ലോക്ക്ഡൗണിനു ശേഷം പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് മലയാളസിനിമയിൽ വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണവുമായി ചില സംവിധായകർ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്ന പുതിയ സിനിമകൾക്ക് ഫെഫ്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. ഈ വിഷയത്തിൽ തങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒപ്പമാണെന്ന് പത്രക്കുറിപ്പിൽ ഫിലിം ചേംബർ വ്യക്തമാക്കി.

കേരള ഫിലിം ചേംബർ പുറത്തിറക്കിയ പത്രക്കുറിപ്പ്:

കോവിഡ് 19 എന്ന മഹാമാരി നേരിടുന്ന ഈ ലോകത്ത്, ഏറ്റവും സങ്കീർണമായ വ്യവസായത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ ഈ മേഖലയിലെ ഓരോ സഹോദരങ്ങളുടെയും ആശങ്ക ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാണ് കേരളാ ഫിലിം ചേംബർ ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ആദ്യം അടയ്ക്കുകയും എന്ന് തുറന്ന് പ്രവർത്തിക്കാനാകും എന്ന് നിശ്ചയം ഇല്ലാതെ ഭയചിതകിരായി കഴിയുന്ന ഓരോ സിനിമ പ്രവർത്തകനും മനസ്സിൽ ഒട്ടും ശുഭകരമല്ലാത്ത വാർത്തയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

പുതിയ സിനിമകൾ ഉടൻ തുടങ്ങേണ്ട എന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൈകൊണ്ട ഒരു തീരുമാനത്തെ ഏതാനും ചിലർ വെല്ലുവിളികളുമായ് നേരിടുന്ന ഒരു സാഹചര്യത്തെയാണ് നാം കണ്ടത്. എന്തുകൊണ്ട് ചലച്ചിത്ര നിർമ്മാണം തത്കാലം തുടങ്ങേണ്ട എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു എന്നത് ഒന്നന്വേഷിക്കുക പോലും ചെയ്യാതെ ഇത്തരം പ്രവർത്തികൾ വേദനാജനകമാണ്.

ഒരു സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത്, അതിന്റെ സാമ്പത്തിക വശങ്ങളടങ്ങുന്ന പ്രൊജക്റ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സമർപ്പിച്ച്, അച്ചടക്കത്തോടെ പ്രവർത്തിച്ചു വരുന്ന ഈ വ്യവസായം, സിനിമ നിർമ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പ്രദർശിപ്പിക്കുന്നവരുടെയും താല്പര്യങ്ങൾ മാത്രമല്ല അഭിനയിക്കുന്ന താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും തൊഴിൽപരവും സാമ്പത്തിക സംരക്ഷണവുമാണ് നൽകി പോവുന്നത്.

Read more: ലോക്ക്‌ഡൗൺ കടന്ന് മലയാളസിനിമ

ഈ വ്യവസായത്തിന് കാലാകാലങ്ങളിൽ സർക്കാരുകളിൽ നിന്നും വേണ്ട സംരക്ഷണം ലഭിക്കാറില്ല എന്ന യാഥാർത്ഥ്യം ഉൾകൊണ്ട് തന്നെയാണ് നമ്മൾ ഈ വ്യവസായത്തിൽ പ്രവർത്തിച്ചുവരുന്നത്. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പ്രൊജക്റ്റ് സമർപ്പിച്ച ശേഷം നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾക്ക് പ്രഥമ പരിഗണന തിയേറ്റർ റിലീസ് എന്നു തന്നെയാണ്. അതിന് ഈ കാലമത്രയും ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. കാരണം പ്രേക്ഷകമനസ്സുകൾ കീഴടക്കി താരങ്ങളും സംവിധായകരും മറ്റും ജനിക്കുന്നത് തിയേറ്ററുകളിലെ പ്രേക്ഷക ആരവങ്ങളിൽ നിന്നു തന്നെയാണ്, അതുകൊണ്ട് ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യാതെ മുൻപോട്ട് പോകുന്ന ചിത്രങ്ങൾ നിലവിലെ വാണിജ്യ വ്യവസായ പരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവയായി കാണേണ്ടി വരും.

ഒടിടി എന്നത് ഒരു സിനിമയുടെ തുടർ വിപണനസാധ്യത മാത്രമായുള്ളപ്പോൾ അത് അങ്ങനെ തുടരുക തന്നെ ചെയ്യട്ടെ. ഒരു വ്യക്തിയ്ക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള നാട്ടിൽ ഒരു നിഷേധവും ചേംബർ പ്രോത്സാഹിപ്പിക്കില്ല. എന്നാൽ പണം മുടക്കുന്നവന്, ഞങ്ങളുടെ അംഗങ്ങൾക്ക്, പ്രഥമ പരിഗണന നൽകിത്തന്നെയേ മുൻപോട്ട് പോകാൻ പറ്റുകയുള്ളൂ. എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തത വേണം. വെല്ലുവിളികളോ ശക്തി പരീക്ഷിക്കാനുള്ള ഇടമോ അല്ല സിനിമാവ്യവസായം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം. ഒരു വ്യക്തിയുടെ വിയർപ്പിന്റെ ഫലത്തിലൂടെ, മുടക്കുന്ന പണത്തിന്റെ മൂല്യം കാണാതെ പോകാൻ പറ്റില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി വന്ന മഹാമാരി കാരണം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം പ്രഥമ പരിഗണന ഫിലിം ചേംബറിന്റെ കീഴിലുള്ള എല്ലാ വ്യവസായ സംഘടനകളും ഒരുമിച്ച് നൽകും എന്നു തന്നെയാണ് എന്റെ വിശ്വാസം. പണം മുടക്കുന്നവനേ അതിന്റെ വേദന അറിയൂ.

കേരളാ സർക്കാരിന്റെ മുമ്പിൽ തകർന്നടിഞ്ഞ ഈ വ്യവസായത്തിന് ഒരു സംരക്ഷണ പാക്കേജ് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ട് നിൽക്കുമ്പോൾ ഇവിടെ എല്ലാം ശുഭകരമാണ് എന്ന് ഏതാനും ചിലർ ചിന്തിക്കുന്നത് കൊള്ളാം. കേവലം കുറച്ചു പേരുടെ താത്കാലിക സംരക്ഷണം അല്ല നമ്മുടെ ലക്ഷ്യം. തകർന്നടിഞ്ഞു കിടക്കുന്ന ഈ വ്യവസായത്തെ പുനർജീവിപ്പിക്കാൻ. അതിലെ ഓരോ വ്യക്തിക്കും സാധ്യമായ സംരക്ഷണം നൽകാൻ കൂട്ടായ തീരുമാനങ്ങൾ എടുക്കാം. വെല്ലുവിളിച്ച എടുക്കുന്ന സിനിമ കാണേണ്ട എന്ന് പ്രേക്ഷകർ തീരുമാനിച്ചാൽ, ഈ വ്യവസായത്തിനും അതിൽ ഏർപ്പെട്ടവർക്കും മാത്രമാണ് നഷ്ടം. ഈ കാലഘട്ടത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കൂ, വിവേകപരമായി ചിന്തിക്കൂ… എല്ലാ സംഘടനകളെയും പോലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എടുത്ത തീരുമാനത്തോടൊപ്പം നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കാം.

Read more: ഇതിലും വലുത് കണ്ടിട്ടുണ്ട്; ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ലെന്ന് ആഷിഖ് അബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook