Happy Birthday Pinarayi Vijayan: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാളാണിന്ന്. നിരവധി പ്രമുഖർ മുഖ്യമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. സിനിമ രംഗത്തു നിന്നും നടൻ മമ്മൂട്ടി, നവ്യ നായർ എന്നിവരും പിണറായി വിജയന് ആശംസകൾ നേർന്നുകൊണ്ട് കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നു.
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്.
“ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ, എനിക്ക് വിജയനങ്കിൾ. ഇനിയും ഒരുപാട് വർഷങ്ങൾ ആരോഗ്യത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ,” എന്നാണ് നവ്യ നായർ കുറിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നവ്യ.നവ്യയ്ക്ക് പിണറായി വിജയന്‍, വിജയനങ്കിളാണ്, സഹധര്‍മിണി കമല, കമല ആന്റിയും. വിജയനങ്കിളുമായി തനിക്ക് നല്ല അടുപ്പമാണെന്നും ഏത് ഉറക്കത്തില്‍ വിളിച്ചാലും സഹായിക്കാന്‍ അദ്ദേഹം എത്തുമെന്നും മുൻപൊരിക്കൽ നവ്യ പറഞ്ഞിട്ടുണ്ട്.
“ഞാന്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍, ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ എല്ലാം അറിയണമല്ലോ എന്ന് പറഞ്ഞ്, മുന്‍കൂട്ടി ഒരു വിവരും നല്‍കാതെ വിജയനങ്കിളും കമല ആന്റിയും വന്നിട്ടുണ്ട്. അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. രാഷ്ട്രീയം നോക്കിയല്ല ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. പിണറായി എന്ന വ്യക്തിയെയാണ്. ചില അധ്യാപകരോട് തോന്നുന്ന ബഹുമാനം പോലെ. എല്ലാവരും പറയുന്നതുപോലെ വിജയനങ്കിൾ ഒരു കര്‍ക്കശക്കാരനല്ല. എനിക്കറിയാവുന്ന വിജയനങ്കിള്‍ സ്‌നേഹമുള്ള ആളാണ്,” നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ.