കൊച്ചി: സിനിമ ടിക്കറ്റുകൾക്ക് മേലെ ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏർപ്പെടുത്താനുളള ബജറ്റ് നിർദ്ദേശത്തിനെതിരെ സംഘടനകൾ രംഗത്ത്. ഇത് ചലച്ചിത്ര രംഗത്തിന്റെയും മലയാള സിനിമയുടെയും നാശത്തിന് കാരണമാകുമെന്നാണ് സംഘടനാ നേതാക്കൾ പറഞ്ഞു.

തോമസ് ഐസക് പറഞ്ഞ വാക്ക് മാറ്റിയെന്നാണ് നിർമ്മാതാവായ സുരേഷ് കുമാർ ഇതിനോട് പ്രതികരിച്ചത്. “ചരക്ക് സേവന നികുതി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ ഒന്ന് ആശ്വാസം ലഭിച്ചതായിരുന്നു. അതാണിപ്പോൾ ഇങ്ങിനെ ആയിരിക്കുന്നത്. ജിഎസ്‌ടി വന്നാൽ പിന്നെ വിനോദ നികുതി ഏർപ്പെടുത്തില്ലെന്ന് വാഗ്ദാനം ചെയ്തത് തോമസ് ഐസകാണ്. എന്നാലിപ്പോൾ അത് മാറ്റി. ഇത് ഇരട്ടനികുതിയാണ്. വൺ ഇന്ത്യ, വൺ ടാക്സ് എന്ന് പറഞ്ഞിട്ട് സംസ്ഥാന സർക്കാർ തന്നെ അതിൽ വെളളം ചേർക്കുകയാണെ”ന്ന് അദ്ദേഹം പറഞ്ഞു.

“ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തുന്നത് സിനിമ രംഗത്ത് നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും വലിയ തോതിൽ ദോഷകരമായി ബാധിക്കും,” എന്നാണ് ഫിലിം എക്സിബിറ്റേർസ് ഫെഡറേഷന്റെ നേതാവായ ലിബർട്ടി ബഷീർ പറഞ്ഞത്. “ജിഎസ്‌ടിയിൽ ലഭിച്ച ഇളവാണ് പുതിയ നിർദ്ദേശത്തോടെ അട്ടിമറിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെവിടെയും ജിഎസ്‌ടി 28 ൽ നിന്ന് 18 ആക്കി കുറച്ചതിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യും,” ബഷീർ പറഞ്ഞു.

പ്രതിലോമകരമായ നിർദ്ദേശമാണിതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. യഥാർത്ഥത്തിൽ ഇരട്ട നികുതി നിർദ്ദേശമാണിത്. ഇതുണ്ടാവില്ലെന്ന് നേരത്തെ മന്ത്രി തന്നെ ഉറപ്പ് നൽകിയതാണ്. അതാണ് ലംഘിക്കപ്പെട്ടത്. കുറഞ്ഞ നിരക്കിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവരെയും നിർമ്മാതാക്കളെയും തിയേറ്റർ ഉടമകളെയും അതുവഴി സിനിമ വ്യവസായത്തെ മൊത്തമായും ബാധിക്കുന്നതാണ് ഈ നികുതി നിർദ്ദേശം. എല്ലാ സംഘടനകളും നിവേദനം വിനോദ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി. സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ നേതാക്കൾ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും മന്ത്രിയെയും കാണും. തിരുത്തലുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ നികുതി നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നുവെന്ന് പറഞ്ഞ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് അനിൽ തോമസ് ഇത് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് പറഞ്ഞു. “ജിഎസ്ടിക്ക് പുറമെ വിനോദ നികുതി ഏർപ്പെടുത്തുന്നത് ഇരട്ട നികുതിക്ക് തുല്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത് ബജറ്റ് നിർദ്ദേശം മാത്രമാണല്ലോ. ഇക്കാര്യം പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകും. ബജറ്റ് പാസാക്കുന്നതിന് മുൻപ് ഇത് പിൻവലിപ്പിക്കാൻ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം മലയാള സിനിമയിൽ 600 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ലിബർട്ടി ബഷീർ പറഞ്ഞു. 2018 ൽ 155 ചിത്രങ്ങൾ റിലീസ് ചെയ്തെന്നും അതിൽ 22 എണ്ണമാണ് വിജയിച്ചതെന്നും സുരേഷ് കുമാർ പറഞ്ഞപ്പോൾ 16 എണ്ണം മാത്രമേ തിയേറ്ററിൽ ഓടിയുളളൂ എന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്.

“ഒരു ഷോ പോലും ഓടാത്ത 40-50 പടങ്ങളെങ്കിലും ഉണ്ട്. ഇതാരും മനസിലാക്കുന്നില്ല. സ്ഥിരമായി പ്രൊഡ്യൂസ് ചെയ്യുന്ന 10-15 പേരേ ഉളളൂ. ഓരോ വർഷവും നിർമ്മാതാക്കൾ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും മുഴുവൻ പണവും നഷ്ടമാകും,” എന്നും സുരേഷ് കുമാർ പറഞ്ഞു. സർക്കാരിന് മാത്രം കിട്ടിയാൽ മതിയോ, നമുക്കും കൂടി കിട്ടണ്ടേയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. പ്രളയത്തിന്റെ സമയത്ത് സിനിമാ മേഖലയിൽ നിന്നുളളവർ പലതും ചെയ്തിട്ടുണ്ട്. ഒരു ശതമാനം സെസിനെ ഞങ്ങൾ അനുകൂലിക്കുന്നു, പക്ഷെ വിനോദ നികുതി നിർദ്ദേശം പിൻവലിച്ചേ മതിയാകൂ,” സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

അപ്രായോഗികമായ നികുതി നിർദ്ദേശമാണിതെന്ന് ഫിയോക് ജനറൽ സെക്രട്ടറി എംസി ബോബി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകി. അശാസ്ത്രീയമായ രീതിയിലുളള നികുതി പരിഷ്കാരം ആണിത്. സർക്കാർ തലത്തിൽ കുറയ്ക്കാൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ചലച്ചിത്ര വ്യവസായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ നികുതി കുറപ്പിക്കാൻ സിനിമാ നിർമ്മാണമടക്കം നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനും ശ്രമിക്കും,” ബോബി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ