ദളപതി വിജയ്‌യുടെ ആരാധികയാണ് കീർത്തി സുരേഷ്. ‘ഭൈരവ’ സിനിമയിൽ വിജയ്‌യുടെ നായികയായപ്പോൾ തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് കീർത്തി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിജയ് ചിത്രം കൂടി കീർത്തിയെ തേടിയെത്തിയത്. എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന ദളപതി 62 എന്ന സിനിമയിലും കീർത്തിയാണ് വിജയ്‌യുടെ നായിക.

ഭൈരവ സിനിമയ്ക്കുശേഷം വിജയ്‌യുമായി നല്ല സൗഹൃദത്തിലാണ് കീർത്തി. വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ വളരെ പ്രത്യേകതയുളള ഒരു സമ്മാനമായിരുന്നു കീർത്തി സുരേഷ് നൽകിയത്. സ്വന്തമായി പെയിന്റ് ചെയ്ത വിജയ്‌യുടെ ഒരു ജലച്ഛായ ചിത്രമാണ് കീർത്തി തന്റെ ഇഷ്ട നടന് പിറന്നാളിന് സമ്മാനമായി നൽകിയത്. ചിത്രത്തിനു താഴെയായി ‘ഇനിയും വിജയങ്ങൾ തുടരട്ടെ, കോടിക്കണക്കിന് ആരാധകരിൽ ഒരുവൾ’ എന്ന് തമിഴിൽ കീർത്തി എഴുതിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വിജയ്‌ക്ക് നൽകുന്ന സമ്മാനത്തെക്കുറിച്ച് കീർത്തി ആരാധകരെ അറിയിച്ചത്.

Read More: വിജയ്‌യെ ഞെട്ടിച്ച് കീർത്തി സുരേഷിന്റെ പിറന്നാൾ സമ്മാനം

കീർത്തിയുടെ സമ്മാനം വിജയ് ഭദ്രമായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. നടൻ പാർത്ഥിപൻ തന്റെ മകൾ കീർത്തനയുടെ വിവാഹം ക്ഷണിക്കാനായി വിജയ്‌യുടെ വീട്ടിൽ എത്തിയപ്പോഴാണ് കീർത്തി നൽകിയ സമ്മാനത്തിന് വിജയ് എത്രത്തോളം വിലകൽപ്പിച്ചുവെന്ന് ആരാധകർക്ക് മനസ്സിലായത്.

വിവാഹം ക്ഷണിച്ചശേഷം വിജയ്‌ക്കൊപ്പം പാർത്ഥിപൻ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയിലാണ് വിജയ്‌ക്ക് കീർത്തി നൽകിയ സമ്മാനവും പതിഞ്ഞത്. വിജയ്‌യുടെ വീട്ടിലെ ചുമരിൽ കീർത്തിയുടെ സമ്മാനം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കീർത്തി ഈ ചിത്രം കണ്ടിട്ടുണ്ടെങ്കിൽ സന്തോഷിക്കുമെന്ന് ഉറപ്പാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook