Udalazham Movie Review: ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിൽ വേറിട്ട പരിസരത്തെ അടയാളപ്പെടുത്തുകയാണ്. ബഹുവിധത്തിൽ കീഴാളത്തം അനുഭവിക്കുന്ന ഒരു ജനതയുടെ നിസഹായതയും, നിശ്ശബ്ദപൂർണ്ണമായ സഹനവും ദൃശ്യവത്ക്കരിക്കുന്ന സിനിമ മനുഷ്യാവകാശ നിഷേധത്തിന്റെ കഥനം കൂടിയാണ്. അടിച്ചമർത്തപ്പെട്ടവന്റെ വേദനയും പിടച്ചിലും വെള്ളിത്തിരയിലേക്ക് പൊള്ളിപ്പടരുന്ന അനുഭവമാക്കാൻ ഈ സിനിമക്ക് കഴിയുന്നു.
ആദിമജനവാസികളുടെ അരികു ജീവിതത്തെ, അവരുടെ സംഘർഷത്തെ ആഖ്യാനം ചെയ്യാൻ ശ്രമിക്കുന്നു എന്നത് ചിത്രത്തിന്റെ ശക്തിയാണ്. ആദിമനിവാസിയായ ഗുളികൻ എന്ന ട്രാൻസ്ജെന്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പരിവർത്തനത്തെ (പെണ്ണായിത്തീരൽ), അതുമൂലം അവൻ/അവൾ അനുഭവിക്കുന്ന കീഴാളത്തത്തെയാണ് സിനിമ പ്രശ്നവത്ക്കരിക്കുന്നത്. മാതിയെന്ന, ചെറുപ്പത്തിലേ കൂട്ടിനെത്തിയ ഇണയോട് ഒരർത്ഥത്തിലും നീതി പുലർത്താനാവാതെ, പെണ്ണാവാൻ കൊതിച്ച് അതിനായി തയ്യാറെടുക്കുന്ന ഗുളികൻ തന്റെ ഉടലിന്റെ ദാഹങ്ങളെ ഡാൻസ് ടീച്ചറോട് പങ്കു വയ്ക്കുന്നുണ്ട്. അവന്/അവൾക്ക് നാട്ടിലെ ആണുങ്ങളിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് തേങ്ങലോടെ മാതിയോടു പറയുന്ന രംഗം മലയാള സിനിമയിൽ അപൂർവം തന്നെയാണ്.

Read More: IFFK 2018: ‘ഞാൻ’ എന്നത് ശരീരം മാത്രമാണോ?: ‘ഉടലാഴം’ സംവിധായകന്‍ സംസാരിക്കുന്നു
Udalazham Movie Review: ഗുളികന് ഒരിക്കലും തന്നെ തൃപ്തിപ്പെടുത്താനാവില്ലെന്ന് മനസിലാക്കുകയാണ് മാതി. മീൻകാരൻ സ്നേഹം അഭിനയിച്ച് അവളെ വശപ്പെടുത്തുന്നു. ടൗണിൽ ഹോട്ടൽ പണിക്കു പോകുന്ന ഗുളികന് അവിടെനിന്നു ലഭിക്കുന്നതും അവഗണനയും വേദനയുമാണ്. മാതിയും മീൻകാരനും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ഉപയോഗിച്ച് ഫോറസ്റ്റ് ഓഫീസർ മീൻകാരനിലൂടെ അവളെ കീഴ്‌പ്പെടുത്തുന്നു. അവൾ വേശ്യയാണെന്നും എയ്ഡ്സ് ഉണ്ടെന്നും അയാൾ നാട്ടിൽ പറഞ്ഞു പരത്തുന്നു. നാട്ടുകാർ അവളുടെ കുടിലിന് തീയിടുന്നു. അവൾ പ്രാണരക്ഷാർത്ഥം മീൻകാരനെ സമീപിക്കുന്നെങ്കിലും അയാൾ അവളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
തെരുവിലേക്ക് ഓടിപ്പോകുന്ന മാതി ആദിവാസി സ്ത്രീയുടെ അരക്ഷിതത്വത്തിന്റെയും നിസ്സഹായതയുടെയും പ്രതീകമാകുന്നു. ഊരിലെ സംഭവ വികാസങ്ങളറിയുന്ന ഗുളികൻ മാതിയെ തിരയുന്നുവെങ്കിലും കണ്ടെത്താനാവുന്നില്ല. അവന് അപ്പോൾ ആശ്വാസമാകുന്നത് ഓട്ടുകമ്പനി മുതലാളി രമേശനും തെരുവിൽ ശരീരം വിറ്റു ജീവിക്കുന്നവളുമാണ്. ഉടലിന്റെ പ്രലോഭനങ്ങളിലേക്ക് വഴുതി വീഴുന്ന ഗുളികന് ഓട്ടുകമ്പനി സുഹൃത്തിനോട് ശാരീരികമെന്ന തിലുപരി മാനസികമായ ബന്ധമാണുണ്ടാകുന്നത്. അത് മനസ്സിലാക്കാൻ സാധാരണ സമൂഹത്തിനാവുന്നില്ല. രമേശനാണ് അവനെ ഈ അവസരത്തിൽ മനസ്സിലാക്കുന്നതും രക്ഷിക്കുന്നതും.
Read More: മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞായി: ‘ഉടലാഴ’ത്തിലെ ഗാനം
Udalazham Movie Review: ഒടുവിൽ ശ്മശാനത്തിൽ മൂർത്തിയുടെ സഹായിയായിത്തീരുമ്പോഴും ഗുളികന് അവിടെ സ്ഥിരമായി നിൽക്കാനാവുന്നില്ല. ഊരിനോടും മാതിയോടുമുള്ള ഇഷ്ടവും അവളെ കാണാൻ കഴിയാത്തതും അവനെ അസ്വസ്ഥനാക്കുന്നു. ഒരു ദിനം താൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന മാതിയുടെ ഉടൽ ശ്മശാനത്തിൽ സംസ്കരിക്കാനെത്തുന്ന കാഴ്ച്ച അവനെ തകർക്കുന്നു. അവൻ ഭ്രാന്തനായി ഊരിലേക്ക് ഓടിപ്പോകുന്നു. പുലിക്കെണിയിൽ വീണ് നാട്ടുകാർ ചുറ്റിനുമിട്ട തീയിൽ ഗുളികൻ വെന്തു തീരുന്നതോടെ ‘ഉടലാഴം’ പൂർണ്ണമാകുന്നു.
പല വിധ കീഴാളതകളിൽ കുടുങ്ങി, ഒന്നിൽ നിന്നും പുറത്തു വരാനാവാതെ ദുരന്തത്തിലേക്ക് നിസഹായനായി പോകുന്ന ഗുളികനെ അവതരിപ്പിച്ച മണി (ഫോട്ടോഗ്രാഫർ ഫെയിം) മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മാതിയെ അവതരിപ്പിച്ച രമ്യ വത്സനും നന്നായിട്ടുണ്ട്. ചിത്രത്തിന്റെ വൈകാരിക സന്ദർഭങ്ങൾക്കനുസരിച്ച് പശ്ചാത്തല സംഗീതം ബിജിപാൽ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. അരികു ജീവിതങ്ങളായി അമർന്നു പോകുന്നവരുടെ നിലവിളികൾ പ്രേക്ഷക ഹൃദയത്തിൽ അവശേഷിപ്പിക്കുന്നു ഈ ചിത്രം. സംവിധായകന്റെ ആദ്യ ചലച്ചിത്രമാണെന്നു തോന്നിപ്പിക്കാതെ കൈയൊതുക്കത്തോടെ തനിക്കു വഴങ്ങുന്നൊരു ദൃശ്യഭാഷയിൽ ഉണ്ണികൃഷ്ണന്‍ ആവള, സമൂഹത്തിന്റെ വലിയ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വിഷയത്തെ സമീപിച്ചിരിക്കുന്നു.

Read more: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മലയാളം സിനിമാ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ‘ഉടലാഴം’ എന്ന ചിത്രത്തെക്കുറിച്ച് ഡോ. സഞ്ജയ് എഴുതിയത്