കൊച്ചി: പ്രദർശനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ, അടുത്തിടെ പുറത്തിറങ്ങിയ “വരത്തൻ” എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ്.  ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാവ്, തിരക്കഥകൃത്തുക്കൾ ഇവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമയിൽ തങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് “പാപ്പാളി” കുടുംബം നൽകിയ ഹർജിയിലാണ് കോടതി നടപടി. എറണാകുളം മുൻസിഫ് കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകൻ അമൽ നീരദ്, നിർമ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷർഫു എന്നിവർക്കെതിരെയാണ് പരാതി.

പാപ്പാളി കുടുംബാംഗങ്ങൾ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും ഏറെ ബഹുമാനിക്കപ്പെടുന്നവരാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുളള കുടുംബത്തെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സിനിമയിൽ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി.

ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേര് “പാപ്പാളി” എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 ന് പുറത്തിറങ്ങിയ സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ നീക്കം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബേബി, പീറ്റർ, കുഞ്ഞുമോൻ എന്നിവരുടെ വീട്ട് പേരാണ് പാപ്പാളി.

സാമൂഹ്യവിരുദ്ധരായാണ് ചിത്രത്തിൽ ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ  വരത്തൻ എന്ന സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളതാണെന്ന് അച്ചടിച്ചതാണ് വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന കാരണത്താലാണ് സിനിമയുടെ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന് പറയാതിരുന്നതെന്ന്  പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

കുടുംബ പേര് ഉപയോഗിച്ച് തങ്ങളെ സമൂഹത്തിൽ താറടിച്ച് കാട്ടുകയാണ് അണിയറ പ്രവർത്തർകർ ചെയ്‌തതെന്നാണ് ആരോപണം. തിരക്കഥ എഴുതിയവരിൽ ഒരാൾ എറണാകുളം സ്വദേശിയാണെന്നും ഇദ്ദേഹത്തിന് പാപ്പാളി കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബോധപൂർവ്വം പേരുപയോഗിച്ചതെന്നാണ് ആരോപണം.

സുഹൃത്തുക്കൾ പറഞ്ഞാണ് സിനിമയിൽ കുടുംബ പേര് ഉപയോഗിച്ചതായും തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചതായും അറിഞ്ഞതെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നത്. അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വിആർ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook