhalsaAid #motivation #RandeepHooda @Khalsa_Aid pic.twitter.com/qtw8OknZjj
— Randeep Hooda FC (@Randeep_HoodaFC) August 23, 2018
നാടകനടനായിരുന്ന രണ്‍ദീപ് ഹൂഡയെ സിനിമയിലേക്ക് എത്തിക്കുന്നത് മീരാ നായരാണ്, ‘മോണ്സൂണ് വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ. ‘ഒന്‍സ് അപോന്‍ എ ടൈം ഇന്‍ മുംബൈ’, ‘ജന്നത്’, ‘സാഹെബ്, ബീവി ഓര് ഗാംഗ്സ്റ്റര്’, ‘ജിസം 2’, ‘സരബ്ജീത്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സ്പോര്‍ട്സ്, പത്രപ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയിലും സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് റോഹ്തക് സ്വദേശിയായ ഈ നാൽപത്തിരണ്ടുകാരന്.