Rebuilding Kerala: ഇങ്ങനെ ഒരു ഓണക്കാലം ഉണ്ടാകുമെന്ന് ഒരു മലയാളിയും കരുതിയിരിക്കില്ല. പ്രിയപ്പെട്ടവരുടെ സങ്കടത്തിന്റെ, നഷ്ടപ്പെടലിന്റെ ഓണമാണ് ഈ വര്‍ഷത്തേത്. രാജ്യം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയത്തെയാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. സര്‍വ്വവും നഷ്ടപ്പെടുമ്പോഴും മലയാളിയ്ക്ക് കൈമുതലായുള്ളത് ജീവിതത്തെ തിരികെപ്പിടിക്കാം എന്ന ശുഭാപ്തി വിശ്വാസം മാത്രം.
ഈ തിരുവോണനാളില്‍, സ്നേഹവും പാരസ്പര്യവുമാണ് നമ്മുടെ ശക്തി എന്ന് മലയാളിയെ ഓര്‍മ്മിപ്പിക്കുന്നത് തെന്നിന്ത്യയുടെ വാനമ്പാടി കെ എസ് ചിത്രയാണ്. ദുരിതത്തിലാണ്ട കേരളത്തിനെ ശബ്ദം കൊണ്ട് സുഖപ്പെടുത്താന്‍, തോരാക്കണ്ണീരിനെ നിറപുഞ്ചിരിയിലലിയിക്കാന് അവരെത്തും. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് തിരുവോണ നാളില്‍ കെ എസ് ചിത്ര എത്തുന്നത്. ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിനൊപ്പമാകും അവര്‍ ക്യാമ്പ് സന്ദര്‍ശിക്കുക. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള ഗായകര്‍ പങ്കെടുത്തിരുന്നു. കേരളാ ആർട് ലവേഴ്സ് അസോസിയേഷൻ (കല), മറ്റ് സംഗീത സന്നദ്ധ സംഘടകളുമായി ചേർന്ന് നടത്തി വരുന്ന ”സാന്ത്വന സംഗീതം’ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടിയുടെ ഭാഗമാണ് ഇത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Rebuilding Kerala: ഇന്നലെ തിരുവനന്തപുരത്തെ തന്റെ പൂര്‍വ്വ വിദ്യാലയമായ ഗവണ്മെന്റ് കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലെ ക്യാമ്പില്‍ ചിത്ര എത്തിയിരുന്നു. കേരളമൊട്ടാകെ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവ സമാഹരണം നടത്തുന്നവരെ ചിത്ര അഭിനന്ദിച്ചു. അവര്‍ക്ക് വേണ്ടി ഒരു ഗാനവും ആലപിച്ചു.
മുഖ്യമന്ത്രിയുട്ടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ചിത്ര രണ്ടു ലക്ഷം രൂപ സംഭാവന നല്കി. ചിത്രാ ഫാന്‍സ് അസോസിയേഷന് വക വിഭവ സമാഹരണവും സജീവമായി നടക്കുന്നുണ്ട്.
#KeralaFloodRelief #DoForKerala #StandWithKerala #PrayForKerala #KSChithraBangaloreFans @KSChithra @KSChithra360 pic.twitter.com/HBnCztQAaj
— K S Chithra Fans (@KSChithraFans) August 24, 2018
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒത്തു ചേരണം എന്നാവശ്യപ്പെട്ട് ഒരു വീഡിയോയും ചിത്ര റിലീസ് ചെയ്തിരുന്നു.
“ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ആം തീയതി മുതല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം, നമ്മുടെ കൊച്ചു കേരളം കണ്ടത് അതിഭീകരമായ കാഴ്ചകളാണ്. ഈ മഹാപ്രളയത്തെ, പ്രളയം മൂലമുണ്ടായ ദുരന്തത്തെ, നമ്മള് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഇത് കേരളമാണ്”, ചിത്ര വീഡിയോയില്‍ പറഞ്ഞു.