കീർത്തി സുരേഷിന്റെ പുതിയ തെലുങ്ക് സിനിമയാണ് ‘സർക്കാരു വാരി പട്ട’. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. സിനിമയിലെ ‘കാലാവതി’ എന്ന ഗാനം ഇതിനോടകം വൻ ഹിറ്റായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലരും ‘കാലവതി ചലഞ്ചു’മായി വരുന്നുണ്ട്.
കീർത്തി സുരേഷും കാലാവതി ചലഞ്ചിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കാലാവതി’ ഗാനം പാടിയ സിദ് ശ്രീറാം അടക്കമുള്ളവരോട് ചലഞ്ച് ഏറ്റെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അനന്ദ ശ്രീറാമിന്റെ വരികള്‍ക്ക് എസ്.തമൻ ആണ് ‘കാലാവതി’ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വാലന്റൈൻസ് ഡേയിലാണ് ഈ ഗാനം സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയിലെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് ‘കാലാവതി’. യൂട്യൂബിലും 35 മില്യൻ കാഴ്ചക്കാരുമായി ഗാനം ട്രെൻഡിങ്ങിലാണ്. കാലാവതി പോലെ ‘സർക്കാരു വാരി പട്ട’യിലെ മറ്റു ഗാനങ്ങളും മഹേഷ് ബാബു ആരാധകർക്ക് വിരുന്നാകുമെന്നാണ് തമൻ ഉറപ്പു നൽകിയിരിക്കുന്നത്. മേയ് 12 നാണ് സിനിമ റിലീസിന് എത്തുക.
രണ്ടു വർഷത്തിനുശേഷമാണ് മഹേഷ് ബാബുവിന്റെ സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അനില്‍ രവിപ്പുഡിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ കോമഡി ചിത്രം ‘സരിലേറു നീകേവ്വറു’വാണ് മഹേഷ് ബാബുവിന്റേതായി തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. 2020 ജനുവരി 11 നാണ് സിനിമ റിലീസായത്. നീണ്ട ഇടവേളയ്ക്കുശേഷമെത്തുന്ന താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
Read More: ശങ്കറിനും കുടുംബത്തിനുമൊപ്പം കീർത്തി സുരേഷ്; ചിത്രങ്ങൾ