IFFK 2018: മനോബലത്തിന്റെയും ഒരുമയുടെയും പിന്‍ബലത്തില്‍ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിം. പരസ്പരം കൈകള്‍ കോര്‍ത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനര്‍നിര്‍മ്മാണത്തിനായി കൈ കോര്‍ക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രം.

അരുണ്‍ ശ്രീപാദം സംവിധാനം ചെയ്ത സിഗ്നേച്ചര്‍ ഫിലിം സി.മെന്റ് സ്റ്റുഡിയോസ് ആണ് നിര്‍മിച്ചിരിക്കുന്നത്. അഭിഷേക് സുരേന്ദ്രന്‍ ഡിസൈനും അബി സാല്‍വിന്‍ തോമസ് സംഗീതവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വഹിച്ചത് സുരാജ് ശങ്കറാണ്. അരുണ്‍ ശ്രീപാദം, അസ്വാര്‍ത്ഥ് സാധു, സുമേഷ് രാഘവന്‍ എന്നിവരാണ് അനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Read More: രാജ്യാന്തര ചലച്ചിത്ര മേളയിലെ സിഗ്നേച്ചർ ഫിലിം

IFFK 2018: രാജ്യാന്തര ചലച്ചിത്ര മേളയുടെ അനുഭവങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട് ‘സിഗ്നേച്ചർ ഫിലിം’ എന്ന സിനിമയ്ക്ക് മുന്‍പ് കാണിക്കുന്ന ദൃശ്യശകലത്തിന്. മേളയുടെ പ്രമേയവും സ്വഭാവവും പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഈ ആവിഷ്കാരം ഇത്രയും കാലത്തിനിടയിൽ അഭിനന്ദനങ്ങളും അവഹേളനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയും മറക്കാന്‍ ആഗ്രഹിക്കുന്നവയുമുണ്ട് സിഗ്നേച്ചർ ഫിലിമുകളുടെ കൂട്ടത്തിലെങ്കിലും മേളയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് എന്നും കേളികൊട്ടാവുന്നത് സിഗ്നേച്ചർ ഫിലിം തന്നെ.

സിനിമയോടുള്ള അഭിനിവേശവും അവബോധവും ആസ്വാദന പാടവവും തനതായ വിമർശന സ്വഭാവവും കൊണ്ട് സിഗ്നേച്ചർ ഫിലിമിനെ മലയാളി ഒരു കലയായി തന്നെ വളർത്തി കൊണ്ടു വരികയായിരുന്നു. സിഗ്നേച്ചർ ഫിലിമുകളുടെ വിഷയങ്ങൾ പ്രധാനമായും കേരളത്തിന്‍റെ ദൃശ്യ-സംസ്കാരം സിനിമ-ചരിത്രം എന്നിവയെ കേന്ദ്രീകരിച്ചു തന്നെയാണ്. ആവിഷ്കരണ രീതി സംവിധായകന്‍റെ അഭിരുചിക്കനുസരിച്ചു വ്യത്യസ്തമായിരിക്കും. ജി അരവിന്ദൻ തുടങ്ങി ഷാജി എൻ കരുൺ, ലെനിൻ രാജേന്ദ്രൻ, വി കെ പ്രകാശ്, രാജീവ് മേനോൻ, വിപിൻ വിജയ്, വി ആർ ഗോപിനാഥ്, സഞ്ജു സുരേന്ദ്രന്‍, ആര്‍ മനോജ്‌ ചിത്രകാരനും അനിമേറ്ററുമായ എ എസ് സജിത് ടി കെ രാജീവ് കുമാര്‍ എന്നിവരൊക്കെ വൈവിധ്യമാർന്ന സിഗ്നേച്ചർ ഫിലിമുകൾ മേളയ്ക്ക് നല്‍കിയിട്ടുണ്ട്.

IFFK 2018: പ്രധാന മോട്ടിഫുകളെ കേന്ദ്രികരിച്ചുള്ളതല്ലാതെ, സിനിമയുടെ പിറവി, ക്ലാസിക് സിനിമകളിലെ അവിസ്മരണീയ മുഹൂർത്തങ്ങളുടെ പുനരാവിഷ്കരണം, ഫിലിമിന്‍റെ ഡിജിറ്റലിലേക്കുള്ള പരിണാമം എന്നിങ്ങനെ വ്യത്യസ്‌തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയും സിഗ്നേച്ചർ ഫിലിമുകൾ ഉണ്ടായിട്ടുണ്ട്. അപൂര്‍വ്വമായെങ്കിലും പരീക്ഷണാർത്ഥമായുള്ള സിഗ്നേച്ചർ ഫിലിമുകൾ സംവിധാനം ചെയ്തവരുണ്ട്‌. വിപിൻ വിജയന്‍റെ ‘ബ്രോക്കൺ ഗ്ലാസ്’ പോലെ. മേളയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയ സിഗ്നേച്ചർ ഫിലിം ഒരു പക്ഷെ ഇതായിരിക്കും. ഇതില്‍ അവലംബിച്ച ഉത്തരാധുനിക സമീപനം, മലയാളിയുടെ സാമാന്യ ബോധത്തെ ഭേദിച്ചതാവും കാരണം എന്ന് കരുതേണ്ടി വരും.

സിഗ്നേച്ചർ ഫിലിമിന്‍റെ ഘടന എന്തു തന്നെയായാലും മേളയുടെ ചിഹ്നങ്ങളായ തോൽപ്പാവക്കൂത്തും ചകോരവും അതിൽ ഉൾപ്പെടുത്തിയിരിക്കും. നിഴൽക്കൂത്തിലെ കഥാഖ്യാനത്തിനായി ഉപയോഗിക്കുന്ന പാവയുടെ ചിഹ്നം ജി അരവിന്ദൻ രൂപ കല്പന ചെയ്തു വരച്ചതാണ്. കഥ പറയുവാനുള്ള മനുഷ്യന്‍റെ മോഹത്തെ ആഘോഷിക്കുന്ന കലയെയാണ് ഇതിലൂടെ പ്രകീർത്തിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ലോഗോ കൂടിയായ പറക്കുന്ന ചകോരം കുതിച്ചുയരുന്ന സിനിമയുടെ സർഗ്ഗശേഷിയെ സൂചിപ്പിക്കുന്നു. അരവിന്ദൻ വരച്ച ചിത്രത്തിന് ആനിമേഷൻ ചെയ്തത് എൻ പി പ്രകാശാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ നിരവധി വിദ്യാർത്ഥികളും ഇതിൽ സഹകരിച്ചിരുന്നു. ഷാജി എൻ കരുൺ രൂപ കല്പന ചെയ്തതാണ് ചകോരം. ‘വെളിച്ചം തിന്നുന്ന പക്ഷി’ എന്ന് സൗന്ദര്യ ലഹരിയില്‍ പറയുന്ന ഈ പക്ഷിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്കാരങ്ങളായ സുവര്‍ണ്ണ ചകോരം, രജത ചകോരം എന്നിവയിലും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ