പാ രഞ്ജിത് ചിത്രങ്ങളായ ‘കാല’, ‘കബാലി’ എന്നീ ചിത്രങ്ങളില്‍ പ്രായമായ കഥാപാത്രത്തെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അവതരിപ്പിച്ചത്. രണ്ടു ചിത്രത്തിലും രജനിയുടെ നായികമാരായെത്തിയത് രാധിക ആപ്‌തെയും ഈശ്വരി റാവുവുമായിരുന്നു.

എന്നാല്‍ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ‘പേട്ട’ എന്ന ചിത്രത്തിന്റെ മാസ് വിജയത്തിനു ശേഷം രജനികാന്ത് വീണ്ടും യുവാവിന്റെ റോളിലേക്ക് തിരിച്ചുവരുന്നു എന്നാണ് സൂചന. മാത്രമല്ല, ‘പേട്ട’യില്‍ രജനികാന്തിന്റെ നായികമാരില്‍ ഒരാള്‍ തൃഷയായിരുന്നു.

എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും പേട്ടയിലേതു പോലെ പ്രായം കുറഞ്ഞ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തില്‍ യുവതാരം കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ നായിക എന്നും അറിയുന്നു. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

 

View this post on Instagram

 

Happy Birthday #SUPERSTAR @rajinikanth sir

A post shared by Keerthy Suresh (@keerthysureshofficial) on

മലയാളി കൂടിയായ കീര്‍ത്തി തമിഴ് സിനിമാ മേഖലയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. വിക്രമിന്റെ സ്വാമി സ്‌ക്വയര്‍, വിജയ് നായകനായ സര്‍ക്കാര്‍ എന്നിവയിലും കീര്‍ത്തി തന്നെയായിരുന്നു നായിക. സര്‍ക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്തത് മുരുഗദോസ് ആയിരുന്നു.

ചിത്രം ഒരു അടിമുടി രജനികാന്ത് സിനിമയായിരിക്കും എന്നായിരുന്നു മുമ്പ് എ.ആര്‍ മുരുഗദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എല്ലാ രജനി ഫാന്‍സിനേയും ചിത്രം സംതൃപ്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പേട്ട. ഇതുവരെ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം 150 കോടിയിലേക്കുള്ള കുതിപ്പിലാണ്. സിമ്രാന്‍, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook