പ്രളയം വിഴുങ്ങിയ കേരളത്തെ ഒറ്റക്കെട്ടായി കൈപിടിച്ചു കരകയറ്റാനുളള ശ്രമത്തിലാണ് ഓരോരുത്തരും. നാടിനെ നടുക്കിയ ദുരന്തത്തിൽ പകച്ച് നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈയ്യും മെയ്യും മറന്ന് ആയിരക്കണക്കിന് പേരാണ് സജീവമായിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാ താരങ്ങളും പിന്നിലല്ല.

എറണാകുളത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിൽ തന്നെ ‘അൻപോട് കൊച്ചി’ എന്ന സംഘടനയുണ്ട്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, പാർവ്വതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, സരയു തുടങ്ങിയവരൊക്കെ സജീവമായി തന്നെ അൻപോട് കൊച്ചിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.

തൃശ്ശൂരിലെ ദുരിതാശ്വാസ ക്യാംപുകളിലാണ് നടൻ ടൊവിനോ തോമസിന്റെ പ്രവർത്തനം. ഇരിങ്ങാലക്കുടയിലെ വീടിനടുത്തുളള ദുരിതാശ്വാസ ക്യാംപിൽ സഹായം എത്തിക്കുന്നതും ടൊവിനോയുടെ നേതൃത്വത്തിലാണ്.

നടി കീർത്തി സുരേഷും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗവ. സംസ്കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളിലാണ് കീർത്തി പങ്കാളിയായത്. ദുരിതാശ്വാസ ക്യാംപുകളിലേക്കുളള സാധനങ്ങൾ ശേഖരിച്ച് ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.

സംസ്ഥാനത്തെ വിവിധ ക്യാംപുകളിലായി ലക്ഷക്കണക്കിന് പേരാണ് കഴിയുന്നത്. പല ക്യാംപുകളിലും ഇപ്പോഴും ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook