/indian-express-malayalam/media/media_files/uploads/2023/07/Nna-thaan-case-kodu.png)
പുരസ്‌കാര നിറവിൽ രതീഷ് പൊതുവാൾ ചിത്രം 'ന്നാ താൻ കേസ് കൊട്'
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താൻ കേസ് കൊട്.' സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഏഴ് അവാർഡുകളാണ് 'ന്നാ താൻ കേസ് കൊട്' സ്വന്തമാക്കിയത്. ജനപ്രിയ ചിത്രം, മികച്ച തിരക്കഥാകൃത്ത്, സ്വഭാവ നടൻ,മികച്ച കലാസംവിധാനം, മികച്ച ശബ്ദമിശ്രണം, മികച്ച പശ്ചാത്തലസംഗീതം, അഭിനയത്തിനുള്ള​ പ്രത്യേക ജൂറി പരാമർശം എന്നിവയാണ് ചിത്രം നേടിയത്.
സാമൂഹിക പ്രതിബന്ധതയുള്ള വിഷയം കൈകാര്യം ചെയ്ത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ 'ന്നാ താൻ കേസ് കൊട്' മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശക്തമായ തിരക്കഥ ഒരുക്കിയ മികച്ച തിരക്കഥാകൃത്തായി രതീഷ് പൊതുവാൾ മാറി. മികച്ച കലാസംവിധായകനായി ജ്യോതിഷ് ശങ്കർ, ശബ്ദമിശ്രണത്തിന് വിപിൻ നായർ എന്നിവരും ജേതാക്കളായി തിരഞ്ഞെടക്കപ്പെട്ടു.
സീരീയസ് മജിസ്ട്രേറ്റുകളെ മാത്രം കണ്ടു ശീലിച്ച മലയാളികൾക്കു മുൻപിലേക്ക് രതീഷ് അവതരിപ്പിച്ചത് ഒരു വേറിട്ട വ്യക്തിത്വത്തെയായിരുന്നു. വളരെ തന്മയത്വത്തോടെ മജിസ്ട്രേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച് പി പി കുഞ്ഞികൃഷ്ണൻ മികച്ച സ്വഭവ നടനായി മാറി. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഓരോ മുഹൂർത്തങ്ങളെയും പ്രേക്ഷകരിലേക്ക് അടുപ്പിച്ച പശ്ചാത്തലസംഗീതം ഒരുക്കിയ ഡോൺ വിൻസെന്റും പുരസ്കാരം നേടി.
തന്റെ ആദ്യത്തെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബൻ. അഭിനയത്തിലൂടെ പ്രത്യേക ജൂറി പരാമർശമാണ് താരം നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിൽ വലിയ വഴിതിരിവായി മാറിയ കഥാപാത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലേത്.
ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടംപിടിക്കാനും ചിത്രത്തിന് സാധിച്ചു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കാസർഗോഡൻ ഭാഷയും ഗ്രാമീണ പശ്ചാത്തലവും സറ്റയർ രൂപത്തിലുള്ള അവതരണവുമെല്ലാമാണ് ചിത്രത്തെ രസകരമാക്കിയത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവർക്കൊപ്പം കാസർഗോഡ് നിവാസികളായ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.