തിങ്കളാഴ്ച പ്രഖ്യാപിച്ച പുലിസ്ടര്‍ സമ്മാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പുലിസ്ടര്‍ സംഗീത പുരസ്കാരമാണ്. ഇതാദ്യമായാണ് ഒരു ജാസ് സംഗീതജ്ഞന് ഈ പുരസ്‌കാരം നല്‍കുന്നത് എന്നത് കൊണ്ടാണത്. ഇതാദ്യമായാണ് ഒരു നോണ്‍-ക്ലാസിക്കല്‍ സംഗീതകാരന്‍ ഇതിനു അര്‍ഹമാകുന്നതും.

സാധാരണ പുലിസ്ടര്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന, നിരൂപക പ്രശംസ പിടിച്ചു പറ്റുന്ന ‘ക്ലാസിക്കല്‍’ ഇനങ്ങളില്‍ നിന്നും വ്യതസ്തമായി റാപ്പ് സംഗീതം ആലപിക്കുന്നവന്‍. നിരൂപക പ്രശംസയ്ക്കപ്പുറത്ത്, പോപ്‌ ചാര്‍ട്ടുകളിലും ജന മനസ്സുകളിലും സ്ഥാനം പിടിച്ചവന്‍ – കെന്‍ട്രിക് ലാമാര്‍.

‘ഡാം’ (DAMN) എന്ന തന്‍റെ സംഗീത ആല്‍ബത്തിനാണ് കെന്‍ട്രിക് ലാമാര്‍ പുലിസ്ടര്‍ സമ്മാനം നേടിയത്. നേരത്തെ ഇതേ ആല്‍ബത്തിന് ഗ്രാമി അവാര്‍ഡ്‌ ലഭിച്ചിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ച പുലിസ്ടര്‍ ജൂറി ആല്‍ബത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.

“നാട്ടുഭാഷയുടെ ആധികാരികതയും താളക്രമത്തിന്‍റെ ചലനാത്മകതയും കലാപരമായ നിപുണതയും കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന ആല്‍ബം. ആധുനിക ആഫ്രിക്കന്‍-അമേരിക്കന്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച പകരുന്ന ഒന്ന്”.

15,000 അമേരിക്കന്‍ ഡോളര്‍ ആണ് പുലിസ്ടര്‍ സമ്മാനത്തുക.

 

ആഴമുള്ള അര്‍ത്ഥതലങ്ങളുള്ള വരികള്‍, രാഷ്ട്രീയം വിളിച്ചോതുന്ന തത്സമയ അവതരണങ്ങള്‍, ഹിപ്-ഹോപ്‌, ജാസ്, സോള്‍, ഫങ്ക്, കവിത, വായ്മൊഴി, വിവിധ ആഫ്രിക്കന്‍ ശബ്ദങ്ങള്‍ എന്നിവ ചേര്‍ന്ന സംഗീതധാരയാണ് കെന്‍ട്രിക് ലാമാറിന്‍റെത്. ‘സെക്ഷന്‍.80’ എന്ന ആദ്യ സംഗീത ആല്‍ബത്തോടെ വാണിജ്യ ലോകത്തും നിരൂപകലോകത്തും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട സംഗീതജ്ഞന്‍.

ബോബ് ഡിലന്‍, ഡ്യൂക്ക് എല്ലിംഗ്ട്ടന്‍, ജോര്‍ജ് ഗേര്‍ഷവിന്‍, തെലോനിയാസ് മോങ്ക്, ജോണ്‍ കള്‍ത്രേന്‍, ഹാങ്ക് വില്ലിംസ് എന്നിവര്‍ക്ക് പ്രത്യേക പുലിസ്ടര്‍ സംഗീത പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എങ്കിലും കെന്‍ട്രിക് ലാമാറിനെപ്പോലെ ജനകീയനായ ഒരാള്‍ക്ക് ഇത് ലഭിക്കുന്നത് ഇതാദ്യമായാണ്.

 

വന്‍ തോതില്‍ വിറ്റഴിഞ്ഞ ലാമാറിന്‍റെ ആല്‍ബങ്ങളെല്ലാം (‘ഗുഡ് കിഡ്-മാഡ് സിറ്റി’, ‘ടു പിമ്പ് എ ബട്ടര്‍ഫ്ലെ’, ‘ഡാം’) പാടിയത് കറുത്തവരുടെ പരിദേവനങ്ങള്‍ ആയിരുന്നു. തെരുവ് ജീവിതങ്ങള്‍, പോലീസ് ക്രൂരതകള്‍, ജീവിക്കാനുള്ള അശ്രാന്തപരിശ്രമങ്ങള്‍, സ്വാഭിമാനം എന്നിവ പ്രതിപാദിച്ച വരികളായിരുന്നു ലാമാര്‍ കൂടുതലും പാടിയത്. ഉള്ളില്‍ തറയ്ക്കുന്ന കൂര്‍ത്ത ഗാനങ്ങള്‍ കൊണ്ട് ഒരു തലമുറയുടെ ശബ്ദമായി മാറി കെന്‍ട്രിക് ലാമാര്‍.

ഹിപ്-ഹോപ്പില്‍ തുടങ്ങി ജാസ്, പോപ്പ്, റോക്ക് എന്നീ മേഖലകളിലും മുദ്ര പതിപ്പിച്ചു ഹിറ്റ്‌ ചാര്‍ട്ടുകളിലെ നിത്യ സാന്നിധ്യമായി മാറിയ ചെറുപ്പക്കാരന്‍. ടോപ്‌ 40 ഹിറ്റ്‌ എന്ന പട്ടികയില്‍ രണ്ടു ഡസനോളം ഗാനങ്ങള്‍, ‘ഹമ്പിള്‍’ എന്ന ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗാനം, കൂടാതെ ‘U2’, ‘ട്ടൈലര്‍ സ്വിഫ്റ്റ്’, ‘ഇമാജിന്‍ ഡ്രാഗണ്‍സ്’, ‘റിഹാന’, ‘ബിയോന്‍സ്’ എന്നിവരുമായി സഹകരിച്ചുള്ള ഗാനങ്ങള്‍.

വര്‍ണ്ണ വിവേചനത്തിനെതിരെയും പോലീസ് ക്രൂരതകള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ ലാമാറിന്‍റെ ഗാനങ്ങള്‍ ‘ഓള്‍ റൈറ്റ്’, ‘ദി ബ്ലാക്കര്‍ ദി ബെറി’ – ഒരു ജനതയുടെ രോദനത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും ഗീതമായി.

2015 ബെറ്റ് അവാര്‍ഡ്‌ സമയത്ത് ഒരു പോലീസ് കാറിന്‍റെ മുകളില്‍ നിന്നും അമേരിക്കന്‍ കൊടിയുടെ പശ്ചാത്തലത്തില്‍ ലാമാര്‍ നടത്തിയ ആലാപനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2016ലെ ഗ്രാമി അവാര്‍ഡ്‌ വേളയില്‍ ലാമാര്‍ സ്റ്റേജില്‍ എത്തിയത് തല്ലു കൊണ്ട് കറുത്ത, കൈവിലങ്ങുകള്‍ അണിഞ്ഞ ഒരാളായിട്ടായിരുന്നു. അവിടെ നിന്ന് കൊണ്ട് ശക്തമായ തന്‍റെ വരികള്‍ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ സംഗീതത്തിനുള്ള പുലിസ്ടര്‍ സമ്മാനം നേടിയ ദു യൂന്‍ ലാമാറിന് പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു.

“ആവിഷ്കരണ സ്വാതന്ത്ര്യത്തിനുള്ള മുറവിളികളാണ് എല്ലാ കലാ സൃഷ്ടികളും. ആ സ്വാതന്ത്യത്തിന്‍റെ മൂര്‍ത്തീകരണമാണ് കെന്‍ട്രിക് ലാമാര്‍.”

“ടു പിമ്പ് എ ബട്ടര്‍ഫ്ലൈ കേട്ടപ്പോള്‍ എന്‍റെ ചോര തിളച്ചു. ലാമാറിന്‍റെ ‘ഡി എന്‍ എ’ എന്ന ആല്‍ബത്തിന്‍റെ വീഡിയോ കണ്ടപ്പോള്‍ അത് പോലെ എനിക്കും ചെയ്യണം എന്ന് തോന്നി.

ആവിഷ്കരണ സ്വാതന്ത്ര്യത്തിനുള്ള മുറവിളികളാണ് എല്ലാ കലാ സൃഷ്ടികളും. ആ സ്വാതന്ത്യത്തിന്‍റെ മൂര്‍ത്തീകരണമാണ് കെന്‍ട്രിക് ലാമാര്‍.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook