ഐ എഫ് എഫ് കെ യുടെ സമാന്തര മേളയായി, സ്വതന്ത്ര സിനിമകളുടെ വേദി എന്ന നിലയില്‍ രൂപം കൊണ്ട, കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. തിരുവനന്തപുരം ലെനിന്‍ ബാലവാടിയില്‍ ഡിസംബര്‍ 8 മുതല്‍ 12 വരെയാണ് കാഴ്ച ഫെസ്റ്റിവല്‍ നടന്നത്.

ഡിസംബർ 8ന് സംവിധായകൻ ആനന്ദ് ഗാന്ധി ഉദ്‌ഘാടനം നിർവഹിച്ച മേളയില്‍ 4 ദിവസങ്ങളിലായി 14 സിനിമകളും 3 ഡോക്യൂമെന്ററികളുമാണ് പ്രദർശിപ്പിച്ചത്. ഇതോടൊപ്പം സംവിധായകരും മറ്റ് പ്രവർത്തകരുമൊക്കെയായുള്ള ‘ഡയറക്ടർസ് കോർണർ’ എന്ന സംവാദവും ഷിജു ബഷീറിന്റെ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. സംവിധായകൻ ആനന്ദ് ഗാന്ധിയുടെ നേതൃത്വത്തില്‍ മെമെസിസ് ലാബ് അവതരിപ്പിച്ച വിർച്വൽ റിയാലിറ്റി ഷോ, സെമിനാറുകൾ, രാത്രി 9.30ക്ക് ഐ എഫ് എഫ് കെയിലും കിഫിലും അന്ന് പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താനുള്ള ഒരു ഇടം എന്ന നിലയിൽ ബ്രിഡ്‌ജ്‌ എന്ന പേരിലെ ചർച്ചാവേദി, എന്നിവയും മേളയുടെ ഭാഗമായി നടന്നു.

Kiff

വിഖ്യാതമായ റോട്ടർഡാം ചലച്ചിത്ര മേളയിലെ ‘ഹിവോസ് ടൈഗർ’ എന്ന പരമോന്നത പുരസ്‌കാരം നേടിയ തന്‍റെ ചിത്രമായ ‘എസ് ദുർഗ’യെ അർഹമായ രീതിയിൽ കേരള രാജ്യാന്തര ചലച്ചിത്ര മേള പരിഗണിച്ചില്ല എന്നതിന്‍റെ പശ്ചാത്തലത്തിൽ സംവിധായകൻ സനൽ കുമാർ ശശിധരനും കാഴ്ച ചലച്ചിത്ര വേദിയും ചേർന്ന് രൂപം കൊടുത്തതാണ് കാഴ്ച ഇൻഡി ഫിലിം ഫെസ്റ്റിവൽ എന്ന കിഫ്. ആദ്യ പതിപ്പിൽ തന്നെ 1000 ഡെലിഗേറ്റസ് എന്ന നേട്ടം കൈവരിക്കാൻ കിഫിന് സാധിച്ചതായി സനല്‍ പറയുന്നു.

‘നല്ല സിനിമ ചീത്ത സിനിമ എന്ന രീതിയിലുള്ള വിഭജനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. കിഫിൽ വന്നിട്ടുള്ളത് ആർട്ട് സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. മിക്ക പ്രദർശനങ്ങളും ഹൗസ്ഫുളായിരുന്നു. അടുത്ത വർഷത്തേക്കും ഇതുപോലെ തന്നെ ചെറിയ ഒരു മേളയാണ് ആലോചിക്കുന്നത്. വലിയൊരു ഉത്സവമായി മാറ്റാനുള്ള ഉദ്ദേശമില്ല. നമ്മുടെ നാട്ടിൽ അവഗണിക്കപ്പെടുന്ന എന്നാൽ ഏറ്റവും മികച്ച 25 സ്വതന്ത്ര സിനിമകൾ 7 ദിവസങ്ങളിലായി പ്രദർശിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’.

Kiff

കിഫ് ചര്‍ച്ച വേദി

മേളയിൽ പങ്കെടുത്തവർക്കായി മോഫി എന്നൊരു ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിച്ചിരുന്നു. സിനിമ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ തെരഞ്ഞെടുത്ത സമ്മാനാര്‍ഹമായ രണ്ടു ചിത്രങ്ങള്‍, രമിത് കുഞ്ഞിമംഗലം സംവിധാനം ചെയ്ത ‘വീഡിയോ ഡ്രോയിങ്‌സ്’, അനൂപും കൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്‌കാവെഞ്ചർ; എന്നിവയാണ്.

സ്വന്തന്ത്ര സംവിധായരുകായി ഇടപഴകാനും അവരുടെ കഴിവിന്‍റേയും പ്രയത്നത്തിന്‍റേയും പ്രാധാന്യം മനസിലാക്കാനും കഴിഞ്ഞെന്നും മേളയിൽ പങ്കെടുത്ത നിയമ വിദ്യാർത്ഥിയായ നീൽ തരകൻ അഭിപ്രായപ്പെട്ടു. ‘മോഫി ഷോർട്ട് ഫിലിം കോമ്പറ്റിഷനിൽ ഞങ്ങളുടെ ചിത്രത്തിന് രണ്ടാം സമ്മാനം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്തരം പ്രോത്സാഹനങ്ങള്‍ തങ്ങളെപ്പോലെയുള്ള തുടക്കകാര്‍ക്ക് വളരെ അത്യാവശ്യമാണ്’ എന്നും നീൽ കൂട്ടിച്ചേര്‍ത്തു.

‘ബദൽ അല്ലെങ്കിൽ സമാന്തര മേളയായി വിശേഷിപ്പിക്കാൻ ആഗ്രഹിച്ചല്ല ഞങ്ങളിത് തുടങ്ങിയത്. ഒരു തിരുത്തൽ മേളയായിട്ട് മുന്നോട്ട് പോകാനാണ് താല്പര്യം. ഞങ്ങളുടെ മാതൃമേളയായ ഐ എഫ് എഫ് കെയിൽ ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങൾ ഇത് കാരണം വരും വർഷങ്ങളിൽ തിരുത്തപ്പെടുമെങ്കിൽ ഞങ്ങൾ സന്തോഷപൂർവം അത് സ്വീകരിക്കും. അടുത്ത വർഷത്തെ സിനിമ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ ഇത്തരം നല്ല സിനിമകൾ എടുത്തില്ലെങ്കിൽ അത് കിഫിൽ തിരഞ്ഞെടുക്കപ്പെടും എന്ന നിലയ്ക്ക് അവർ ഒരു വീണ്ടുവിചാരത്തിന് മുതിരുമെങ്കിൽ അതാണ് ഞങ്ങളുടെ ഉദ്ദേശവും ലക്ഷ്യവും.’ നടനും, മേളയുടെ സംഘാടകരില്‍ ഒരാളുമായ കണ്ണന്‍ നായര്‍ പറയുന്നു.

Kiff

ആനന്ദ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വിർച്യുൽ റിയാലിറ്റി സെമിനാറും പ്രദർശനവും വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് മേളയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

‘സിനിമ കാണുന്നതിനേക്കാൾ ഞാൻ കൂടുതലും പങ്കെടുത്തത് രാത്രിയുള്ള ചർച്ചകളിലാണ്. ഞാനും നീയും എന്ന വ്യത്യാസമില്ലാതെ ഒരു കൂട്ടായ്മ എന്ന നിലയിൽ ഇരുന്നുകൊണ്ടാണ് എല്ലാവരും സംവദിച്ചത്. ഒരു ബസ് സ്റ്റാൻഡിലോ മറ്റോ ഇരുന്ന് സംസാരിക്കുന്ന പോലെ വളരെ ലാഘവത്തോടെ സിനിമയും അതിന്‍റെ സാങ്കേതികതയും ക്രൗഡ് ഫണ്ടിങ്ങും ഇങ്ങനെ പല വിഷയങ്ങളെക്കുറിച്ചും പുതിയ അറിവുകൾ പകർന്നു കൊടുത്ത ഒരു ചർച്ചയായിരുന്നു ഇവിടെ നടന്നിരുന്നത്,’ എന്ന് നടൻ കൃഷ്ണൻ ബാലകൃഷ്ണൻ പറഞ്ഞു.

‘ബ്രിഡ്ജ് എന്ന ഞങ്ങളുടെ സിഗ്നേച്ചർ ഇവന്റിന് അത്ഭുതപെടുത്തുന്ന തരത്തിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. രാത്രി 9 മണി മുതൽ 12 മണി വരേയും ഏകദേശം 100 പേരെങ്കിലും ചുറ്റും കൂടിയിരുന്ന് അന്ന് കണ്ട സിനിമകളെ കുറിച്ചുമൊക്കെ ഒരു തുറന്ന സംസാരം അവിടെ നടന്നിരുന്നു. എല്ലാ നിലയ്ക്കും മേള ഒരു വിജയമായിരുന്നു എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. വരും വർഷങ്ങളിൽ ഐ എഫ് എഫ് കെയോടൊപ്പം തന്നെ അല്ലെങ്കിൽ അവിടെ 11 വേദിയുണ്ടെങ്കിൽ ഇത് പന്ത്രണ്ടാമത്തെ വേദി എന്ന നിലയിൽ സിനിമ കാണാനുള്ള ഒരു തുറന്ന വേദിയായിട്ട് കിഫ് ഇവിടെ തന്നെയുണ്ടാവുമെന്നാണ് എന്‍റെ വിശ്വാസം.’ കണ്ണൻ നായർ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ