തിരുവനന്തപുരം : സനല്‍കുമാര്‍ ശശിധരന്‍റെ ഐഎഫ്എഫ്കെ പിന്മാറ്റത്തിന്‍റെയും പ്രതാപ് ജോസഫിന്‍റെ വിമര്‍ശനത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിനോട് സംസാരിക്കുകയാണ് ‘എ പെസ്റ്ററിങ് ജേര്‍ണി’, ‘കന്യകാ ടാകീസ്’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ കെആര്‍ മനോജ്‌. . “ആളുകള്‍ അധികം പങ്കെടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം എനാണ് നമ്മുടെ അവകാശവാദം. അവരെ തൃപ്തിപ്പെടുത്തലാണോ മേളകളുടെ ലക്ഷ്യം ? മികച്ച സിനിമ തിരഞ്ഞെടുക്കേണ്ട കമ്മറ്റികള്‍ തിരഞ്ഞെടുപ്പിനെ ഒരു ‘ബാലന്‍സിങ് ആക്റ്റ് ആക്കിമാറ്റിയിരിക്കുകയാണ്.” എന്നു വിമര്‍ശിക്കുന്ന കെ ആര്‍ മനോജ്‌. ഇന്‍ഡസ്ട്രിയെ തൃപ്തിപ്പെടുത്തുവാനുള്ള സംവിധാനമായി ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിവെലുകള്‍ പരിണമിക്കുന്നുവെന്ന സന്ദേഹവും പങ്കുവെക്കുന്നു.

മാറുന്ന ഐഎഫ്എഫ്കെയും മാറാത്ത അക്കാദമിയും

“സ്വതന്ത്ര സിനിമകളെ ഐഎഫ്എഫ്കെയോ ഐഡിഎസ്എഫ്കെയോ കാര്യമായി സ്വാഗതം ചെയ്യുന്നില്ല എന്നു തന്നെ വേണം കണക്കാക്കാന്‍. ഒരു നയമോ അന്വേഷണമോ ഇല്ലാത്ത സംവിധാനമാണ് ചലച്ചിത്ര അക്കാദമി. എന്തിനാണ് ഫെസ്റ്റിവല്‍ നടത്തുന്നത് എന്ന ചോദ്യമാണ് ആദ്യം ഉണ്ടാവേണ്ടത്. എന്താണ് ഫെസ്റ്റ് പ്രദര്‍ശിപ്പിക്കുന്നത് എന്നതിനോടൊപ്പം തന്നെ എന്തിനെയാണ് അത് ഉത്പാദിപ്പിക്കുന്നത് എന്നും ഗൗരവമായി പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്.” 2013ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നവാഗത സംവിധായകാനുള്ള പുരസ്കാര ജേതാവായ കെആര്‍ മനോജ്‌ പറഞ്ഞു.

“കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ തിരഞ്ഞെടുത്ത സിനിമകള്‍ നോക്കിയാലറിയാം ഡിജിറ്റല്‍ സാധ്യതകളെ പ്രയോജനപ്പെടുത്തി സ്വതന്ത്രമായി നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളെ വേണ്ടവിധം അഭിസംബോധന ചെയ്യാന്‍ ഈ ഫെസ്റ്റുകൾക്ക് സാധിച്ചിട്ടില്ല. നോണ്‍ ഫീച്ചറുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിഎസ്എഫ്കെയിലായാലും മറിച്ചല്ല സ്ഥിതി. ഇന്ത്യയില്‍ ഇപ്പോള്‍ ഫീച്ചര്‍ സിനിമകളെക്കാളും ഏറെ മികച്ചതായി നില്‍ക്കുന്ന നോണ്‍ ഫീച്ചര്‍ സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന കാലമാണ്. എന്നിട്ടും അത്തരത്തിലുള്ള സൃഷ്ടികളെ അഭിസംബോധന ചെയ്യാന്‍ അക്കാദമി നടത്തുന്ന ഫെസ്റ്റുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്. ഇനി തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്രങ്ങളുടെ കാര്യമെടുക്കാം. മൺട്രോ തുരുത്തു പോലൊരു മികച്ച ചിത്രത്തിനു ഫെസ്റ്റില്‍ അവസരം ലഭിച്ചത് തന്നെ മറ്റൊരു കമേഷ്യല്‍ സിനിമ ക്യാന്‍സലായ ഒഴിവിലാണ്. ട്രെയിനില്‍ വെയിറ്റിങ് ലിസ്റ്റില്‍ കയറിയിരിക്കുന്നത് പോലെയാണത്. അത്തരത്തില്‍ അവസരം നഷ്ടപ്പെട്ട സിനിമകളാണ്ണ് കരിയും ഒറ്റയാള്‍പാതയും ശവവും കളിപ്പാട്ടക്കാരനുമൊക്കെ.” കെ ആര്‍ മനോജ്‌ പറഞ്ഞു. കേരളത്തില്‍ ഡിജിറ്റല്‍ സാധ്യതകളുപയോഗപ്പെടുത്തിയ ആവിഷ്കാരങ്ങളില്‍ പ്രഥമഗണത്തില്‍പ്പെട്ട ചലച്ചിത്രമാണ് കെ ആര്‍ മനോജിന്‍റെ ‘എ പെസ്റ്റെറിങ്ങ് ജേര്‍ണി’ (2010).

സിനിമാപ്രേമികള്‍ വര്‍ഷാവര്‍ഷം സംഘടിക്കുന്ന ഒരിടം എന്നതില്‍ നിന്നും ഐഎഫ്എഫ്കെ എന്താണ് കേരളത്തിനു നല്‍കുന്നത് എന്നൊരു ഓഡിറ്റിങ്ങ് ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതുണ്ട് എന്നാണ് കെആര്‍ മനോജിനെ പോലെ അക്കാദമിയുടെ ഫെസ്റ്റിവെലുകളില്‍ നിറസാന്നിധ്യമായൊരു സംവിധായകന് അനുഭവപ്പെടുന്നത്. “സൂക്ഷമമായി പരിശോധിച്ചാല്‍ എക്കാലത്തും അക്കാദമിക്ക് ഒരു നിലപാടോ നയമോയില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്താണ് അക്കാദമിയുടെ ലക്‌ഷ്യം എന്നത് ഒരിക്കലും ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഫിലിം ഫെസ്റ്റിവെലുകള്‍ ഇപ്പോള്‍ ‘ഹോട്ട് കള്‍ച്ചറല്‍ സ്പോട്ട്’ ആയികൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെയാണ് ഇന്‍ഡസ്ട്രിക്ക് അതില്‍ താത്പര്യം ജനിക്കുന്നതും. സംഘാടകാരും അവരെ തൃപ്തിപ്പെടുത്തുന്ന ഒന്നായി ഫെസ്റ്റിവെല്ലുകളെ മാറ്റുകയാണ്. പ്രാദേശിക സിനിമകളുടെ വിഭാഗം നോക്കിയാല്‍ അറിയാം. തിയേറ്ററുകള്‍ നിറച്ച, ഡിവിഡി റിലീസ് വരെ കഴിഞ്ഞ സിനിമകളെയൊക്കെ ആ വിഭാഗത്തിലേക്ക് കൊണ്ടുവരികയാണ്. ഇത്തരമൊരു ആവശ്യം ഐഎഫ്എഫ്കെയില്‍ മുമ്പുണ്ടായിരുന്നില്ല.” പതിനെട്ടാമതു ഐഎഫ്എഫ്കെയില്‍ മികച്ച മലയാളം സിനിമയ്ക്കുള്ള ഇന്‍റര്‍നാഷണല്‍ ക്രിട്ടിക്ക് പ്രൈസ് ലഭിച്ച സംവിധായകന്‍ പറയുന്നു.

ഫിലിം ഫെസ്റ്റ് നടത്തുക എന്നു പറയുമ്പോള്‍ നല്ല ഇവന്‍റ് മാനേജ്മെന്റ് നടത്തുക, താരനിശ നടത്തുക എന്നതല്ല അക്കാദമിയുടെ കര്‍ത്തവ്യം. അതാണ്‌ ഇപ്പോള്‍ ഫെസ്റ്റിനു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനോജ്‌ ചൂണ്ടിക്കാണിക്കുന്നു. “ആളുകള്‍ അധികം പങ്കെടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം എനാണ് നമ്മുടെ അവകാശവാദം. അവരെ തൃപ്തിപ്പെടുത്തലാണോ മേളകളുടെ ലക്ഷ്യം ? മികച്ച സിനിമ തിരഞ്ഞെടുക്കേണ്ട കമ്മറ്റികള്‍ തിരഞ്ഞെടുപ്പിനെ ഒരു ‘ബാലന്‍സിങ് ആക്റ്റ് ആക്കിമാറ്റിയിരിക്കുകയാണ്.” കെആര്‍ മനോജ്‌ പറഞ്ഞു.

Read More : “ഐഎഫ്കെയില്‍ അക്കാദമി നടത്തുന്നത് ഇന്‍ഡസ്ട്രിയുമായുള്ള പങ്കുകച്ചവടം” പ്രതാപ് ജോസഫ്

ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൃത്യമായൊരു മാനദന്ധം ഇല്ല എന്നതാണ് സ്വതന്ത്ര സിനിമകള്‍ നേരിടേണ്ടി വരുന്ന ഈ അവഗണനയ്ക്ക് മുഖ്യകാരണമായി മനോജിനു അനുഭവപ്പെട്ടിട്ടുള്ളത്. പൂര്‍ണമായും ജൂറിയുടെ താത്പര്യങ്ങള്‍ മാത്രമനുസരിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. “ക്യാപിറ്റല്‍ ഇന്‍വോള്‍വ്ഡ് ആയതിനാല്‍ തന്നെ എഴുത്തൊക്കെ പോലെ സിനിമയ്ക്ക് ക്രിയാത്മതയും ഇച്ചാശക്തിയും മാത്രമുണ്ടായാല്‍ പോര. വലിയ തുക ചെലവിട്ടാണ് ഒരു സിനിമ പുറത്തെത്തിക്കുന്നത്. അതിനാല്‍ തന്നെ സ്വതന്ത്രമായ ചലച്ചിത്രാന്വേഷണങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട ബാധ്യത അക്കാദമിക്കുണ്ട്. ഇവിടെ ഒരു ചലച്ചിത്രത്തെ എങ്ങനെ അഡ്രസ് ചെയ്യണം എന്നു കൂടി ധാരണയില്ലാത്ത അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത്ര ലാഘവത്തോടെയാണ് സിനിമകളെ കാണുന്നത് എങ്കില്‍ അക്കാദമി എന്തിനാണ് എന്നതു തന്നെയാണ് സംശയം” കെആര്‍ മനോജ്‌ പറഞ്ഞു.

 

കാണാന്‍ ആളുണ്ട്, പക്ഷെ കാണിക്കാന്‍ തയ്യാറാകുമോ ?

ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജൂറി തിരഞ്ഞെടുക്കുന്ന സിനിമകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാവുന്നതാണ് എന്നാണ് കെആര്‍ മനോജിന്‍റെ അഭിപ്രായം “എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് സമ്മിതികള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്നതും തള്ളുന്നതുമായ സിനിമയെ കുറിച്ച് ഒരു രണ്ടു വരിയെങ്കിലും എഴുതുക. അത് ഒരു പൊതുരേഖയായി പ്രദര്‍ശിപ്പിക്കുക. ഇങ്ങനെയൊരു കാര്യം ഒരു ചുമതലയായി കണ്ട് അക്കാദമി ചെയ്യേണ്ടതുണ്ട്. പുരസ്കാരം നല്‍കിയില്ല എങ്കില്‍ കൂടി ചിത്രത്തെ സമ്മിതി വിലയിരുത്തിയിരിക്കുന്ന വിധം അക്കാദമിക്കൊരു മാര്‍ഗരേഖയാണ്. ഇപ്പറയുന്നത് ഒരു പുതിയ കാര്യമല്ല. മുമ്പ് ജോണിന്‍റെ അമ്മ അറിയാനു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിഷേധിച്ചുവെങ്കിലും അതിനെ കുറിച്ച് അന്നത്തെ ജൂറി കുറിച്ചത് ഇന്നൊരു ചരിത്രരേഖയാണ് ” കെ ആര്‍ മനോജ്‌ പറയുന്നു.

Read More : ജോൺ എബ്രഹാമിന്റെ “അമ്മ​ അറിയാൻ” അവാർഡ് നിഷേധിക്കാൻ കാരണമിതാണ്

അടൂര്‍ ഗോപാലകൃഷ്ണന്‍ ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ആയ ഒരു വര്‍ഷം (2014) മാത്രമാണ് ഐഎഫ്എഫ്കെയുടെ ഭാഗത്തുനിന്നും മലയാള ചിത്രങ്ങളെ വിദേശ മേളകളിലേക്ക് അയക്കാന്‍ ശ്രമമുണ്ടായത്. ” ഐഎഫ്എഫ്എഫ്കെ യോടൊപ്പം തുടങ്ങിയ ബുസാന്‍ പോലുള്ള ഫെസ്റ്റുകള്‍ നോക്കിയാല്‍ അവയോക്കെ എത്രത്തോളം മുന്നോട്ടുപോയി എന്നറിയാം. അതിനൊപ്പം തന്നെ പ്രാദേശിക സിനിമകളെ അത്തരം ഫെസ്റ്റുകള്‍ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നത് നമ്മള്‍ കണ്ടു പഠിക്കേണ്ടകാര്യമാണ്. ഇറാനിയന്‍ സിനിമകള്‍ ലോകമെമ്പാടും എത്തിയത് അവിടത്തെ ഫെസ്റ്റിവെലുകളിള്‍ മികച്ച വിദേശ ക്യൂരേറ്റര്‍മാരെ കൊണ്ടുവന്ന് ഇറാന്‍ സിനിമകള്‍ക്ക് വിദേശ ഫെസ്റ്റുകളില്‍ ഒരു ഇടം ഉറപ്പാക്കിയതുക്കൊണ്ടാണ്. ടോപ്‌ റിവ്യൂവുള്ള സിനിമകളെ ഇവിടെ കാണിക്കുക എന്നത് മാത്രമല്ല ഇവിടത്തെ സിനിമകളെ പുറത്തെത്തിക്കേണ്ട ചുമതലയും അക്കാദമിയുടെ ലക്ഷ്യമാകേണ്ടതാണ്. ” കെആര്‍ മനോജ്‌ പറഞ്ഞു.

2013-14 വര്‍ഷം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച സുദേവന്‍റെ ക്രൈം നമ്പര്‍ 89ഉം കെആര്‍ മനോജിന്‍റെ കന്യകാ ടാക്കീസും മാത്രമാണ് ഇതുവരെയുള്ള ചരിത്രത്തില്‍ ഐഎഫ്എഫ്കെ മാര്‍ക്കറ്റിലൂടെ വിദേശ ഫെസ്റ്റിവെലില്‍ എത്തിയ ചിത്രങ്ങള്‍.

Read More : “ഐഎഫ്കെയില്‍ അക്കാദമി നടത്തുന്നത് ഇന്‍ഡസ്ട്രിയുമായുള്ള പങ്കുകച്ചവടം” പ്രതാപ് ജോസഫ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ