കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു സ്ഥിരം കാഴ്ചയാണ് സിനിമ പ്രദര്‍ശന വേദികള്‍ക്കു മുന്നിലെ നീണ്ട ക്യൂ. സിനിമ കാണാന്‍ അകത്തു കയറാന്‍ എത്രയോ മുമ്പ് വന്ന് വരി നില്‍ക്കുന്ന കഷ്ടപ്പാട് ഒഴിവാക്കാനാണ് ഇത്തവണ മുതല്‍ തീരുമാനം. അതുകൊണ്ട് ഇനി ക്യൂ നില്‍ക്കുന്നതിന് പകരം കൂപ്പണ്‍ എടുത്താല്‍ മതി.

സിനിമ തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പായി അതാത് തിയേറ്ററുകളില്‍ നിന്നു തന്നെ കൂപ്പണ്‍ ലഭിക്കും. റിസര്‍വേഷനു ശേഷം എത്ര സീറ്റുകള്‍ ബാക്കിയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂപ്പണ്‍ ലഭിക്കുക. എല്ലാ തിയേറ്ററുകള്‍ക്കു മുന്നിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സെക്രട്ടറി മഹേഷ് പഞ്ജു പറയുന്നത്.

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍: ത്രിദിന പാസുകള്‍ ലഭ്യമാണ്

ഇതാദ്യമായി, ഐഎഫ്എഫ്‌കെയില്‍ മൂന്നു ദിവസത്തേക്കുള്ള പാസുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആദ്യദിനം മുതല്‍ അവസാന ദിനം വരെ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഡിസംബര്‍ നാലിന് രാവിലെ 11 മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ ലഭിക്കും. അല്ലെങ്കിൽ //registration.iffk.in/ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Read More: IFFK 2018: വര്‍ഷമൊടുങ്ങുമ്പോള്‍ ഓര്‍ത്തു വയ്ക്കാന്‍ ഒരിത്തിരി വെളിച്ചം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച മുതല്‍

ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയോ, 10 മുതല്‍ 12 വരെയോ ഉള്ള തിയതികളിലേക്ക് പാസ് എടുക്കാവുന്നതാണ്. എന്നാല്‍ മൂന്നു ദിവസത്തെ പാസ് എടുത്തവര്‍ക്ക് തിയേറ്റര്‍ റിസര്‍വേഷനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.

ടാഗോർ തിയേറ്ററിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്യും. കൂടാതെ സിനിമാ പ്രേമികൾക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. 2000 രൂപയുടെ പാസ് എടുത്താൽ ഏഴ് ദിവസവും ചലച്ചിത്രമേളയിൽ പങ്കെടുക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook