മലയാളികൾക്കു ഏറെ സുപരിചിതമായൊരു താരകുടുംബമാണ് സുരേഷ് കുമാർ- മേനക ദമ്പതികളുടേത്. മക്കളായ കീർത്തിയും രേവതിയും അഭിനയത്തിലും സംവിധാനത്തിലും മികവു തെളിയിച്ച് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇളയമകളും തെന്നിന്ത്യൻ നടിയുമായ കീർത്തി സുരേഷ്. ആരാധകർക്കായി ചിത്രങ്ങളും വീഡിയോയും കീർത്തി പങ്കുവയ്ക്കാറുണ്ട്.സുരേഷിൻെറയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങളാണ് കീർത്തി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
ഇരുവരുടെയും പിറന്നാൾ ഒന്നിച്ചാഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഏറ്റവും റൊമാൻറികായ കപ്പിളിനു പിറന്നാളാശംസകൾ’ എന്നാണ് കീർത്തി ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കേക്കു മുറിച്ച് പരസ്പരം പങ്കിടുന്ന മേനകയെയും സുരേഷിനെയും ചിത്രങ്ങളിൽ കാണാം. അനവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മേനക 1987 ലാണ് നിർമ്മാതാവായ സുരേഷ് കുമാറിനെ വിവാഹം ചെയ്തത്. സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും മേനക തൻെറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിർമ്മാണ രംഗത്തു മാത്രം നിൽക്കാതെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് സുരേഷ് കുമാർ.