മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് നടിയും മേനകയുടെ മകളുമായ കീർത്തി സുരേഷ്. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. എന്നാലും കീർത്തിയുടെ സോഷ്യൽ മീഡിയ പേജ് നോക്കിയാൽ, താരത്തെ മലയാളികൾ എത്ര സ്നേഹിക്കുന്നു എന്ന് അറിയാനാകും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. വിജയദശമി ദിനത്തിൽ തന്റെ ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മൂന്ന് കാര്യങ്ങൾ ചെയ്യുന്ന ചിത്രമാണ് കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിൽ ഒന്ന് വിജയദശമി ആഘോഷിക്കുക എന്നത് തന്നെയാണ്. രണ്ടാമത്തേത് നന്നായി വെള്ളം കുടിക്കുക എന്നും, മൂന്നാമത്തേത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുക എന്നതുമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ തന്റെ വളർത്തു നായ നൈക്കാണെന്ന് കീർത്തി മുൻപും പറഞ്ഞിട്ടു​ണ്ട്. നൈക്കിനേയും ചിത്രത്തിൽ കാണാം.

കൊറോണക്കാലത്ത് തന്നെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹവാർത്ത. കീർത്തിയും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച വാർത്തകളിൽ ഒന്ന്. വാർത്ത തെറ്റാണെന്നും തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവിൽ കീർത്തി തന്നെ രംഗത്തെത്തിയിരുന്നു.

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീർത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞതിങ്ങനെ. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീർത്തി പറഞ്ഞു.

Read More: അതെനിക്കുമൊരു സർപ്രൈസായിരുന്നു; വിവാഹവാർത്തയെ കുറിച്ച് കീർത്തി സുരേഷ്

ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. 2020 പകുതിയോടെ തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ദിൽ രാജുവാണ്.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. മാർച്ച് അവസാന ആഴ്ച തിയേറ്ററിൽ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook