മലയാളികൾക്കു ഏറെ സുപരിചിതമായൊരു താരകുടുംബമാണ് സുരേഷ് കുമാർ- മേനക ദമ്പതികളുടേത്. മക്കളായ കീർത്തിയും രേവതിയും അഭിനയത്തിലും സംവിധാനത്തിലും മികവു തെളിയിച്ച് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇളയമകളും തെന്നിന്ത്യൻ നടിയുമായ കീർത്തി സുരേഷ്. ആരാധകർക്കായി ചിത്രങ്ങളും വീഡിയോയും കീർത്തി പങ്കുവയ്ക്കാറുണ്ട്. സഹോദരി രേവതിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ചു കൊണ്ട് കീർത്തി ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രേവതിയ്‌ക്കൊപ്പമുള്ള കുട്ടികാല ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചു പ്രവർത്തിച്ച വാശി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളും കീർത്തി പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ നിർമാതാക്കളിലൊരാളായിരുന്നു രേവതി.
“ഈ പിന്നാൾ ദിനത്തിൽ ഒരുപാട് സ്നേഹവും ആശംസകളും നേരുന്നു. എന്റെ ഫോൺ ഗാലറിയിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണിവ. എപ്പോഴത്തേക്കാളും നല്ലൊരു വർഷമായി മാറട്ടെ” ചിത്രങ്ങൾക്കൊപ്പം കീർത്തി കുറിച്ചു.
കീർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദസറ’ മാർച്ച് 30 ന് റിലീസിനെത്തും. നാനിയാണ് ചിത്രത്തിലെ നായകൻ. തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.