തെന്നിന്ത്യയിലെ തിളങ്ങും താരമാണ് നടി കീർത്തി സുരേഷ്. ‘ദസറ’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കീർത്തി ഇപ്പോൾ. നാനിയാണ് ചിത്രത്തിലെ നായകൻ. ‘ദസറ’യുടെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കുവയ്ക്കുകയാണ് കീർത്തി. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിലുകളും കീർത്തി ഷെയർ ചെയ്തിട്ടുണ്ട്. “ചില സിനിമകൾ നിങ്ങളുടെ വാതിലിൽ മുട്ടി പറയും – ‘ഹേയ്, ഞാൻ നിന്റെ തൊപ്പിയിൽ ഒരു തൂവലായിരിക്കും’. അതാണ് എനിക്ക് ദസറ. സ്നേഹം, വെണ്ണേല,” ഇൻസ്റ്റഗ്രാം കുറിപ്പിൽ കീർത്തി പറയുന്നു.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.
തെലുങ്കിലും തമിഴിലുമായി കൈനിറയെ പടങ്ങളാണ് കീർത്തിയെ കാത്തിരിക്കുന്നത്. തമിഴില്‍ ജയം രവി നായകനാകുന്ന ‘സൈറണ്‍’ എന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക. ആന്റണി ഭാഗ്യരാജ് ആണ് സംവിധായകൻ. ‘ഭോലാ ശങ്കര്‍’ എന്നൊരു തെലുങ്ക് ചിത്രവും കീർത്തിയുടേതായി അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. കീർത്തിയുടെ ‘ടമാമന്നൻ’ എന്ന തമിഴ് ചിത്രവും ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.