തമിഴ് നടൻ നാനിയുടെ പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. അനവധി താരങ്ങൾ നാനിയ്ക്കു ആശംസകളുമായി എത്തിയിരുന്നു. തെന്നിന്ത്യൻ താരവും മലയാളിയുമായ കീർത്തി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നാനിയും കീർത്തിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ദസറ.’ മാർച്ച് 30നു റിലീസിനെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ഒന്നാണ്. ‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായ സന്തോഷം കീര്‍ത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു . ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. പിറന്നാൾ ആശംസകളറിയിച്ചാണ് കീര്‍ത്തി പോസ്റ്റ് പങ്കുവച്ചത്.
ലൊക്കേഷനിൽ നിന്ന് ഷട്ടിൽ കളിക്കുകയാണ് നാനിയും കീർത്തിയും. അവസാനം കീർത്തി ജയിക്കുമ്പോൾ അതു സമ്മതിച്ചു കൊടുക്കാതെ താനാണ് ജയിച്ചതെന്ന് പറയുകയാണ് നാനി. ടെക്ക്നിക്കലി ജയിച്ചത് ഞാനാണ് എന്നാണ് നാനി പറയുന്നത്. ഇതു കേട്ട് നാനിയുമായി അടികൂടുന്ന കീര്‍ത്തിയെ വീഡിയോയിൽ കാണാം.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.
തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.