23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2018 ലേക്കുള്ള ഡെലിഗേറ്റ് റജിസ്ട്രേഷനുകൾ നവംബർ ഒന്നിന് ആരംഭിക്കും. ഡിസംബർ 7 മുതൽ 13 വരെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങൾ വഴിയാണ് ഓഫ്‌ലൈൻ റജിസ്ട്രേഷൻ ചെയ്യേണ്ടത്. ഓരോ മേഖലാ കേന്ദ്രത്തിൽ നിന്നും 500 പാസ്സുകൾ വീതമാണ് വിതരണം ചെയ്യുന്നത്. ഇതിൽ 200 പാസുകൾ 50 വയസ്സിനു മുകളിലുള്ള പൗരന്മാർക്കായി നീക്കി വെച്ചിരിക്കുന്നു.

ഓൺലൈൻ റജിസ്ട്രേഷൻ നവംബർ 10 മുതൽ ആരംഭിക്കും. പ്രളയാനന്തര കേരളത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയായതിനാൽ ഇത്തവണ സൗജന്യ പാസുകൾ ഇല്ല. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ പാസുകൾ ലഭ്യമാകും.

കേരളത്തിന്റെ പ്രളയക്കെടുതി കണക്കിലെടുത്ത് ഈ വര്‍ഷം നടത്തേണ്ട എന്ന് തീരുമാനിച്ചിരുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പ് സര്‍ക്കാര്‍ സഹായം ഉണ്ടാകില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി സ്വന്തം നിലയില്‍ പണം കണ്ടെത്തിയാണ് ചലച്ചിത്രോത്സവം നടത്തുന്നത്. 3.25 കോടി രൂപയാണ് മേളയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ്. അത് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് അക്കാദമിയുടെ ശ്രമം.

Read More: IFFK 2018: ധനസമാഹരണത്തിനൊരുങ്ങി ചലച്ചിത്ര അക്കാദമി, ഐഎഫ്എഫ്കെ ചലഞ്ച് ഏറ്റെടുക്കാന്‍ അഭ്യര്‍ഥന

“പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിഗ്നേച്ചര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്”, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ കമല്‍ പറയുന്നു.

12 തിയേറ്ററുകളില്‍ വച്ചായിരിക്കും ഇത്തവണത്തെ ചലച്ചിത്രമേള നടക്കുക. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി എട്ടു ദിവസം എന്നത് ഏഴു ദിവസമാക്കിയാണ് മേള നടത്തുന്നത്. സിനിമകളുടെ എണ്ണത്തിലും ഇത്തവണ ഗണ്യമായ കുറവുണ്ടാകും.

Kerala Film Festival IFFK 2018 Malayalam Cinema Today Competition Section

മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാള ചലച്ചിത്രങ്ങളായ സകരിയ മുഹമ്മദ്‌ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജേരിയ’, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഇ മ യൗ’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.  പി കെ ബിജുക്കുട്ടന്റെ ‘ഓത്ത്’, സൗബിന്‍ ഷാഹിറിന്റെ ‘പറവ’, ജയരാജിന്റെ ‘ഭയാനകം’, ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ഉടലാഴം’, ആഷിക് അബുവിന്റെ ‘മായനദി’, വിനു എ കെയുടെ ‘ബിലാത്തിക്കുഴല്‍’, വിപിന്‍ വിജയുടെ ‘പ്രതിഭാസം’, ബി അജിത്കുമാറിന്റെ ‘ഈട’, ബിനു ഭാസ്കറിന്റെ ‘കോട്ടയം’, സുമേഷ് ലാലിന്‍റെ ‘ഹ്യൂമന്‍സ് ഓഫ് സംവന്‍’, ഗൗതം സൂര്യയുടെ ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സ്’, വിപിന്‍ രാധാകൃഷ്ണന്റെ ‘ആവേ മരിയ’ എന്നീ ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്ടു’ വിഭാഗത്തിലേക്ക്ക്ക തെരെഞ്ഞെടുക്കപ്പെട്ടത്.

Read More: IFFK 2018: മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ ‘സുഡാനി ഫ്രം നൈജേരിയ’, ‘ഇ മ യൗ’

മുന്‍ വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങൾ ഇത്തവണയും ഉണ്ടാകും. എന്നാൽ ‘കൺട്രി ഫോക്കസ്’, ‘കണ്ടമ്പററി മാസ്റ്റേഴ്സ്’, ‘ഹോമേജ്’ വിഭാഗങ്ങൾ ഉണ്ടാവില്ല. 16 തിയേറ്ററുകളുടെ സ്ഥാനത്ത് 12 എണ്ണത്തിലാവും പ്രദർശനം നടക്കുക. സാധാരണ ഗതിയിൽ 150 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അത് ഈ വർഷം 120 ആയി ചുരുങ്ങും.

രാജ്യാന്തര  മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും.

Read More: IFFK 2018: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook