മലയാളത്തിൽനിന്നും തമിഴകത്ത് എത്തി വിജയക്കൊടി പാറിച്ച് കീർത്തി സുരേഷ്. നയൻതാരയ്ക്ക് പിന്നാലെ തമിഴകത്തെ താരറാണി ആയിരിക്കുകയാണ് കീർത്തി സുരേഷ്. കോളിവുഡിൽ മാത്രമല്ല ടോളിവുഡിലും കീർത്തി വിജയങ്ങൾ തീർക്കുകയാണ്. തമിഴിലും തെലുങ്കിലുമായി 6 ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീർത്തിയുടേതായി പുറത്തിറങ്ങാൻ പോകുന്നത്.

മലയാളത്തിൽ ഗീതാഞ്ജലി, റിങ് മാസ്റ്റർ എന്നീ 2 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കീർത്തിക്ക് മലയാളികളുടെ മനസ്സ് കീഴടക്കാനായില്ല. മറ്റു മലയാളി നടിമാരെ പോലെ കീർത്തിയും അടുത്ത തന്റെ തട്ടകമായി തിരഞ്ഞെടുത്തത് തമിഴകമായിരുന്നു. മലയാളികളെ എന്നും സ്വീകരിച്ചിട്ടുളള തമിഴ് മക്കൾ കീർത്തിയെയും മനസ്സാ സ്വീകരിച്ചു. 2015 ലാണ് തമിഴിൽ കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. ‘ഇതു എന്ന മായം’ എന്ന ചിത്രത്തിൽ വിക്രം പ്രഭുവിന്റെ നായിക ആയിട്ടായിരുന്നു തുടക്കം. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീർത്തിയെ തേടി നിരവധി സിനിമകൾ എത്തി. തമിഴിൽ അരങ്ങേറ്റം കുറിച്ചതിനുപിന്നാലെ തെലുങ്കിലും കീർത്തി അരങ്ങേറ്റം നടത്തി. 2016 ൽ പുറത്തിറങ്ങിയ ‘നേനു സൈലജ’ ആയിരുന്നു കീർത്തിയുടെ ആദ്യ തെലുങ്ക് ചിത്രം. ബോക്സോഫിസിൽ വൻ ഹിറ്റായിരുന്നു സിനിമ.

തെലുങ്കിൽ വിജയം നേടിയെങ്കിലും കീർത്തി കരിയറിനു പ്രാധാന്യം നൽകിയത് തമിഴകത്തായിരുന്നു. 2016 ൽ തന്നെ 3 സിനിമകളിൽ കീർത്തി അഭിനയിച്ചു. ശിവകാർത്തികേയൻ നായകനായ രജനി മുരുകൻ, ധനുഷ് നായകനായ തൊടരി എന്നീ 2 ചിത്രങ്ങളും കീർത്തിക്ക് പരാജയം നൽകി. എന്നാൽ കീർത്തിയുടെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു അതേവർഷം പുറത്തിറങ്ങിയ ‘റെമോ’. ശിവകാർത്തികേയനൊപ്പം രണ്ടാമതും കീർത്തി ഒന്നിച്ച സിനിമ വൻ ഹിറ്റായിരുന്നു. കീർത്തിയുടെ കാവ്യ എന്ന കഥാപാത്രം തമിഴരുടെ ഹൃദയം കീഴടങ്ങി.

റെമോയുടെ വിജയത്തിനുശേഷം പിന്നെ തമിഴകത്ത് കീർത്തിയുടെ കാലമായിരുന്നു. ദളപതി വിജയ് നായകനായ ഭൈരവയിൽ നായികയായതോടെ കീർത്തി നമ്പർ വൺ നായികയായി മാറി. ഇപ്പോൾ തമിഴകത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി കരാർ ഒപ്പിട്ടു കഴിഞ്ഞു കീർത്തി. 2018 തമിഴകത്തും തെലുങ്കിലും കീർത്തിയുടെ കാലമാണെന്ന് പറയാതെ വയ്യ.

താനാ സേർന്ത കൂട്ടം

സൂര്യയെ നായകനാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് താനാ സേർന്ത കൂട്ടം. സൂര്യയുടെ ജോഡിയായി കീർത്തി എത്തുന്നത് ഇതാദ്യം. സൂര്യ-കീർത്തി സുരേഷ് ജോഡികൾ ആദ്യമായി ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഉയരുന്നുണ്ട്. കാർത്തിക്, രമ്യ കൃഷ്ണൻ, സെന്തിൽ, സുരേഷ് ചന്ദ്ര മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് സിനിമയുടെ സംഗീത സംവിധായകൻ. വിജയ് സേതുപതി-നയൻതാര ജോഡികളായ ഹിറ്റ് ചിത്രം ‘നാനും റൗഡി താൻ’ എന്ന സിനിമയ്ക്കുശേഷം വിഘ്നേശ് സംവിധായകനാവുന്ന ചിത്രം കൂടിയാണ് താനാ സേർന്ത കൂട്ടം. ജനുവരി 12ന് പൊങ്കൽ റിലീസായാണ് ചിത്രം എത്തുന്നത്.

മഹാനതി

ഒരേ സമയം മൂന്നു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മഹാനതി. ഒരു കാലത്ത് വെളളിത്തിരയിൽ വിസ്‌മയം സൃഷ്‌ടിച്ച നായിക സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സാവിത്രിയായി വെളളിത്തിരയിലെത്തുന്നത് കീർത്തി സുരേഷാണ്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവിതം പറയുന്ന സിനിമയിൽ ജെമിനി ഗണേശനാവുന്നത് ദുൽഖർ സൽമാനാണ്. സാമന്ത, മോഹൻ ബാബു, വിജയ് ദേവരക്കൊണ്ട എന്നിവരും ചിത്രത്തിലുണ്ട്. നാഗ് അശ്വിനാണ് സംവിധായകൻ. മാർച്ചോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

സാമി 2

ആറുസാമിയെന്ന പൊലീസ് ഓഫിസറായി വിക്രം എത്തിയപ്പോൾ ബോക്സോഫിൽ അത് പുതുചരിത്രമായി. ഹരി സംവിധാനം ചെയ്ത സാമി വിക്രമിന്റെ കരിയറിൽതന്നെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നായികയാവുന്നത് കീർത്തി സുരേഷാണ്. ആദ്യ ഭാഗത്തിൽ തൃഷയായിരുന്നു നായിക. രണ്ടാം ഭാഗത്തിലും തൃഷ നായികയാവുമെന്ന് വാർത്തകൾ വന്നെങ്കിലും ഒടുവിൽ കീർത്തിക്ക് നറുക്ക് വീഴുകയായിരുന്നു. ആറുസാമിയായി വിക്രം വീണ്ടും എത്തുമ്പോൾ ഒപ്പം കീർത്തിയുമുളളത് തമിഴ് ആരാധകർക്ക് ഇരട്ടി മധുരമാണ്. ജൂണിൽ സിനിമ റിലീസ് ചെയ്യും.

സണ്ടക്കോഴി 2

വിശാൽ നായകനായ സണ്ടക്കോഴി സിനിമയുടെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2. ആദ്യ ഭാഗത്തിൽ മീര ജാസ്മിനായിരുന്നു നായിക. 2005 ൽ പുറത്തിറങ്ങിയ സണ്ടക്കോഴി വൻ ഹിറ്റായിരുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത എൻ.ലിങ്കുസാമിയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. രണ്ടാം ഭാഗത്തിൽ വിശാലിന്റെ നായികയാവാൻ നറുക്ക് വീണത് കീർത്തിക്കാണ്. വിശാലിനൊപ്പം ആദ്യമായി ഒന്നിക്കുകയാണ് കീർത്തി. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

ദളപതി 62

വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 62. കത്തി സിനിമയ്ക്കുശേഷം വിജയ്‌യെ നായകനാക്കി എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ്‌യും മുരുകദോസും വീണ്ടും ഒന്നിക്കുമ്പോൾ അത് വൻ ഹിറ്റാകുമെന്ന് പറയേണ്ടതില്ല. ഈ ബിഗ് ബജറ്റ് ചിത്രത്തിലും നായിക കീർത്തി സുരേഷാണ്. വിജയ്‌യുടെ നായികയായി കീർത്തി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഭൈരവ സിനിമയിൽ വിജയ്‌യുടെ നായിക കീർത്തിയായിരുന്നു. ദളപതി 62 വിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

അജ്ഞാതവാസി

തെലുങ്കിൽ കീർത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് അജ്ഞാതവാസി. പവൻ കല്യാൺ ആണ് ചിത്രത്തിലെ നായകൻ. ലാവണ്യ എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. അനു ഇമ്മാനുവേൽ, ഖുശ്ബു എന്നിവരും സിനിമയിലുണ്ട്. ത്രവിക്രം ശ്രീനിവാസ് ആണ് സംവിധായകൻ. ജനുവരി 10 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ