ഭരണഘടനാപരമായ സമര രീതിയാണെങ്കിലും അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെടുന്ന ഹർത്താലുകൾ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കുമുണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല. സിനിമാവ്യവസായത്തിനും തിയേറ്ററുകൾക്കുമൊക്കെ ഏറെ നഷ്ടമുണ്ടാക്കുന്ന ഹർത്താലിന് തടയിടാൻ ഒരുങ്ങുകയാണ് തിയേറ്റർ ഉടമകളും ഫിലിം ചേംബറും. ഹർത്താൽ ദിനത്തിലും കടകൾ തുറന്നു പ്രവർത്തിക്കുമെന്ന വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനത്തിനു പിറകെ സമാനമായ നിലപാടെടുത്തത് ചേംബറും രംഗത്തുവന്നിരിക്കുകയാണ്. ഹർത്താൽ ദിനത്തിൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുമെന്നു മാത്രമല്ല, ഒപ്പം സിനിമയുടെ ഷൂട്ടിംഗും അനുബന്ധപ്രവർത്തനങ്ങൾക്കും മുടക്കം വരുത്തില്ലെന്നും കേരള ഫിലിം ചേബർ ഭാരവാഹികൾ വ്യക്തമാക്കുന്നു.
” ഡിസംബർ 17 ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആണ് കേരള ഫിലിം ചേംബർ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം എല്ലാർക്കും അറിയാലോ? ഇടയ്ക്കിടെ പുതിയ പുതിയ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പാതിരാത്രിയാണ് പലപ്പോഴും ഹർത്താലുകൾ പ്രഖ്യാപിക്കപ്പെടുന്നത്. അതെല്ലാം സിനിമാവ്യവസായത്തിനും തിയേറ്ററുകൾക്കും വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഒടിയൻ റിലീസ് സമയത്തും ഇതേ പ്രതിസന്ധി ഉണ്ടായെങ്കിലും കുറേ ആളുകളൊക്കെ ഹർത്താൽ കണക്കാക്കാതെ വന്നു എന്നത് സമാധാനമാണ്. ഇത്തരം ഹർത്താലുകൾ വഴി തിയേറ്ററുകൾക്ക് വലിയ നഷ്ടം സംഭവിക്കുന്നുണ്ട്,” കേരള ഫിലിം ചേംബറിന്റെ വൈസ് പ്രസിഡന്റ് അനിൽ തോമസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“തിയേറ്ററുകളുടെ കാര്യം മാത്രമല്ല, ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നിടത്തും പ്രദേശത്തെ ആളുകൾ വന്ന് ഷൂട്ടിംഗിന് തടയിടാറുണ്ട്. അതോടെ 100 മുതൽ 120 പേരൊക്കെ അടങ്ങിയ ക്രൂ ഒന്നടക്കം വർക്ക് ചെയ്യാൻ കഴിയാതെയിരിക്കേണ്ടി വരികയാണ്. ഒരു ദിവസം ഷൂട്ടിംഗ് നടക്കാതെയായാൽ അതിന്റെ നഷ്ടം മുഴുവൻ നിർമ്മാതാവ് സഹിക്കേണ്ടിയും വരുന്നു. സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ച് നഷ്ടം മാത്രമേ ഹർത്താലുകൾ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ അടിയ്ക്കടി വരുന്ന ഹർത്താലുകളെ തടയിടാൻ കൂടി വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. മർച്ചന്റ് അസോസിയേഷൻ പോലുള്ള സംഘടനകളും ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ജനങ്ങൾ എഡ്യുക്കേറ്റഡ് ആയി മുന്നോട്ടുവന്ന് ഇത്തരം പ്രവണതകളെ ഇല്ലാതാക്കണമെന്നാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,” അനിൽ തോമസ് കൂട്ടിച്ചേർത്തു.
Read more: ‘ബിജെപി ഇനി വെറും ഓര്‍മ്മ’; ഹര്‍ത്താലിനെതിരെ ‘ഒടിയന്’ ആരാധകരുടെ പ്രതിഷേധം