തെന്നിന്ത്യൻ സിനിമയിലെ തിളങ്ങുന്ന താരമാണ് കീർത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങി എല്ലാ ഇൻഡസ്ട്രികൾക്കും ഏറെ സുപരിചിതമായ മുഖമാണ് കീർത്തി സുരേഷിന്റേത്. കീർത്തിയുചെ പുതിയ ചിത്രമായ ‘ദസറ’ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ച സന്തോഷം പങ്കിടുകയാണ് കീർത്തി സുരേഷ്. മാർച്ച് 30 നാണ് ദസറ തിയേറ്ററുകളിലെത്തിയത്.
മുഖംമൂടിയാൽ മുഖം മറച്ചൊരു ചിത്രവും കീർത്തി ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ദസറയിലെ നായകനായ നാനിയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളും.
മലയാളികൾക്കു ഏറെ സുപരിചിതമായൊരു താരകുടുംബമാണ് സുരേഷ് കുമാർ- മേനക ദമ്പതികളുടേത്. മക്കളായ കീർത്തിയും രേവതിയും അഭിനയത്തിലും സംവിധാനത്തിലും മികവു തെളിയിച്ച് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്.
തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.